KeralaNEWS

സജി ചെറിയാന്റെ വകുപ്പുകള്‍ മറ്റൊരു മന്ത്രിക്ക് കൈമാറും; പുതിയ മന്ത്രി വേണ്ടെന്ന് പ്രാഥമിക ധാരണ

തിരുവനന്തപുരം: ഭരണഘടനയെ സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയതിനെത്തുടര്‍ന്ന് രാജിവച്ച മന്ത്രി സജി ചെറിയാനു പകരം ഉടന്‍ മറ്റൊരു മന്ത്രി ഉണ്ടാകില്ലെന്നു സൂചന. മന്ത്രിയുടെ ചുമതലകള്‍ നിലവിലെ മറ്റൊരു മന്ത്രിക്ക് കൈമാറാനാണ് തീരുമാനം. പുതിയ മന്ത്രി വേണ്ടെന്നാണ് പാര്‍ട്ടിയിലെ ധാരണ.

ഇപ്പോഴത്തെ വിവാദങ്ങളും നിയമ പ്രതിസന്ധികളും മറികടന്ന് തിരികെ വരാനുള്ള വഴി സജി ചെറിയാനായി തുറന്നിടുന്നതാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തല്‍. ഒന്നാം പിണറായി മന്ത്രിസഭയില്‍ ഇപി ജയരാജനും രാജിവെച്ച ശേഷം മടങ്ങി വന്നിരുന്നു. അത്തരമൊരു അവസരം സജി ചെറിയാന് ലഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. കോടതിയുടെ ഇടപെടലും വിധിയും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

Signature-ad

ഭരണഘടനയ്ക്ക് എതിരായ പരാമര്‍ശങ്ങളെ തുടര്‍ന്നുള്ള വിവാദത്തില്‍ മന്ത്രി സജി ചെറിയാനെതിരെ നടപടി വൈകുന്നതില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇത് അറിയിച്ചതിന് പിന്നാലെയാണ് സിപിഎം മന്ത്രിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രി സജി ചെറിയാനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. പിന്നാലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് കൊണ്ടുള്ള കത്ത് കൈമാറി.

തുടര്‍ന്ന് ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് അദ്ദേഹം മടങ്ങിയത്. രാജി തീരുമാനം തന്റെ സ്വതന്ത്രമായ തീരുമാനമാണെന്നായിരുന്നു സജി ചെറിയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന മീഡിയ റൂമില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ താന്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ വിമര്‍ശിച്ചെന്ന രീതിയിലാണ് വാര്‍ത്ത പുറത്തുവന്നതെന്നും അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയില്‍ വ്യക്തമാക്കിയതാണ്. ഞാനടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുത്തതാണ് സിപിഎമ്മും ഇടതുപക്ഷവും. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയില്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നീതിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ വരെ അട്ടിമറിക്കപ്പെടുകയുണ്ടായി. ഞാനടങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇതിനെതിരെ ശക്തമായി നിലകൊണ്ടു. അടിയന്തിരാവസ്ഥ, പൗരത്വ നിയമഭേദഗതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതടക്കമുള്ള പ്രശ്‌നങ്ങളില്‍ എന്റെ പ്രസ്ഥാനം മുന്നില്‍ നിന്നു. കോണ്‍ഗ്രസും ബിജെപിയും ആണ് ഇതിന്റെയെല്ലാം കാരണക്കാരെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഭരണഘടന സംരക്ഷിക്കണമെന്ന ആഹ്വാനങ്ങള്‍ക്കിടെയുണ്ടായ വിവാദം ദേശീയതലത്തില്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണെന്നാണ് ദില്ലിയിലെ വിലയിരുത്തല്‍. ബിജെപി സര്‍ക്കാര്‍ ഭരണഘടന മൂല്യങ്ങള്‍ അട്ടിമറിക്കുന്നു എന്നാണ് ദേശീയതലത്തില്‍ സിപിഎം പ്രചാരണം. ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പാക്കാനുള്‍പ്പടെ വിശാല വേദി രൂപീകരിക്കണം എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിനറെയും ആഹ്വാനം. ഇതിനിടെ കേരളത്തില്‍ മന്ത്രിയായിരിക്കുന്ന പാര്‍ട്ടി നേതാവ് ഭരണഘടനയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പാര്‍ട്ടിയെ ദേശീയ തലത്തിലും പ്രതിരോധത്തിലാക്കിയിരുന്നു. സംസ്ഥാന നേതാക്കളുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിച്ചിരുന്നു. പ്രസ്താവന അനാവശ്യം എന്നായിരുന്നു അവൈലബിള്‍ പിബിയുടെയും വിലയിരുത്തിയത്.

Back to top button
error: