ഗാന്ധിനഗർ: ഒരുതവണ ഗുജറാത്തില്‍ ആംആദ്മിക്ക് അവസരം തരാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കൺവീനറുമായ അരവിന്ദ് കേജ്രിവാൾ. സ്കൂളുകളുടെ അവസ്ഥ മോശമാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ കോൺഗ്രസ്, ബിജെപി നേതാക്കളോടു തന്റെ പാർട്ടിയിൽ ചേരാനും കേജ്രിവാള് പറഞ്ഞു. ഗുജറാത്തിലെ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേജ്രിവാൾ.
‘27 വര്‍ഷമായി ഗുജറാത്തില്‍ ബിജെപിയാണു ഭരിക്കുന്നത്. ഈ കാലയളവില്‍ സ്കൂളുകളുടെ അവസ്ഥ ഇത്തരത്തിലാക്കി. ഇനിയൊരു അഞ്ച് വര്‍ഷം കൂടി ഈ സര്‍ക്കാരിനെ ജയിപ്പിച്ചിട്ടു കാര്യമില്ല. ഈ അഞ്ച് വര്‍ഷം ഭരണം എനിക്കു തരൂ. എന്നിട്ടും ഗുജറാത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നെ പുറത്താക്കാം’- കേജ്രിവാള് പറഞ്ഞു.
ഒരു പരീക്ഷയെങ്കിലും പേപ്പര്‍ ചോര്‍ത്താതെ നടത്തൂവെന്നു പറഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും കേജ്രിവാൾ വിമര്‍ശിച്ചു. ഗുജറാത്തിലെ നല്ല ചില കോണ്‍ഗ്രസ് നേതാക്കളോട് എഎപിയില്‍ ചേരാനും കേജ്രിവാള് ആവശ്യപ്പെട്ടു. ഗുജറാത്ത് തുലയുകയാണ്, ഒരുമിച്ച് ശരിയാക്കാമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ വിജയത്തിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളിലും നിലയുറപ്പിക്കാനാണ് എഎപിയുടെ ശ്രമം.