മലപ്പുറം: മഞ്ചേരിയിൽ ലോറി ഓട്ടോറിക്ഷകളിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്ന രാമംപുറം സ്വദേശിയായ നടുക്കണ്ടി റഫീഖ് (36), നെല്ലിക്കുന്ന് സ്വദേശി ഫിറോസിന്റെ മകൻ റബാഹ് (10) എന്നിവരാണ് മരിച്ചത്. മഞ്ചേരി-പാണ്ടിക്കാട് റോഡിൽ മരങ്കുളത്താണ് ഞായറാഴ്ച അപകടമുണ്ടായത്.
മഞ്ചേരിയിൽ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറി ബ്രേക്കിടുന്നതിനിടെ നിയന്ത്രണം വിട്ട് രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു. ആദ്യത്തെ ഓട്ടോറിക്ഷയിൽ റഫീഖ് ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ സാധിച്ചു. രണ്ടാമത്തെ ഓട്ടോറിക്ഷയിലാണ് റബാഹ് ഉണ്ടായിരുന്നത്. റബാഹിനൊപ്പമുണ്ടായിരുന്ന മൂന്ന് കുടുംബാംഗങ്ങൾ ഗുരുതരപരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.