സുഭാഷ് ആറ്റുവാശ്ശേരി
പ്രകൃതിക്ഷോഭവും മഹാവ്യാധികളും മൂലം ഇടത്തരക്കാരും പാവപ്പെട്ടവരുമായ അനേകലക്ഷങ്ങളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇന്ന്.
കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ഈ അനിശ്ചിതാവസ്ഥയെ അതിജീവിക്കാൻ പലരും ഏതെങ്കിലും ബാങ്ക് വായ്പക്കു വേണ്ടി നെട്ടോട്ടമോടുന്നു.
ദുരിതപൂർണമായ ഈ സാമൂഹ്യാവസ്ഥ മനസിലാക്കിയാണ്, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ വ്യക്തിഗത വായ്പകളുമായി എത്തിയിരിക്കുന്നത്.
ഫേയ്സ്ബുക്ക്, വാട്സപ്പ്, യുട്യൂബ് തുടങ്ങിയ നവമാധ്യമങ്ങൾ വഴി, ഇന്ത്യയിലെ ചില അംഗീകൃത ഫിനാൻസ് സ്ഥാപനങ്ങളുടെ മറവിലാണ് ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത്. വ്യക്തിഗത വായ്പകൾ 5 മിനിറ്റിനുള്ളിൽ നൽകുന്നു എന്ന പരസ്യത്തിലൂടെയാണ് ജനങ്ങളെ വലയിൽ കുടുക്കുന്നത്.
പരസ്യങ്ങളിലെ ഫോൺ നമ്പറിൽ ബന്ധപ്പെടുന്ന വായപാപേക്ഷകരോട് ആധാർ, തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് നമ്പർ, ഫോട്ടോ ഇവ വാട്സാപ്പിൽ അയക്കാൻ ആവശ്യപ്പെടും.
മൊബൈൽ ആപ്പിലൂടെ അപേക്ഷ നൽകാനും ചിലർ നിർദ്ദേശിക്കാറുണ്ട്. അവിടെയും ആധാർ, പാൻ, സെൽഫി എന്നിവ ആപ്പിൽ അപ്ലോഡ് ചെയ്യണം. അതോടൊപ്പം ഫോട്ടോ ഗാലറിയിലേക്കും ഫോൺ കോണ്ടാക്ട് ലിസ്റ്റിലേക്കും ആക്സസ് ആവശ്യപ്പെടും. വായ്പയെടുക്കുന്ന പാവപ്പെട്ടവൻ അതൊന്നും കാര്യമാക്കില്ല.
എന്തായാലും യാതൊരു നൂലാമാലകളും കൂടാതെ, ആവശ്യപ്പെട്ട തുക അനുവദിച്ചുകൊണ്ടുള്ള ഓഫർ ലെറ്റർ ഉടൻ ലഭിക്കും. ചിലർ പ്രോസസിംഗ് ഫീസും വായ്പാപേക്ഷകന് ഇൻഷ്വറൻസ് എടുക്കാനുള്ള തുകയും ആവശ്യപ്പെടും. ലോണിന്റെ തിരിച്ചടവ് പൂർത്തീകരിക്കും മുമ്പ് അപേക്ഷകന് മരണം സംഭവിച്ചാൽ ലോൺ നൽകിയ കമ്പനിക്ക് ആ തുക ഇൻഷ്വറൻസ് വഴി ലഭ്യമാകുന്നതിനു വേണ്ടിയാണത്രേ ഇൻഷ്വറൻസ് എടുക്കുന്നത്.
ഈ തുകകൾ കൈമാറുന്നതോടെ തട്ടിപ്പുകാരായ ചിലർ മുങ്ങും. വായ്പക്കാരനുമായുള്ള ഫോൺ ബന്ധം വിഛേദിക്കും. ലോൺ തുക ലഭിച്ചതുമില്ല അടച്ച തുക നഷ്ടപ്പെടുകയും ചെയ്ത ചില കേസുകൾ ലേഖകന്‍ നേരിട്ടു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകാരുടെ ഇരയാകന്നവരിൽ കൂടുതലും മലയാളികളാണ്. ചിലർ സോഷ്യൽ മീഡിയ വഴി സത്യങ്ങൾ തുറന്ന് പറയുന്നുണ്ട്. മറ്റ് ചിലർ അഭിമാനക്ഷതം ഭയന്ന് ചതിയിൽ വീണ കഥ മൂടി വയ്ക്കുന്നു.
