വഡോദര: സ്വയം വിവാഹിതയാകാനുള്ള യുവതിയുടെ തീരുമാനത്തിനെതിരെ ബിജെപി വനിതാ നേതാവും വഡോദര മുൻ ഡെപ്യൂട്ടി മേയറുമായ സുനിത ശുക്ല. കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്റയും യുവതിയുടെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. വഡോദര സ്വദേശിയായ 23കാരി ക്ഷമ ബിന്ദു എന്ന യുവതിയാണ് സ്വയം വിവാഹിതയാകുകയാണെന്ന് പ്രഖ്യാപിച്ചത്. ജൂൺ 11 ന് വഡോദരയിലെ ഹരിഹരേശ്വർ ക്ഷേത്രത്തിൽ വെച്ച് സ്വയം വിവാഹം കഴിക്കുമെന്ന് പ്രഖ്യാപിച്ചത്. കനേഡിയൻ വെബ് സീരീസായ ‘ആൻ വിത്ത് ആൻ ഇ’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സോളോഗാമി തെരഞ്ഞെടുക്കുന്നതെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ, ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണെന്നും ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കുമെന്നും ബിജെപി നേതാവ് സുനിത ശുക്ല പറഞ്ഞു. ക്ഷേത്രത്തിൽ വെച്ച് ഇത്തരമൊരു വിവാഹത്തിന് അനുവദിക്കില്ലെന്നും ബിജെപി നേതാവ് അവർ പറഞ്ഞു. നേരത്തെ ക്ഷമയുടെ തീരുമാനത്തെ കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്റയും വിമർശിച്ചിരുന്നു. ഭ്രാന്തെന്നാണ് മിലിന്ദ് ദേവ്റ പറഞ്ഞത്.
ഓരോ സ്ത്രീയും വധുവാകാൻ ആഗ്രഹിക്കുമെന്നും എന്നാൽ ഭാര്യയാകണമെന്നില്ലെന്നും ക്ഷമ ബിന്ദു പറഞ്ഞു. സ്വയം വിവാഹമെന്ന തന്റെ ആശയം തന്നോടുള്ള പ്രതിബദ്ധതയാണെന്നും സോളോഗാമിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു. പുരുഷന്മാർ അപ്രസക്തരാണെന്ന് തോന്നുന്നതിനാൽ സ്ത്രീകൾ സ്വയം വിവാഹം കഴിക്കുന്നത് ഭീഷണിയാണെന്ന് ഞാൻ കരുതുന്നു. എന്നാൽ ഞങ്ങളുടെ കാര്യമാണ് പറയുന്നതെന്നും അവർ പറഞ്ഞു. സുഹൃത്തുക്കൾക്ക് ഓൺലൈൻ ക്ഷണക്കത്ത് അയച്ചു. ഷോപ്പിംഗ് ഏകദേശം പൂർത്തിയാക്കി. മാധ്യമങ്ങളിൽ വാർത്ത വന്നതുകാരണം ക്ഷേത്രത്തിലെ വിവാഹ വേദി നഷ്ടപ്പെട്ടു. അതിനാൽ എനിക്ക് ഒരു പുതിയ സ്ഥലം കണ്ടെത്തേണ്ടി വന്നു. പുതിയ സ്ഥലം വെളിപ്പെടുത്തില്ലെന്നും ക്ഷമ ബിന്ദു പറഞ്ഞു.