NEWS

പാലക്കാട് നിന്നും ഒരു ദിവസത്തെ ട്രിപ്പ് പോകുവാൻ പറ്റിയ സ്ഥലങ്ങൾ  

രന്നുകിടക്കുന്ന നെല്‍പ്പാടങ്ങൾ, കുന്നിന്‍ചരിവുകൾ, കരിമ്പനക്കൂട്ടങ്ങൾ ഇവയൊക്കെയാണ് പാലക്കാ‌ടൻ ഗ്രാമങ്ങളിലെ സ്ഥിരം കാഴ്ചകൾ. വരണ്ട ഭൂപ്രദേശങ്ങളും നിബിഡ വനങ്ങളും, മലയോരങ്ങളുമെല്ലാമുള്‍പ്പെടുന്ന ഭൂപ്രകൃതിയാണ് പാലക്കാടിന്റേത്. അതിനാൽ തന്നെ സിനി‌മാക്കാരുടെ ഇഷ്ടസ്ഥലവുമാണ് പാലക്കാട്.

തരിശ്ശായ പാറപ്രദേശം എന്ന അർത്ഥമുള്ള “പാലെ” എന്ന പദവും വനപ്രദേശമെന്ന അർത്ഥമുള്ള കാട് എന്ന പദവും കൂടിച്ചേർന്ന് പാലക്കാട് എന്ന സ്ഥലനാമമുണ്ടായി എന്നൊരു പ്രബലമായ നിഗമനം കേൾക്കുന്നുണ്ട്. പുരാതനകാലത്ത് ഇവിടം കേന്ദ്രീകരിച്ച് ജൈനമതസംസ്കാരം നിലനിന്നിരുന്നുവെന്നതിന്റെ സൂചനയായി പാലക്കാട് ഒരു ജൈനക്ഷേത്രം ഇന്നുമുണ്ട്. “പാലി”ഭാഷയും പാരമ്പര്യവും കാത്തു സൂക്ഷിച്ചിരുന്ന ജൈനമതക്കാരായിരുന്നു ഇവിടെ അധിവസിച്ചിരുന്നവർ എന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേർ ലഭിച്ചതെന്നു മറ്റൊരു കൂട്ടർ വാദിക്കുന്നുണ്ട്. എന്നാൽ ഇതൊന്നുമല്ല, പാലമരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേരു ലഭിച്ചതെന്നു മറ്റൊരു നിഗമനവും നിലനിൽക്കുന്നുണ്ട്.

സങ്കരസംസ്‌കാരമാണ് പാലക്കാടിന്റെ പ്രത്യേകത, തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്നതുകൊണ്ടുതന്നെ പാലക്കാട് ജില്ലയിലെ പലഭാഗങ്ങളിലും ഭാഷയിലും ജീവിതരീതിയിലുമെല്ലാം തമിഴ് സ്വാധീനം കാണാന്‍ കഴിയും. അതിനാൽ തന്നെ പാലക്കാടൻ സംസ്കാരം അനുഭവിച്ചറിയാൻ അവിടുത്തെ ഗ്രാമങ്ങളിലേക്ക് തന്നെ യാത്ര പോകാണം.

Signature-ad

കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്‌.2006-ലാണ് പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്‌. അതിന് മുൻപ് ഇടുക്കി ജില്ലയായിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ്‌ ഇടുക്കി ജില്ലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്.കേരളപ്പിറവിക്കു മുൻ‌പ് ഈ ജില്ല മദിരാശി പ്രസിഡൻ‌സിയുടെ ഭാഗമായിരുന്നു.ഇന്നും അധികം നഗരവൽകരണം കടന്നുവരാത്ത ഗ്രാമീണതയാണ് പാലക്കാടിന്റെ പ്രത്യേകത.