വായ്പകൾ എടുത്ത് അനന്തമായ ചതിയിൽപ്പെട്ടവരുടെ കഥയാണ് കൂടുതൽ ദയനീയം.
പണം ലഭിച്ചതിനു ശേഷം തിരിച്ചടവ് ഒരു തവണയെങ്കിലും മുടങ്ങിയാൽ നഗ്നചിത്രങ്ങളടക്കം അയച്ചാണ് ഭീഷണി.
പുറത്തുപറയാൻ പോലും കഴിയാത്തവിധം പലരും മാനസിക സമ്മർദത്തിലാണ്.
ഓൺലൈൻ പരസ്യങ്ങൾ, എസ്.എം.എസ്, ഇ മെയിൽ തുടങ്ങിയ മാർഗങ്ങളിലൂടെയും മോഹനവാഗ്ദാനങ്ങളിലൂടെയുമാണ് ഇവർ വായ്പ ആവശ്യമുള്ളവരെ കണ്ടെത്തുന്നത്. യാതൊരു നൂലാമാലകളുമില്ലാതെ വേഗം പണം ലഭ്യമാകും എന്നതാണ് ഇതിലേക്ക് ആകർഷിക്കപ്പെടാനുള്ള മുഖ്യകാരണം. ഇത്തരം നൂറുകണക്കിന് ആപ്പുകളാണ് പ്ലേസ്റ്റോറിലുള്ളത്.
ഇവയിൽ ഭൂരിഭാഗത്തിനും ഇന്ത്യൻ നിയമവ്യവസ്ഥകൾ ബാധകമല്ല.
തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ആസാൻലോൺ, ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് അടുത്തിടെ സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിക്കുന്നുണ്ട്. വ്യക്തികൾക്ക് 25,000 രൂപവരെ ഈടില്ലാതെ വായ്പ നൽകും. കൃത്യമായി തിരിച്ചടച്ചാൽ കൂടുതൽ തുക നൽകും. ദിവസം കണക്കാക്കിയാണ് പലിശ ഈടാക്കുന്നത്. വാർഷിക നിരക്കിൽ കണക്കാക്കിയാൽ 40 ശതമാനം വരും. തിരിച്ചടവ് മണിക്കൂറുകൾ വൈകിയാൽ പോലും ഭീഷണിപ്പെടുത്തിയുള്ള മെസേജുകൾ വന്നുതുടങ്ങും.
സ്വന്തം ഫോണിലെ മുഴുവൻ നമ്പറുകളിലേക്കും അശ്ലീല മെസേജുകളും ചിത്രങ്ങളും അയക്കും. ലോണെടുത്തയാളുടെ ഫോട്ടോയും അശ്ലീല വീഡിയോകളിലൂടെ പ്രചരിപ്പിക്കുന്നതും ഇവരുടെ രീതിയാണ്. ആപ്പുകൾ പ്രവർത്തിപ്പിക്കുന്നവരെയോ ഫോണിൽ ബന്ധപ്പെടുന്നവരെയോ തിരിച്ചറിയാൻ പൊലീസിന് സാധിക്കുന്നില്ല.
ചില ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയും ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനം നിയമവിധേയമാണെന്ന തന്ത്രമാണ് ഇതിനുപിന്നിൽ.
വയനാട് ജില്ലയില്‍ നിയമ വിധേയമല്ലാത്ത ലോണ്‍ ആപ്പ് വഴി ലോണ്‍ നല്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വ്യപകമാവുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ജാഗ്രതയുണ്ടാകണമെന്നും വയനാട് ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍ മുന്നറിയിപ്പു നൽകുന്നു.
വിദേശ ബന്ധങ്ങള്‍ ഉള്ള കമ്പനികള്‍ വിവിധ സംസ്ഥനത്തുള്ള ജീവനക്കാരെ നിയമിച്ചുകൊണ്ടും വ്യാജ സിം കര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഉപയോഗിച്ച് കൊണ്ടുമാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്.
റിസേര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഇന്റര്‍നെറ്റ് വഴിയും സോഷ്യല്‍ മീഡിയ അപ്പുകള്‍ വഴിയും പരസ്യം ചെയ്താണ് ഇത്തരം തട്ടിപ്പിന് ഇരകളെ ഇവര്‍ കണ്ടെത്തുന്നത്.
ഫോണില്‍ ലോണ്‍ അപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയുന്നതോടെ ലോണ്‍ എടുക്കാന്‍ ശ്രമിക്കുന്ന ആളുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പ്ക്കാരുടെ നിയന്ത്രണത്തില്‍ ആവുന്നു. തുടര്‍ന്ന് ഫോണിലെ കോണ്ടാക്ട്, സ്വകാര്യ ഫയലുകള്‍ തുടങ്ങിയ വിവരങ്ങള്‍ തട്ടിപ്പുകാർക്കു ലഭിക്കുന്നു. യാതൊരു വിധ ഈടും ഇല്ലാതെയാണ് പണം നൽകുന്നത്. ഇങ്ങനെ ലഭിക്കുന്നത് തട്ടിപ്പ്കാരുടെ ഭീമമായ സര്‍വീസ് ചാര്‍ജ് കഴിച്ച് നാമമാത്രമായ തുക ആയിരിക്കും. ഏതാനും ദിവസത്തേക്കു മാത്രം തിരിച്ചടവ് കാലാവധി ഉള്ള ഇങ്ങനെയുള്ള ലോണ്‍ തുകയുടെ പലിശ രാജ്യത്തെ നിലവിലെ പലിശയയുടെ പതിന്മടങ് ആണ്. നിശ്ചിത കാലാവധിക്ക് ഉള്ളില്‍ ലോണ്‍ അടക്കാന്‍ കഴിയാതെ വരുമ്പോള്‍, മറ്റ് ലോണ്‍ അപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു വീണ്ടും ലോണ്‍ എടുക്കാന്‍തട്ടിപ്പ്കാര്‍ പ്രേരിപ്പിക്കും.
ആ തുക കൊണ്ട് പഴയ ലോണ്‍ ക്ലോസ് ചെയ്യുകയാണ് ഉദ്ദേശ്യം. ഇങ്ങനെ കുറഞ്ഞ സമയം കൊണ്ട് ലോണ്‍ എടുത്തവരെ ഭീമമായ കടക്കെണിയില്ലേക്കു തള്ളിയിടുന്നു. ലോണ്‍ തിരിച്ചടക്കാനായി തുടര്‍ച്ചയായി ഫോണ്‍ കോള്‍ വഴിയും വാട്സ്ആപ് വഴിയും ഇടപാടുകാരനെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തിരിച്ചു പിടിക്കുന്നത്. കൂടാതെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയുമ്പോള്‍ ലഭിക്കുന്ന ഫോണിലെ കോണ്ടാക്ട് നമ്പറുകള്‍ ഉപയോഗിച്ച് ലോണ്‍ എടുത്തയാളുടെ സുഹൃത്തുക്കളെ വിളിച്ചും അവരെ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ അശ്ലീല ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും ലോണ്‍ എടുത്തയാളുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചും ലോണ്‍ എടുത്തയാളെ മാനസീകമായി തകർത്ത് സമ്മര്‍ദ്ധത്തില്‍ ആക്കുന്നു.
വായ്പയുമായി ബന്ധപ്പെട്ട ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്.
നൂലാമാലകളില്ലാത്ത വായ്പ, പേപ്പര്‍ ഇടപാടുകള്‍ ഒന്നുമില്ല. സാധാരണ ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിന്റെ ബുദ്ധിമുട്ടുകളുമില്ല. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ഉണ്ടെങ്കില്‍ അനായാസമായി പണം ലഭിക്കും- ഇതൊക്കെയാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. ഇതില്‍ വീണാല്‍ പലപ്പോഴും പണം നഷ്ടപ്പെടും. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുക എന്ന ഉദ്ദേശത്തോടെ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തിലുള്ള സംഘങ്ങള്‍ തട്ടിപ്പ് നടത്തുന്നത്. ആളുകളുടെ അജ്ഞത മുതലാക്കുകയാണിവര്‍.
റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നു മാത്രം വായ്പയെടുത്ത് സുരക്ഷിതത്വം ഉറപ്പാക്കുക. ഇത്തരത്തില്‍ എന്തെങ്കിലും തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുകയോ ഇരയാവുകയോ ചെയ്താല്‍ റിസര്‍വ് ബാങ്കിന്റെ ഈ സൈറ്റില്‍ പരാതി നല്‍കാം. https://cms.rbi.org.in. ഇതിന് പുറമെ പൊലീസ് സഹായം തേടാൻ മടിക്കരുതെന്നും മുന്നറിയിപ്പിലൂടെ അറിയിക്കുന്നു.