KeralaNEWS

‘ദേശീയ സാഹചര്യം മനസ്സിലാക്കാതെയുളള യുഡിഎഫ്-എല്‍ഡിഎഫ് പോര് നിര്‍ഭാഗ്യകരം’: തോമസ് ഐസക്

മനാമ: യുഡിഎഫും എല്‍ഡിഎഫും തമ്മിലിപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ നിര്‍ഭാഗ്യകരമാണെന്ന് മുന്‍ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഡോ. തോമസ് ഐസക്. ദേശീയ രാഷ്ടീയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതെയാണ് ഈ ഏറ്റുമുട്ടലെന്ന് ബഹ്റൈനില്‍ സന്ദര്‍ശനത്തിനെത്തിയ തോമസ് ഐസക് അഭിപ്രായപ്പെട്ടു.

ഇടതുവലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്ന കേരളത്തില്‍ അഞ്ചാം വര്‍ഷമാകുമ്പോള്‍ പ്രതിപക്ഷം ഇങ്ങനെയൊക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ഇത്തരമൊരു ഏര്‍പ്പാട് ആദ്യമാണ്. കോണ്‍ഗ്രസിന് ഇതില്‍ ഉത്തരവാദിത്വമുണ്ട്. മുഖ്യമന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യാത്തത് ബി.ജെ.പിയുമായുളള ബന്ധത്തിന്റെ തെളിവാണെന്നൊക്ക കേരളത്തിലെ കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിയെ കൊണ്ട് പറയിപ്പിക്കുന്നതാണ്. ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം ഉയര്‍ന്നുവരുന്നതിനെയാണ് ഇത് ബാധിക്കുക. മൂക്കിനപ്പുറം കാണാനുളള ദീര്‍ഘ വീക്ഷണം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

Signature-ad

രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ കയറിയത് തെറ്റായതു കൊണ്ടാണ് വയനാട്ടിലെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിക്കെതിരെ നടപടിയുണ്ടായത്. തല്ലിപ്പൊളിച്ചുവെന്നത് തെറ്റായ പ്രചാരണമാണെങ്കിലും ഓഫീസില്‍ കയറിയത് തെറ്റാണ്. ഒരു പാര്‍ട്ടിയുടെ ഓഫീസിലും മറ്റേ പാര്‍ട്ടിക്കാര്‍ അതിക്രമിച്ചു കയറരുത്. കേരളത്തില്‍ പാലിച്ചു വരുന്ന മര്യാദക്ക് വിരുദ്ധമാണത്. ആ കുട്ടികള്‍ ചെയ്തത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞു. കോണ്‍ഗ്രസ് ചെയ്തിട്ടുളള എന്തെങ്കിലും തെറ്റ് അവര്‍ തെറ്റായെന്ന് പറഞ്ഞിട്ടുണ്ടോ ? തെറ്റുണ്ടായാല്‍ അതിനെ പ്രോത്സാഹിപ്പിക്കാതെ എല്ലാവരും ഉത്തരവാദിത്തോടെ പെരുമാറണം. ഇതിനെതിരെയുളള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം നന്നായി. രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ പ്രതികരണം ഇഷ്ടമായില്ലെന്ന് അവരുടെ ഭാവങ്ങളില്‍ നിന്നും ശരീര ഭാഷയില്‍ നിന്നും വ്യക്തമായിരുന്നു. അതു കൊണ്ടായിരിക്കണം തിരിച്ചു പോകാന്‍ നേരത്ത് രാഹുല്‍ ഗാന്ധിയെക്കൊണ്ട് മുഖ്യമന്ത്രിക്കെതിരെ പറയിപ്പിച്ചത്. ബി.ജെ.പി. ക്കെതിരെ ദേശീയ തലത്തില്‍ മുന്നണിയുണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് എങ്ങനെയാണ് അപക്വമായ ഇത്തരമൊരു ആക്ഷേപം ഇത്ര ലാഘവത്തോടെ ഉന്നയിക്കാന്‍ പറ്റുന്നത്?

രാജസ്ഥാനില്‍ മൃഗീമായ കൊലപതാകം ബി.ജെ.പി പിന്തുണയൊടെയാണെന്നതിന്റെ തെളിവുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പ്രതികള്‍ ബി.ജെ.പിയില്‍ നുഴഞ്ഞുകയറിയവരാണെന്നൊക്കെയുളള വിശദീകരണം അവിശ്വസനീയമാണ്. ബി.ജെ.പി അങ്ങോട്ട് പോയി സ്വീകരിച്ചാനയിച്ചവര്‍ എങ്ങനെ നുഴഞ്ഞു കയറിവരാകും.
ഇന്ത്യയില്‍ ആദ്യമായിട്ട് രാജ്യത്തിന്റെ വൈവിധ്യത്തില്‍ വിശ്വാസമില്ലാത്ത ഒരു ഭരണകൂടം അധികാരത്തില്‍ വന്നിരിക്കുകയാണ്. എല്ലാ വൈവിധ്യങ്ങളെയും ഇല്ലാതാക്കി ഒന്നിലേക്ക് ചുരുക്കാന്‍ ശ്രമം നടക്കുകയാണ്. അതിന് എതിരായി നില്‍ക്കുന്നത് ഏതാനും സംസ്ഥാനങ്ങള്‍ മാത്രമാണ്. പുറത്തുളള അരക്ഷിതാവസ്ഥ നോക്കുമ്പോള്‍ കേരളത്തില്‍ എല്ലാവരും സുരക്ഷിതരാണ്.

ജി.എസ്.ടി സംസ്ഥാനങ്ങളുടെ നികുതിയധികാരം ഇല്ലാതാക്കിയെന്ന് തോമസ് ഐസ്‌ക് പറഞ്ഞു. ജി.എസ്.ടി കൗണ്‍സിലിന്റെ പ്രവര്‍ത്തനം ജനാധിപത്യപരമാക്കണം. വൈസ് ചെയര്‍മാന്‍ സ്ഥാനം പ്രതിപക്ഷത്തിനു നല്‍കണം. സംസ്ഥാനങ്ങള്‍ക്കും സ്ഥാനം നല്‍കണം. പരാതി പരിഹാരത്തിന് സംവിധാനമുണ്ടാകണം. ഭരണഘടനാ സ്ഥാപനങ്ങളെയൊക്കെ ബി.ജെ.പി വരുതിയിലാക്കിക്കൊണ്ടിരിക്കുന്നതിന്റെ തെളിവാണ് കോടതി വിധികളില്‍ പ്രതിഫലിക്കുന്നത്. ജി.എസ്.ടി കൗണ്‍സില്‍ തുടര്‍ച്ചയായി ആറുമാസം യോഗം ചേരാത്തതിനെയൊക്കെ എങ്ങനെയാണ് ന്യായീകരിക്കുക.. തോന്നിയ രൂപത്തില്‍ നികുതി കൂട്ടുകയും കുറക്കുകയുമാണ് ചെയ്യുന്നത്. കേരളത്തില്‍ വര്‍ഗീയതക്കെതിരെ പ്രചാരണ പരിപാടികളുമായി സി.പി.എം മുന്നോട്ടു പോകുകയാണ്. വലതുപക്ഷ വത്കരണത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ 35000 യോഗങ്ങള്‍ സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: