മലയോര ഗ്രാമങ്ങളിലും,റബ്ബർ തോട്ടങ്ങളിലും മാത്രം കണ്ടുവന്നിരുന്ന കരിവണ്ടുകൾ എന്ന് വിളിക്കപ്പെടുന്ന മുപ്ലിവണ്ടുകൾ ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും വ്യാപകമായിരിക്കുകയാണ്.മുപ്ലി വണ്ടുകളെ കൊണ്ട് ദേഹം മുഴുവൻ ചൊറിഞ്ഞും , ഭക്ഷണം ചീത്തയായും പൊറുതി മുട്ടിയിരിക്കുകയാണ് മിക്കയിടത്തും ആൾക്കാർ.ഈ വണ്ടുകളുടെ മണത്താൽ മനംപിരട്ടലും , തലപ്പെരുപ്പവും പലർക്കും ഉണ്ടാവാറുണ്ട്.പല ഉപായങ്ങളും പയറ്റിയിട്ടും ഇവയെ പൂർണമായി തുരത്താൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ജീവാപായമോ , ഗുരുതരാവസ്ഥയോ സൃഷ്ടിക്കാത്ത ഈ ജീവി സ്പർശിച്ചാലുണ്ടാകുന്ന അസ്വസ്ഥതകൾ മാറാൻ രണ്ടാഴ്ച വേണം. ഇവക്ക് പലയിടങ്ങളിലും പല പേരുകളാണ്. ഓട്ടുറുമ, ഓട്ടെരുമ, കോട്ടെരുമ, കരിഞ്ചെള്ള്, ഓലച്ചാത്തൻ, ഓലപ്രാണി, ആസിഡ് ഫ്ലൈ എന്നിങ്ങനെ സ്ഥലഭേദമനുസരിച്ച് പല പേരുകളു ണ്ട്.പേര് പലതാണ് എന്നാൽ ദ്രോഹത്തിന് മാറ്റമില്ല.
സന്ധ്യയാകുന്നതോടെ വീടുകളിൽ ലൈറ്റിടുമ്പോഴാണ് ഇവ എത്തുക. ആദ്യമെത്തുക ഒന്നോ , രണ്ടോ എണ്ണമാണ്.പിന്നെ നൂറുകണക്കിനെണ്ണം കൂട്ടം കൂട്ടമായെത്തി ചുമരിലും , മച്ചിലും തേനീച്ചക്കൂട് പോലെ പറ്റിപിടിച്ചിരിക്കും.ശരീരത്ത് വീണാൽ പൊള്ളും, ചൊറിഞ്ഞ് തടിക്കും. സഹിക്കാൻ പറ്റാത്ത മണമാണ്. ഭക്ഷണം കഴിക്കാൻ പോലും പറ്റില്ല. ഇത് കാരണം വിവിധ പ്രദേശത്തെ വീടുകാര്‍ രാത്രി കാലങ്ങളില്‍ വെളിച്ചം കത്തിക്കാതെ കഴിയുകയാണ് ചെയ്യാറ്.
മനുഷ്യവാസസ്ഥലങ്ങളില്‍ എത്തുന്ന ഇത്തരം ജീവികള്‍ ആളുകളുടെ ചെവി, മൂക്ക് എന്നിവയിലൂടെ കയറി അപകടങ്ങള്‍ ഉണ്ടാക്കുന്നു. വീട്ടുകാര്‍ പലരും ചെവിയും , മുക്കും തുണി കൊണ്ട് മൂടി കെട്ടിയാണ് ഉറങ്ങുന്നത്. റബര്‍ മരങ്ങളില്‍ നിന്ന് ചൂട് കൂടുന്ന കാലത്താണ് ഇവ സാധാരണ പെരുകാറുള്ളത് . ആളുകളെ നേരിട്ട് ആക്രമിക്കാറില്ലെങ്കിലും മുപ്ലി വണ്ടുകൾ വരുത്തുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. കട്ടിലുകളിലും , ചുവരുകളിലും ഇടം പിടിക്കുന്ന ഇവ കാരണം പലർക്കും ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കാറ്. വണ്ടുകളെ പേടിച്ച് മുൻവർഷങ്ങളിൽ വീടുകൾ ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചവർ വരെയുണ്ട്. ഓടുകളിലും മറ്റും പറ്റിക്കൂടുന്ന ഇവ അടുക്കളയിൽ ഭക്ഷണ പാത്രത്തിലും മറ്റും വീണ് ഭക്ഷണം ഉപയോഗിക്കാൻ പറ്റാതാക്കും.
കാഴ്ചയിൽ ഇത്തിരിക്കുഞ്ഞനാണെങ്കിലും കൂട്ടം ചേർന്നാണ് ആക്രമണം. കട്ടിയുള്ള പുറന്തോട്, രൂക്ഷഗന്ധവുമുള്ള സ്രവം എന്നിവയുള്ളതിനാൽ ഇതിനെ ഒരു ജീവിയും ആഹാരമാക്കാറില്ല. ഇക്കാരണത്താൽ ശത്രുഭീഷണിയുമില്ല. ഇതാണ് വംശവർധനയുടെ രഹസ്യം. ലുപ്രോപ്സ് ട്രിസ്റ്റിസ് (luprops tristis) എന്നാണ് ശാസ്ത്രനാമം.
കേരളത്തിൽ ആദ്യമായി തൃശ്ശൂർ ജില്ലയിലെ മുപ്ലി റബ്ബർ തോട്ടത്തിൽ കണ്ടതിനാലാണ് മുപ്ലിവണ്ട് എന്ന പേര് വന്നത്. റബ്ബറിന്റെ ഇലപൊഴിയുന്ന സമയത്താണ് തോട്ടങ്ങളിൽ മുപ്ലി വണ്ടുകൾ പ്രത്യക്ഷപ്പെടുന്നത്.റബ്ബർമരത് തിന്റെ വാടിയ തളിരിലകൾ ആഹാരമാക്കുന്ന ഇവ തോട്ടങ്ങളിൽ പ്രത്യക്ഷപ്പെട്ട് രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ കരിയിലപ്പുതയ്ക്കുള്ളിൽ മുട്ടയിട്ടു തുടങ്ങും.മുട്ട വിരിഞ്ഞ് ഒരുമാസത്തിനുള്ളിൽ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കി പ്യൂപ്പകളായി മാറും .ദിവസങ്ങൾ കഴിയുന്നതോടെ പ്യൂപ്പകൾ തവിട്ടുനിറമുള്ള വണ്ടുകളായി മാറും.
വേനലിൽ രാത്രികാലത്താണ് മുപ്ലി വണ്ടുകളുടെ വരവേറെയും.രാത്രി വെളിച്ചമുള്ളിടത്ത് കൂട്ടമായി എത്തുന്ന ഇവയെ തുരത്താൻ രാസകീടനാശിനികളുൾപ്പെടെ പല മാർഗങ്ങളും ആളുകൾ പ്രയോഗിച്ചു വരുന്നു.
മഴക്കാലം കഴിഞ്ഞ് അടുത്ത വേനലിൽ വീണ്ടും റബ്ബർതോട്ടങ്ങളിൽ ഇലകൾ വീണ് മെത്തയൊരുങ്ങും വരെ ഇവയ്ക്ക് വിശ്രമം മാത്രം. തീറ്റയും , കുടിയും അനക്കവും ഇല്ലാതെ ഇരുൾ മൂലകളിൽ അട്ടിയിട്ട് ഉറക്കം മാത്രമായിരിക്കും ഈ സമയങ്ങളിൽ ഇവരുടെ രീതി.മഴക്കാലം തുടങ്ങുന്നതോടെയാണ് കോട്ടെരുമകൾ നമ്മുടെ വീടുകളിൽ സ്ഥിരതാമസമാക്കുന്നത്.
ഇവയെ ഭാഗികമായെങ്കിലും നശിപ്പിക്കാൻ നാട്ടിൻ പ്രദേശങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന പൊടിക്കൈകൾ ഇവയൊക്കെയാണ്:
⚡ഒരു പരന്ന പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഒരു മെഴുകുതിരി കത്തിച്ച് വയ്ക്കുക. വെളിച്ചം ആകർഷിച്ചെത്തുന്ന ഇവ വെള്ളത്തിൽ വീണ് ചാവും. പിന്നീടിതിനെ തൂത്തുവാരി നശിപ്പിക്കാം.
⚡പെട്രോളും , കുമ്മായവും കലർത്തിയ മിശ്രിതവും ഫലപ്രദമെന്ന് പറയുന്നു. പകൽ സമയങ്ങളിൽ കൂട്ടംകൂടി ഇരിക്കുന്ന ഇവയെ മണ്ണെണ്ണ തളിച്ചും നശിപ്പിക്കാം. മണ്ണെണ്ണയിൽ ഇവക്ക് 15 സെക്കന്റുകൾ മാത്രമാണ് ആയുസ് .
⚡കന്നുകാലികളുടെ ദേഹത്തെ വട്ടൻ (ഒരു തരം വണ്ട്) നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഫ്ളൈ കിൽ എന്ന മരുന്ന് സ്പ്രേ ചെയ്താൽ ഒരു പരിധിവരെ ഇവയെ തുരത്താം. വായും , മൂക്കും മൂടിക്കെട്ടി വേണം ഈ മരുന്ന് തളിക്കേണ്ടത്. മരുന്ന് തളിക്കുന്നതോടെ ഇവ ചത്തുവീഴും.
മുപ്ലിവണ്ട് സ്പർശിച്ചതിന്റെ അസ്വസ്ഥതകൾ രണ്ടാഴ്ചകൊണ്ട് ഭേദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ അപൂർവം ചിലരിൽ ഇത് ദീർഘനാൾ തുടരാം.മുഖത്തും മറ്റും തട്ടിയാൽ ആസിഡ് കൊണ്ട് പൊള്ളിയതു പോലെ തോന്നാം.ഇത് ഭേദമാകാൻ കുറച്ചുസമയമെടുക്കും.
ചിലർക്ക് ശരീരത്തിൽ കുമിളകൾപോലെ വരാം.ചൊറിഞ്ഞാൽ വേദനയുമുണ്ടാകാം.ഉറക്കത്തിൽ നിന്നുണർന്നാലാണ് ഇത് കണ്ടെത്താനാവുക.സ്പർശനമേറ്റാൽ ചിലന്തി കടിയേറ്റതാണോ എന്നു മറ്റും സംശയിച്ചേക്കാം.ശരീരത്തിൽ കണ്ടെത്തിയാൽ അടിച്ചുകൊല്ലുകയോ , തിരുമ്മുകയോ ചെയ്താൽ പൊള്ളലിന്റെ വ്യാപ്തി കൂട്ടുമെന്ന് അനുഭവസ്ഥർ പറയുന്നു.