ഭീരുത്വം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും പോകാന്‍ പറ്റാത്ത ഒരു യാത്രയായിരിക്കും ഹിമാചല്‍ പ്രദേശിലെ സച്ച് പാസിലൂടെയുള്ള ബസ് യാത്ര.ഹിമാചല്‍ പ്രദേശിലെ ചാമ്പ ജില്ലയിലെ വളരെ ദുർഘടം പിടിച്ച ഒരു ഹിമാലയം ചുരം റോഡാണ് സാച്ച് പാസ്. സമുദ്രനിരപ്പില്‍ നിന്ന് 4420 മീറ്റര്‍ ഉയരത്തിലായി ഹിമാലയത്തിലെ പിര്‍ പാന്‍ജാല്‍ മേഖലയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്.
ചാമ്പ ജില്ലാ ആസ്ഥാനത്ത് നിന്ന് 127 കിലോമീറ്റര്‍ അകലെയായാണ് ഈ ചുരം. ഹിമാചല്‍ പ്രദേശിലെ ചാമ്പാ താഴ്വരയും പാംഗി താഴ്വരയും തമ്മില്‍ ബന്ധപ്പെടുത്തുന്നതാണ് ഈ റോഡ്.മഞ്ഞുകാലത്ത് യാത്ര ചെയ്യാന്‍ പറ്റാത്ത ഒരു റോഡുമാണ് ഇത്.ഏപ്രിൽ പകുതി മുതല്‍ ഒക്ടോബര്‍ പകുതിവരെ മാത്രമേ ഈ റോഡില്‍കൂടി സഞ്ചരിക്കാന്‍ കഴിയു.ഈ റോഡിലൂടെയുള്ള യാത്രയില്‍ പ്രകൃതി സൗന്ദര്യം നുകരാമെന്ന് കരുതരുത്. കാണാന്‍ അത്ര ഭംഗിയുള്ള പ്രദേശമല്ല ഇത്. അപകടകരമായ റോഡിലൂടെയുള്ള യാത്രയാണ് ഏറെ ത്രില്ലടിപ്പിക്കുന്നത്.
ഇടുങ്ങിയതും ചെങ്കുത്തായതുമായാ റോഡിലൂടെ വളരെ സാവാധാനം മാത്രമെ ബസ് നീങ്ങുകയുള്ളു.ചാമ്പയില്‍ നിന്ന് ചന്ദ്രഭംഗ നദി കടന്ന് ബൈരഗഡ്,ശാത്രുണ്ടി വഴിയാണ് യാത്ര.ചുരം എത്തുന്നതിനു മുന്‍പുള്ള ചെറിയ ഒരു ഗ്രാമമാണ് ബൈരഗഡ്.സാച് പാസിന്റെ ബെയ്സാണ് ശാത്രുണ്ടി.
ഉയര്‍ന്ന പ്രദേശമായതിനാല്‍ കടുത്ത വേനലിലും തണുപ്പ് അനുഭവപ്പെടുന്ന സ്ഥലമാണ്.അതിനാല്‍ തണുപ്പ് മാറ്റാന്‍ പറ്റുന്ന വസ്ത്രങ്ങള്‍ കരുതാന്‍ മറക്കരുത്.അതിലുപരി മനസ്സിൽ ധൈര്യമില്ലാത്തവർ ഈ ഒരു യാത്രയ്ക്ക് മുതിരുകയുമരുത്.