തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ എം എം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരിമിനെ ആക്രമിക്കാൻ ആഹ്വാനം നൽകിയ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസിലേക്ക് നാളെ തൊഴിലാളികൾ സംയുക്തമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ 28 ന് രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ്ചാനൽ നടത്തിയ ചർച്ച നയിച്ച വിനു വി ജോൺ എളമരം കരീം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കണമെന്നും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടണമെന്നും കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കണമെന്നും പറഞ്ഞിരുന്നു.ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് നാളെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസിലേക്ക് തൊഴിലാളികൾ സംയുക്തമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.
അതേസമയം ഒരു മാധ്യമ പ്രവർത്തകൻ ഇത്രകണ്ട് അധപതിക്കരുതെന്ന് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ പറഞ്ഞു.തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നൽകാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമർശിച്ചതിനാണ് വിനു ജോൺ തന്റെ മളേച്ഛമായ ഭാഷ ഉപയോഗിച്ച് എളമരം കരീമിനെ ആക്ഷേപിച്ചത്. ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയായിരുന്നു അത്-ചന്ദ്രശേഖരൻ പറഞ്ഞു.