തിരുവനന്തപുരം: കേരളത്തെ അഭിനന്ദിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങള്‍ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്നും, വിദ്യാഭാസം, തൊഴില്‍, മേഖലകളിൽ കേരളത്തിലെ സ്ത്രീ പങ്കാളിത്തം അഭിനന്ദനാര്‍ഹമാണെന്നും രാഷ്ട്രപതി പറഞ്ഞു.
തിരുവനന്തപുരത്ത് വനിത പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു രാഷ്ട്രപതിയുടെ അഭിനന്ദനം.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തിയത്.
ഇന്നലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഗവര്‍ണറുടെ ഭാര്യ രേഷ്മ ആരിഫ്, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്, ചീഫ് സെക്രട്ടറി വി പി ജോയി, സതേണ്‍ എയര്‍ കമാന്‍ഡ് എ ഒ കമാന്‍ഡിങ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ജെ ചലപതി, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.