തിരുവനന്തപുരം: സ്പെഷല്‍ ആംഡ് പോലീസ്, മലബാര്‍ സ്പെഷല്‍ പോലീസ് ബെറ്റാലിയനുകളില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ 99 ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളാണ് ആറു മാസത്തെ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്.
അടിസ്ഥാന പോലീസ് പരിശീലനത്തിന് പുറമെ പുതുതലമുറ വാഹനങ്ങളുടെ ഉപയോഗം, പരിപാലനം, വി.വി.ഐ.പി. സുരക്ഷാ ഡ്യൂട്ടി, എസ്‌കോര്‍ട്ട് ഡ്യൂട്ടി എന്നിവയ്ക്ക് ആവശ്യമായ പ്രത്യേക പരിശീലനവും ഇവര്‍ക്കു ലഭിച്ചു. ബിരുദാനന്തര ബിരുദം-മൂന്ന്, എം.ടെക്-ഒന്ന്, എം.ബി.എ.-ഒന്ന്, ബി.ടെക്- അഞ്ച്, ബി.എഡ്-രണ്ട്, ബിരുദം-36, ഡിപ്ലോമ- 13, ഐ.ടി.ഐ-16 യോഗ്യതയുള്ളവരാണു പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങള്‍.
പരേഡില്‍ 99 സേനാംഗങ്ങള്‍ നാലു പ്ലാറ്റൂണുകളിലായി അണിനിരന്നു. സി.കെ. അനില്‍കുമാര്‍ പരേഡ് നയിച്ചു. സി അനന്ദു ബാബു സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. സ്പെഷല്‍ ആംഡ് പോലീസ് ബെറ്റാലിയനില്‍നിന്നു ബി. പ്രവീണ്‍, വി. ശരത്, വി.എ. ബിനു രാജ് എന്നിവര്‍ യഥാക്രമം ബെസ്റ്റ് ഔട്ട്ഡോര്‍, ബെസ്റ്റ് ഇന്‍ഡോര്‍, ബെസ്റ്റ് ഷൂട്ടര്‍ വിഭാഗങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
മലബാര്‍ സ്പെഷല്‍ പോലീസിലെ സി. അനന്ദു ബാബു, എം.എസ്. മിഥുന്‍, കെ. സജിത്ത്ലാല്‍ എന്നിവര്‍ യഥാക്രമം ബെസ്റ്റ് ഔട്ട്ഡോര്‍, ബെസ്റ്റ് ഇന്‍ഡോര്‍, ബെസ്റ്റ് ഷൂട്ടര്‍ ബഹുമതികള്‍ നേടി. വി. ശരത്, സി. അനന്ദു ബാബു എന്നിവര്‍ യഥാക്രമം സ്പെഷല്‍ ആംഡ് പോലീസ്, മലബാര്‍ സ്പെഷല്‍ പോലീസ് എന്നിവിടങ്ങളിലെ ഓള്‍റൗണ്ടര്‍മാരായി. പരിശീലന കാലയളവില്‍ മികവു പുലര്‍ത്തിയ സേനാംഗങ്ങള്‍ക്കുള്ള ട്രോഫികള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. തിരുവനന്തപുരം എസ്.എ.പി. ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ബെറ്റാലിയന്‍ എ.ഡി.ജി.പി: കെ. പത്മകുമാര്‍, മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.