 

മലമ്പുഴ അണക്കെട്ട് 

പാലക്കാട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഒരു ടൂറിസ്റ്റു കേന്ദ്രമാണ് മലമ്പുഴ അണക്കെട്ട്. പണ്ടൊക്കെ മധ്യകേരളത്തിൽ നിന്നും ഊട്ടിയിലേക്കും മറ്റും ടൂർ പോകുന്നവരുടെ ഒരു ഇടത്താവളം കൂടിയായിരുന്നു മലമ്പുഴ. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ രസിക്കുവാൻ പറ്റിയൊരു അന്തരീക്ഷമാണ് മലമ്പുഴ. 1955 ലാണ് മലമ്പുഴ ഡാം നിർമ്മിച്ചത്. ഇവിടെ അണക്കെട്ടു കൂടാതെ മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, ഫിഷ് അക്വേറിയം തുടങ്ങിയവയുമുണ്ട്. കേരളത്തിലെ ആദ്യത്തെ അമ്യൂസ്‌മെന്റ് പാർക്കായ ഫാന്റസി പാർക്ക് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ തീർത്ത ‘മലമ്പുഴ യക്ഷി’ എന്ന വലിയ ശിൽപ്പം വളരെ പ്രശസ്തമാണ്.

 

ധോണി

പാലക്കാട് ടൗണിൽ നിന്നും ഏകദേശം 15 കിലോമീറ്റർ മാറിയാണ് ധോണി എന്ന മനോഹരമായ സ്ഥലം. ഒരു വിനോദസഞ്ചാരകേന്ദ്രമായ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ധോണി വെള്ളച്ചാട്ടവും ഫാംഹൗസുമാണ്. അധികം പ്രശസ്തമല്ലാത്തമല്ലങ്കിലും വശ്യ മനോഹരിയാണ് ഇവിടെ പ്രകൃതി. അൽപ്പം സാഹസികമായ ട്രെക്കിംഗിന് താൽപ്പര്യമുള്ളവർക്ക് പറ്റിയ ബെസ്റ്റ് ചോയ്‌സ് കൂടിയാണിവിടം. അടിവാരത്തു നിന്നും മൂന്നു കിലോമീറ്ററോളം മുകളിലേക്ക് കയറിയാൽ വെള്ളച്ചാട്ടത്തിനടുത്ത് എത്തിച്ചേരും.

 

നെല്ലിയാമ്പതി

പാലക്കാട് ജില്ലയിൽ ഏറെ വ്യത്യസ്തമായ ഒരു കാലാവസ്ഥ പ്രകടമാകുന്ന ഒരു സ്ഥലമാണ് നെല്ലിയാമ്പതി. ഊട്ടിയും മൂന്നാറും പോലെ നല്ല തണുത്തപ്രദേശമായതിനാൽ നെല്ലിയാമ്പതിയുടെ ചെല്ലപ്പേര് ‘പാവങ്ങളുടെ ഊട്ടി’ എന്നാണ്. പാലക്കാട് നഗരത്തിൽ നിന്നും ഏകദേശം 60 കി.മീ. ദൂരത്താണ് നെല്ലിയാമ്പതി എന്ന ഈ മനോഹരമായ ഹിൽ സ്റ്റേഷൻ. ആദിവാസികളുടെ ആരാധനാ മൂർത്തിയായ ‘നെല്ലി ദേവതയുടെ ഊര്‌’ എന്നാണ്‌ നെല്ലിയാമ്പതിയുടെ അർത്ഥം. ഹരം പകരുന്ന പത്തോളം ഹെയർപിൻ വളവുകൾ കയറിയാണ് നെല്ലിയാമ്പതിയിൽ എത്തിച്ചേരുന്നത്. പോകുന്ന വഴിയിൽ പലയിടത്തും താഴ്‌വാരത്തെ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വ്യൂ പോയിന്റുകളുണ്ട്.

