തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകളിലും സര്‍ട്ടിഫിക്കറ്റ് വിതരണത്തിലും സമഗ്രമാറ്റം ശുപാര്‍ശചെയ്ത് പരീക്ഷാ പരിഷ്കരണ കമ്മീഷന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുകയും പരമാവധി പതിനഞ്ചു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് കമ്മീഷന് ചെയര്മാന് പ്രഫ. സി ടി അരവിന്ദകുമാര്‍ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര് ബിന്ദു റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. കമ്മീഷനംഗങ്ങളും ഓരോ സര്‍വ്വകലാശാലയിലെയും വിവരവിനിമയ-സാങ്കേതിക വിദഗ്ദ്ധരും ചേര്‍ന്നുള്ള നിര്‍വ്വഹണസമിതി രൂപീകരിച്ച് എത്രയും വേഗം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുടെ നടത്തിപ്പിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ ശേഷം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച മൂന്നു കമ്മീഷനുകളില്പ്പെട്ടതാണ് പരീക്ഷാ പരിഷ്കരണ കമ്മീഷന്. കമ്മീഷന് ചെയര്മാന് പ്രഫ. സി ടി അരവിന്ദകുമാര്‍ (പ്രോ വൈസ് ചാന്‍സലര്‍, എം ജി സര്‍വ്വകലാശാല) , കമ്മീഷന് അംഗങ്ങളായ ഡോ. കെ അനില്‍കുമാര്‍ (രജിസ്ട്രാര്‍, കേരള സര്‍വ്വകലാശാല), ഡോ. എ പ്രവീണ്‍ (രജിസ്ട്രാര്‍, കെ.ടി.യു), ഡോ. സി എല്‍ ജോഷി (മുന്‍ രജിസ്ട്രാര്‍, കലിക്കറ്റ് സര്‍വ്വകലാശാല) എന്നിവരും ചേര്‍ന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു സന്നിഹിതനായിരുന്നു. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെയും സര്‍വ്വകലാശാലാ നിയമ പരിഷ്കരണ കമ്മീഷന്റെയും റിപ്പോര്‍ട്ടുകളും അന്തിമഘട്ടത്തിലാണെന്നും ഉടന്‍ ലഭിക്കുമെന്നും മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു.