മലപ്പുറം: സിലണ്ടറില്‍നിന്ന് ഗ്യാസ് ചോര്‍ത്തി മറിച്ചുവില്‍പ്പന നടത്തിവന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ സബോ സച്ചിന്‍,ഹര്‍ദന്‍ ബെഹ്റ എന്നിവരാണ് പിടിയിലായത്. മുഖ്യ പ്രതിക്കായ് പൊലീസ് അന്വേഷണം ആരംഭിച്ചു. ചങ്ങരംകുളത്തുവച്ചാണ് ഗ്യാസ് സിലിണ്ടറുകള്‍ തൂക്കം കുറച്ച് മറിച്ച് വില്‍പന നടത്തുന്ന സംഘംപിടിയിലായത്. ചെളിവെള്ളം ചൂടാക്കി പ്രഷര്‍ കുറച്ച് മറ്റൊരു സിലിണ്ടറില്‍ മാറ്റി റീഫില്‍ ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി.
ചങ്ങരംകുളം ചിയ്യാനൂരില്‍ ആളൊഴിഞ്ഞ പ്രദേശം കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. രണ്ട് പേരാണ് ഇവിടെ ജോലിക്കുള്ളത്. ഒഴിഞ്ഞ സ്ഥലത്തേക്ക് ഭാരത് ഗ്യാസ് വാഹനം സ്ഥിരമായി പോകുന്നത് ശ്രദ്ധയില്‍ പെട്ട വാര്‍ഡ് മെമ്പറും പ്രദേശത്തെ സിവില്‍ പോലീസ് ഓഫീസറും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
20 ദിവസം മുമ്പാണ് കേന്ദ്രം ആരംഭിച്ചതെന്ന് പിടിയിലായ ഇരുവരും പോലീസിനോട് പറഞ്ഞു. അതെ സമയം തട്ടിപ്പിന് പിന്നിലെ നടത്തിപ്പുകാരനെ പിടികൂടാന്‍ പോലീസിനായിട്ടില്ല ചങ്ങരംകുളം മാന്തറ സ്വദേശി ബാബു എന്ന വ്യക്തിയാണ് ഉടമ എന്നാണ് പ്രാഥമിക വിവരം.പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി അനുസരിച്ച് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.ഇയാളെ പിടികൂടിയാല്‍ മാത്രമെ സംഘത്തിന്റെ പ്രവര്‍ത്തന രീതിയും ,കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തവരൂ. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.