 

പോത്തുണ്ടി ഡാം

നെല്ലിയാമ്പതിയിൽ പോകുന്നവഴിക്കു തന്നെയാണ് പാലക്കാട് ജില്ലയിലെ പ്രമുഖ ഡാമുകളിൽ ഒന്നായ പോത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നത്.ബോട്ടിങ്ങ് അടക്കമുള്ള സൗകര്യങ്ങളുള്ളതിനാല്‍ ഉത്തമമായ ഒരു പിക്‌നിക് കേന്ദ്രമാണ് പോത്തുണ്ടി ഡാം. ആയതിനാൽ ഇവിടെയും ഒരു സന്ദർശനം ആകാം. നെല്ലിയാമ്പതി മുകളിൽ കിടിലൻ ഓഫ് റോഡ് ജീപ്പ് യാത്രയും ലഭ്യമാണ്. താരതമ്യേന തണുപ്പുള്ള ഇവിടെ ഇവിടെ ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്. പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. സമയവിവരങ്ങൾ.

 

പറമ്പിക്കുളം

കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം. സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെങ്കിലും ഇവിടേക്ക് പോകണമെങ്കിൽ തമിഴ്‌നാടിന്റെ ഒരു ഭാഗത്തു കൂടി കടക്കേണ്ടതായുണ്ട്. പാലക്കാട് നിന്നും 90 കിലോമീറ്റർ ദൂരെയാണ് പറമ്പിക്കുളം. സിംഹവാലന്‍, കടുവ, വരയാട്, പുള്ളിമാന്‍, ആന, തുടങ്ങി ഒട്ടേറെ മൃഗങ്ങളെ ഈ സങ്കേതത്തില്‍ കാണാം. എണ്ണമറ്റ പക്ഷികളും ചിലന്തികളും ഉരഗ വര്‍ഗ ജീവികളും ഒക്കെ പറമ്പിക്കുളത്തുണ്ട്. ഇവിടെ വരുന്ന സഞ്ചാരികൾക്ക് റിസർവ്വോയറിൽ ബോട്ട് യാത്ര നടത്തുവാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. അതോടൊപ്പം തന്നെ വനംവകുപ്പിന്റെ അനുമതിയോടെ വേണമെങ്കിൽ ചെറിയ ട്രെക്കിംഗും നടത്താം. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തുണക്കടവ് എന്ന സ്ഥലത്താണ് ഉള്ളത്.

 

സൈലന്റ് വാലി

മണ്ണാര്‍ക്കാടില്‍ നിന്നും വടക്ക് പടിഞ്ഞാറായി 40 കി.മീ അകലത്തില്‍ സൈലന്റ് വാലി  ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നു. സഹ്യാദ്രി മലനിരകളിലെ നിത്യ ഹരിത വന പ്രദേശമായ ദേശീയോദ്യാനത്തിന് 89.52 ച.കി.മീ വിസ്തൃതിയുണ്ട്.സാധാരണ വന പ്രദേശങ്ങളില്‍ കാണാറുളള ചീവീടുകളുടെ അഭാവമാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രത്യേകത.

 

പാലക്കാട് കോട്ട

പാലക്കാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കോട്ടയാണ് ടിപ്പുവിന്റെ കോട്ടയെന്നറിയപ്പെടുന്ന പാലക്കാടന്‍ കോട്ട. 1766 ല്‍ ഹൈദരാലിയാണ് കോട്ട പണികഴിപ്പിച്ചിട്ടുളളത്. മൂന്നാം മൈസൂര്‍ യുദ്ധത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം കോട്ട പിടിച്ചെടുക്കുകയും 1790 ല്‍ ആയത് പുതുക്കി പണിയുകയും ചെയ്യതു. ഇപ്പോള്‍ കോട്ട ആര്‍ക്കിയോളിജക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.

