KeralaNEWS

6 വര്‍ഷത്തിനിടയില്‍ 1.18 ലക്ഷം പേര്‍ക്ക് പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 2016-നും 2022-നും ഇടയില്‍ 1,18,000 പേര്‍ക്ക് പി.എസ്.സി. മുഖേന നിയമന ശുപാര്‍ശ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കോവളത്ത് പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്‍മാരുടെ ദേശീയ കോണ്‍ഫറന്‍സിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലാസ്റ്റ് ഗ്രേഡ് മുതല്‍ കെ.എ.എസ്. വരെ 1700-ഓളം വിഭാഗങ്ങളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മുഖേനയാണ് നിയമനങ്ങള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 5.5 കോടി യുവാക്കള്‍ പി.എസ്.സിയില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും 80 ലക്ഷം ഉദ്യോഗാര്‍ഥികളെ പങ്കെടുപ്പിച്ചു വിവിധ പരീക്ഷകള്‍ നടത്തുന്നു. 5.16 ലക്ഷം ജീവനക്കാരാണു സര്‍ക്കാരിന്റെ വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതിനു പുറമേ സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെ നിയമനവും പി.എസ്.സി മുഖേനയാക്കണമെന്നു ആവശ്യമുയരുന്നുണ്ട്. പി.എസ്.സിയുടെ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളിലെ പൊതുജനങ്ങളുടെ വിശ്വാസമാണ് ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

പുതിയ റിക്രൂട്ട്‌മെന്റുകളില്‍നിന്ന് പി.എസ്.സിയെ ഒഴിവാക്കുന്ന രീതി രാജ്യത്തു ചില ഇടങ്ങളില്‍ കണ്ടുവരുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ ആദ്യ തരംഗമുണ്ടായപ്പോള്‍ രാജ്യത്ത് ഓരോ മണിക്കൂറിലും 1,17,000 ആളുകള്‍ക്കു ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നാണു ഓക്‌സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2020 ഏപ്രിലില്‍ രാജ്യത്തെ 84 ശതമാനം പേരുടെ വരുമാനം പൂര്‍ണമായോ ഭാഗീകമായോ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നാണു കണക്കുകള്‍. എന്നാല്‍, 2016നും 2022നും ഇടയില്‍ 1,18,000 പേര്‍ക്ക് പി.എസ്.സി. മുഖേന നിയമന ശുപാര്‍ശ നല്‍കാന്‍ കഴിഞ്ഞു. കോവിഡ് കാലത്ത് 28,837 നിയമനങ്ങള്‍ അവശ്യസേവന മേഖലയില്‍ മാത്രം നടത്താന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

സുരക്ഷിത സംവിധാനങ്ങളുടെ ലഭ്യതക്കുറവ് സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ വ്യാപകമാക്കുന്നതിനു തടസമുണ്ടാക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കുന്നതിനു രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നകാര്യം ആലോചിക്കണം. യു.പി.എസ്.സിക്കും പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കുമൊപ്പം സംസ്ഥാനങ്ങള്‍ക്കും ഇവ പ്രയോജനപ്പെടും. റിക്രൂട്ട്‌മെന്റ് അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പി.എസ്.സികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.പി.എസ്.സി. ചെയര്‍മാന്‍ മനോജ് ജോഷി മുഖ്യ പ്രഭാഷണം നടത്തി. ഗോവ പി.എസ്.സി. ചെയര്‍മാനും കോണ്‍ഫറന്‍സിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജോസ് മാനുവല്‍ നൊറോണ, കേരള പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍, സെക്രട്ടറി സാജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: