കുവൈത്ത് സിറ്റി: സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച പുരുഷന് പിടിയില്‍. തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്. കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട മൂന്ന് പ്രവാസി വനിതകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹവല്ലിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകള്‍ക്കിടെയായിരുന്നു ഇവരെ പിടികൂടിയത്.
തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവര്‍ മൂന്ന് പേരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്. പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത തരത്തില്‍ നാടുകടത്തുകയുമാണ് ചെയ്യുന്നത്. ആയിരക്കണക്കിന് പ്രവാസികളെ ഇത്തരത്തില്‍ ഇതിനോടകം നാടുകടത്തിക്കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആറു മാസത്തിനിടെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തി. സുരക്ഷാ വകുപ്പകളെ ഉദ്ധരിച്ച് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളില്‍ 2022 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെ പിടിയിലായവരുടെ കണക്കാണിത്.
ചെറിയ വരുമാനക്കാരും ബാച്ചിലേഴ്സ് അക്കൊമഡേഷനുകളില്‍ താമസിക്കുന്നവരുമാണ് പരിശോധനകളില്‍ പിടിയിലായവരില്‍ അധിക പേരുമെന്ന് അല്‍ സിയാസ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീബ് അല്‍ ശുയൂഖ്, മഹ്ബുല, ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, ബുനൈദ് അല്‍ ഗാര്, വഫ്റ ഫാംസ്, അബ്ദലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് നിരവധിപ്പേരെ അറസ്റ്റ് ചെയ്തത്.