 

കൽപ്പാത്തി

സംഗീതവും ക്ഷേത്രങ്ങളും നിറഞ്ഞ പാലക്കാട്ടെ പരമ്പരാഗത ഗ്രാമമാണ് കൽപ്പാത്തി.പാലക്കാടിന്റെ നിഷ്കളങ്കതയിൽ ചാർത്തിയ ഭസ്മക്കുറി പോലെ വിശുദ്ധമാണ് അവിടുത്തെ അഗ്രഹാരങ്ങൾ. നൂറ്റാണ്ടിലേറെ പഴക്കമുള്ള വീടുകളാണ് കൽപ്പാത്തിയുടെ ഐശ്വര്യം.ഗ്രാമത്തിനു കുറുകെയണിഞ്ഞ പൂണൂൽ പോലെ പുഴയൊഴുകുന്ന കൽപ്പാത്തിയുടെ പ്രഭാതങ്ങളും സായാഹ്നങ്ങളും ഒരിക്കലും മറക്കാനാവാത്ത കാഴ്ചയാണ്.

 

കവ

പാലക്കാട് ജില്ലയിലെ മലമ്പുഴക്ക് സമീപത്തുള്ള സുന്ദരമായ ഒരു സ്ഥലമാണ് കവ.സോഷ്യല്‍ മീഡിയകളിലെ ട്രാവല്‍ ഗ്രൂപ്പുകളിലൂടെയാണ് ഈ സ്ഥ‌ലം പ്രശസ്തമായത്. നിരവധി സിനിമകൾക്ക് ലൊക്കേഷനായിട്ടുള്ള ഇവിടെ നിന്നുള്ള അസ്തമയ സൂര്യന്റെ കാഴ്ച അതിമനോഹരമാണ്. മഴക്കാലത്താണ് കവ കാണുവാൻ ഏറ്റവും സുന്ദരിയായി മാറുന്നത്. മലമ്പുഴ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് കവ.

 

കൊല്ലങ്കോട്

പാലക്കാട് ടൗണിൽ നിന്ന് 19 കിലോ‌മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് കൊല്ലങ്കോട്. നെല്ലിയാമ്പതി, സീതക്കുണ്ട്, പോത്തുണ്ടി ഡാം തുടങ്ങി‌യ ‌ടൂറിസ്റ്റ് കേന്ദ്ര‌ങ്ങളിലേക്ക് ഇതുവഴി പോകാവുന്നതാണ്.

കേരളത്തിലെ പ്രധാനപ്പെട്ടൊരു ഷൂട്ടിംഗ് പ്ലേസാണ് കൊല്ലങ്കോട്.അന്യഭാഷാ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.അനേകം സീരിയലുകളിലും കൊല്ലങ്കോട് കാണാം.പരമ്പരാഗത കേരള വാസ്തുവിദ്യയിൽ നിർമ്മിച്ച കൊല്ലങ്കോട് കൊട്ടാരം ഇവിടെയാണ്‌. ഈ സ്ഥലത്തുജീവിച്ചിരുന്ന കൊല്ലൻ സമുദായത്തിൽനിന്നാണ് കൊല്ലങ്കോടിന് പേരുലഭിച്ചത്.

ചിറ്റൂർ താലൂക്കിലെ കൊല്ലങ്കോട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്. കിഴക്കേത്തറ, കൊല്ലങ്കോട് നമ്പർ രണ്ട്, പയ്യലൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 49.33 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിന്റെ അതിർ‍ത്തികൾ.വടക്ക് ഗായത്രിപ്പു, പടിഞ്ഞാറ് എലവഞ്ചരി പഞ്ചായത്ത്, തെക്ക് തെന്മല, കിഴക്ക് മുതലമട പഞ്ചായത്ത് എന്നിവയാണ്.

 

സുന്ദരമായ നെൽപ്പാടങ്ങളാണ് ഈ ഗ്രാമത്തിന്റെ സൗന്ദര്യം.അല്ല, തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ.അതോ റയിൽവെ സ്റ്റേഷനിലെ ആ ആൽമരങ്ങളോ !

Back to top button
error: