NEWSWorld

‘ഇമ്രാൻ ഖാൻറെ രോമത്തിന് എന്തെങ്കിലും സംഭവിച്ചാൽ ചാവേർ ആക്രമണംനടത്തും’; ഭീഷണിയുമായി പാക് എംപി

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ വധഗൂഢാലോചന നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ചാവേര്‍ ആക്രമണ ഭീഷണിയുമായി പാകിസ്താന്‍ എംപി. ഇമ്രാന്‍ ഖാന്റെ ഒരു രോമത്തിനു പോലും എന്തെങ്കിലും സംഭവിച്ചാല്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക് ഇ- ഇന്‍സാഫ് (പി.ടി.ഐ.)ന്റെ എംപി അത്തൗല്ല സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ ഭീഷണി മുഴക്കി.

‘ഇമ്രാന്‍ ഖാന്റെ തലയിലെ ഒരു മുടിയിഴയ്‌ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യംഭരിക്കുന്നവരോ അവരുടെ മക്കളോ ബാക്കിയുണ്ടാവില്ല. നിങ്ങള്‍ക്കെതിരേ ആദ്യം ചാവേര്‍ ആക്രമണം നടത്തുന്നത് ഞാനായിരിക്കും. നിങ്ങളെ ആരെയും വെറുതെവിടില്ല. ഇതേപോലെ പ്രവര്‍ത്തിക്കാന്‍ ഞങ്ങളുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുകയാണ്’, അത്തൗല്ല വീഡിയോയില്‍ പറയുന്നു.

Signature-ad

ഇമ്രാന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി അദ്ദേഹത്തിന്റെ അനന്തരവന്‍ ഹസ്സന്‍ നിയാസിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.’ പി.ടി.ഐ. അധ്യക്ഷന്‍ കൂടിയായ ഇമ്രാന് എന്തെങ്കിലും സംഭവിച്ചാല്‍ അത് പാകിസ്താന് എതിരായ ആക്രമണമായാണ് കണക്കാക്കുക. ആക്രമണോത്സുകമായ പ്രതികരണമായിരിക്കും ഉണ്ടാവുക. ആക്രമണം നടത്തിയവര്‍ പശ്ചാത്തപിക്കേണ്ടിവരും’, നിയാസി മുന്നറിയിപ്പ് നല്‍കി.

ഇമ്രാന്‍ ഖാനെ വധിക്കാന്‍ പദ്ധതി ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസംതന്നെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂട്ടംചേരുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളതായും പോലീസ് വ്യക്തമാക്കിയിരുന്നു. കൂടാതെ സുരക്ഷാ ഏജന്‍സികള്‍ക്ക് അതീവജാഗ്രതാനിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഇസ്ലാമാബാദിലെ പ്രധാനപ്പെട്ട ജനവാസ കേന്ദ്രങ്ങളിലൊന്നായ ബാനി ഗാലയില്‍ ഇമ്രാന്‍ ഖാന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്ന സൂചനകള്‍ക്കിടെയാണ് വധഭീഷണി ഉയര്‍ന്നത്. നിയമാനുസൃതമായ എല്ലാ സുരക്ഷയും ഇസ്ലാമാബാദ് പോലീസ് ഇമ്രാന് നല്‍കുമെന്നും അദ്ദേഹത്തിന്റെ സുരക്ഷാസംഘങ്ങളില്‍നിന്ന് തിരിച്ചുള്ള സഹകരണം പ്രതീക്ഷിക്കുന്നതായും പോലീസ് പറഞ്ഞു.

Back to top button
error: