ദില്ലി: ജി ഏഴ് ഉച്ചകോടിക്ക് ഇന്ന് ജർമ്മനിയിൽ തുടക്കം. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പങ്കെടുക്കും. ഇന്ന് തുടങ്ങുന്ന ഉച്ചകോടി നാളെയാകും അവസാനിക്കുക. തിങ്കളാഴ്ച്ച വരെ ഉച്ചകോടിയുടെ ഭാഗമായി ജർമ്മനി സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ നരേന്ദ്രമോദി സംസാരിക്കും. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി സംസാരിക്കും. യൂറോപ്പിലെ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
I'll be visiting Schloss Elmau, Germany at invitation of Chancellor of Germany Olaf Scholz, for G7 Summit under German Presidency. It'll be a pleasure to meet Chancellor after a productive India-Germany Inter-Governmental Consultations: PM Modi ahead of his visit to Germany & UAE pic.twitter.com/ep8QwRegQ4
— ANI (@ANI) June 25, 2022
ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ജർമ്മനിയിൽ നിന്നും പ്രധാനമന്ത്രി ജൂൺ 28 ന് യുഎഇയിലെത്തും. യു എ ഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്താനും പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനുമാണ് മോദിയുടെ യു എ ഇ സന്ദർശനം. നുപുർ ശർമ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ യു എ ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യു എ ഇയിലേക്ക് എത്തുന്നതെന്നതും ശ്രദ്ധേയമാണ്.