IndiaNEWS

‘കല്യാണസൗഗന്ധിക’ത്തിൽ ലയിച്ച് ഓംചേരി, ഗുരു വന്ദനം നടത്തി സ്വരലയ

 ‘നോക്കെടാ ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന
മർക്കടാ ! നീയങ്ങു മാറിക്കിട ശഠാ !’
കുഞ്ചൻ നമ്പ്യാരുടെ പ്രശസ്തമായ കല്യാണസൗഗന്ധികം തുള്ളലിലെ വരികൾ കലാമണ്ഡലം നിഖിൽ പാടി ബാലകൃഷ്ണമാരാർ ഏറ്റ് പാടിയപ്പോൾ നാടക ആചാര്യൻ ഓംചേരി എൻ. എൻ. പിള്ളയും ലീല ഓംചേരിയും ഒപ്പം പാടി. ഓട്ടൻതുള്ളൽ ആചാര്യൻ പി.എസ് മാരാറുടെ മകനാണ് ബാലകൃഷ്ണ മാരാർ. ഓംചേരിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ഡൽഹിയിലെ വീട്ടിലെ സ്വീകരണ മുറിയിലാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്.

ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഓട്ടൻതുള്ളൽ അവതരിപ്പിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം രണ്ട് വർഷത്തിലേറെ വീട്ടിൽ തന്നെ കഴിഞ്ഞ ഓംചേരി, സ്വരലയ ഭാരവാഹികളോട് തനിക്ക് ഓട്ടൻതുള്ളൽ കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഗുരുവന്ദനമായി സ്വരലയ ഓംചേരിക്കായി വീട്ടിൽ തന്നെ ഓട്ടൻതുള്ളൽ നടത്താൻ സാഹചര്യമൊരുക്കി. ഓംചേരിയുടെ ഇഷ്ടപ്രകാരം കല്യാണസൗഗന്ധികം ഓട്ടൻ തുള്ളൽ തന്നെ കലാമണ്ഡലം നിഖിൽ അവതരിപ്പിച്ചു. മൃദംഗം – കലാമണ്ഡലം ഹരിദേവ്, ഇടയ്ക്ക- കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമൻ എന്നിവർ പിന്നണിയിൽ ഉണ്ടായിരുന്നു.

Signature-ad

ഓംചേരിയുടെ മകൾ ദീപ്തി ഓംചേരി, മരുമകളും കമുകറ പുരുഷോത്തമന്റെ മകളുമായ ഡോ. ശ്രീലേഖ , സ്വരലയ സെക്രട്ടറി സി. അശോകൻ , കാർട്ടൂണിസ്റ്റ് സുധീർ നാഥ്, കേരള ക്ലബ് സെക്രട്ടറി മാധവൻ കുട്ടി, പി. ആർ നായർ എന്നിവർ മാത്രമാണ് ഓട്ടൻതുള്ളൽ കാണാൻ ഉണ്ടായിരുന്നത്. വരുന്ന ജൻമത്തിൽ കലാകാരൻമാരുടെ കുലമായ മാരാർ സമുദായത്തിൽ ജനിക്കണമെന്നാണ് ആഗ്രഹമെന്ന് ഓംപേരി പറഞ്ഞു.
സമകാലീന രാഷ്ട്രീയ സാഹചര്യത്തിൽ കല്യാണസൗഗന്ധികം തുള്ളലിന്റെ പ്രസക്തിയാണ് അത് തന്നെ തിരഞ്ഞെടുക്കാൻ കാരണമെന്ന് ഓംചരി കൂട്ടി ചേർത്തു.
ഓട്ടൻതുള്ളൽ അവതരിപ്പിച്ച കലാകാരൻമാർക്ക് ഓംചേരി ദക്ഷിണയും കോടി മുണ്ടും സമ്മാനിച്ചു.

Back to top button
error: