CrimeNEWS

മോഷ്ടാവിനെ കൊലപ്പെടുത്തിയ സംഭവം: ഗൃഹനാഥനെ റിമാന്‍ഡ് ചെയ്തു

ഇടുക്കി: ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽ മോഷ്ടാവിനെ കൊലപ്പെടുത്തിയ കേസിൽ മോഷണം നടന്ന വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മണ്ണാറിൽ ഓട്ടോ ഡ്രൈവറായ കൊന്നക്കാപ്പള്ളിൽ രാജേന്ദ്രനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് കൊല്ലപ്പെട്ടത്.

രാജേന്ദ്രൻറെ വീട്ടിൽ മോഷണം നടത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെയാണ് ജോസഫ് കൊലപ്പെട്ടത്. മോഷണത്തിനു ശേഷം ജോസഫ് പുറത്തിറങ്ങിയപ്പോൾ കതക് അടയുന്ന ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നു. ഉടൻ ഭാര്യയെ വിളിച്ചുണർത്തി. വീട്ടിനുള്ളിലെ രണ്ടു ബാഗുകൾ വർക്ക് എരിയയിൽ കിടക്കുന്നത് കണ്ടപ്പോൾ മോഷണം നടന്നതായി മനസ്സിലായി. പ്രസവത്തിനെത്തിയ മകളുടെ 25 പവനോളം സ്വർണം ഇവിടെയുണ്ടായിരുന്നു.

Signature-ad

ഇത് നഷ്ടപ്പെട്ടെന്ന് കരുതി രാജേന്ദ്രൻ പുറത്തിറങ്ങി തെരച്ചിൽ തുടങ്ങി. അപ്പോഴാണ് വഴിയിലൂടെ ഒരാൾ നടന്നു പോകുന്നത് കണ്ടത്. ശബ്ദമുണ്ടാക്കാതെ പിന്നിലെത്തി ഇയാളെ കടന്നു പിടിച്ചു. കുതറി രക്ഷപെടാൻ ശ്രമിച്ചപ്പോൾ കഴുത്തിനു ബലമായി പടിമുറുക്കി. ഈ പിടുത്തതിൽ കഴുത്തിലെ എല്ലു തകർന്ന് ശ്വസനാളത്തിലെത്തി ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റു മോർട്ടത്തിൽ കണ്ടെത്തിയത്.

രക്ഷപെടാൻ ജോസഫ് രാജേന്ദ്രൻറെ മുഖത്ത് കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഇത് ശരിയാണെയെന്നറിയാണ് രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് പോലീസ് സർജനെക്കൊണ്ട് പരിശോധന നടത്തിയത്. വീട്ടിലുണ്ടായിരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടില്ല. കൊലപാതകക്കുറ്റമാണ് രാജേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. വീട്ടിലും സംഭവ സ്ഥലത്തുമെത്തിച്ച് തെളിവെടുപ്പി നടത്തി. കൊല നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും കണ്ടെടുത്തു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: