KeralaNEWS

ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച, പ്രതിഭാഗവും പ്രോസിക്യൂഷനും നടത്തിയ വാദങ്ങളുടെ പ്രസക്തഭാഗങ്ങൾ

 

ടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തി എന്ന കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കുമുള്ള മുൻകൂർ ജാമ്യപേക്ഷയിൽ തിങ്കളാഴ്ച കോടതി വിധിപറയും.

Signature-ad

അന്വേഷണത്തോടു പൂ‍ർണമായി സഹകരിച്ചെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
കേസ് വഴി തിരിച്ചുവിടാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ആവശ്യപ്പെട്ട എല്ലാ ഫോണുകളും ഹാജരാക്കിയിട്ടില്ല എന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതുകൊണ്ടുതന്നെ ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി തള്ളണം എന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.

ജസ്റ്റിസ് പി. ഗോപിനാഥാണ് ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്.

നടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെയുള്ള ഗൂഢാലോചനക്കേസ് എന്ന ഗുരുതരമായ ആരോപണം ദിലീപ് ഉന്നയിച്ചു. പള്‍സര്‍ സുനിയെ ബന്ധപ്പെടുത്തി പറയുന്നത് വ്യാജ കഥയാണ്. മാപ്പുസാക്ഷിയാക്കാന്‍ പ്രോസിക്യൂഷന് പറ്റിയ ആളെ കിട്ടിയില്ല. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്‌.ഐ.ആറിലുണ്ടെന്നും ദീലീപ് വാദിച്ചു. ഇതേത്തുടര്‍ന്ന് ജഡ്ജി എഫ്‌.ഐ.ആര്‍ പരിശോധിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ദിലീപ് ഉറച്ചുനിന്നു. വിഡിയോ കണ്ടിട്ട് ‘നിങ്ങള്‍ അനുഭവിക്കും’ എന്ന് പറഞ്ഞത് ഗൂഢാലോചന അല്ലെന്ന് ദിലീപ് വ്യക്തമാക്കി.
വീട്ടിലിരുന്ന് ബന്ധുക്കളോടു പറയുന്നത് എങ്ങനെ ഗൂഢാലോചനയാകും…? കേസിലെ ഒരു പ്രതി ആരെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. വിഐപി ആരെന്ന് വ്യക്തമാക്കാന്‍ പൊലീസ് തയാറായിട്ടില്ല. മാപ്പുസാക്ഷിയാകാന്‍ തയാറുള്ള ആരെയെങ്കിലും ഉള്‍പ്പെടുത്താനാണ് ആ പേര് ഒഴിച്ചിട്ടിട്ടുള്ളതെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ഗൂഢാലോചന നടന്നത് എഡിജിപിക്കും മറ്റ് ഉദ്യോഗസ്ഥർക്കും നേരെയാണ്. ആലുവ സ്റ്റേഷൻ പരിധിയിൽ നടന്നു എന്നു പറയുന്ന ഗൂഢാലോചന അന്വേഷിക്കാൻ എന്തിനാണ് ക്രൈംബ്രാഞ്ചെന്നു പ്രതിഭാഗം ചോദിച്ചു.

ബാലചന്ദ്രകുമാര്‍ ഏത് ഡിവൈസിലാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്നില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. റെക്കോര്‍ഡിങ് ടാബിലാണെന്നും പിന്നീട് അത് ലാപ്‌ടോപ്പിലേക്കു മാറ്റിയെന്നു പറയുന്നു. സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്ന ടാബ് എവിടെ…? പ്രതിയുടെ ഫോണ്‍ കണ്ടില്ലെങ്കില്‍ പ്രശ്‌നമാണ്. പക്ഷേ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ടാബ് എവിടെ എന്നു വ്യക്തമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

ബാലചന്ദ്രകുമാർ പെൻഡ്രൈവാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിനിടെ എന്തെല്ലാം ചെയ്യാമെന്ന് അഭിഭാഷകൻ ആരാഞ്ഞു.. ഒരുമിച്ച് എടുക്കാതിരുന്നത് റെക്കോർഡ് ചെയ്യുന്നത് കണ്ടാൽ കൊല്ലുമെന്നു പേടിച്ചെന്നാണ് എന്നുപറയുന്നു. എന്നിട്ടും ആറു പേർ ഇരിക്കുന്നിടത്ത് മൂന്നു പ്രാവശ്യമെങ്കിലും റെക്കോർഡ് ചെയ്തു. റെക്കോർഡിലെ വാക്യങ്ങൾ ഒന്നും പൂർണമല്ല. മുറിഞ്ഞു മുറിഞ്ഞുള്ള സംഭാഷണ ശകലങ്ങളാണ് ഉള്ളതെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

ഈ കേസിലെ പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നത്. അപ്പോള്‍ തനിക്കെങ്ങനെ നീതി ലഭിക്കുമെന്നു ദിലീപ് ചോദിച്ചു. പൊലീസുകാരുടെ പേരുകള്‍ എഴുതിച്ചേര്‍ത്തതാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ബൈജു പൗലോസിനെ താന്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നില്ല. പക്ഷേ എഫ്‌.ഐ.ആറില്‍ ബൈജു പൗലോസിന്റെ പേരുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസന്വേഷിച്ച സുദര്‍ശന്‍ തന്റെ ദേഹത്തു കൈവച്ചിട്ടില്ല. അതുകൊണ്ടു തന്നെ സുദര്‍ശന്റെ കൈ വെട്ടുമെന്നു താന്‍ എന്തിനാണു പറയുന്നതെന്നും ദിലീപ് ചോദിച്ചു.
ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.
നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ ബൈജു പൗലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾക്കെല്ലാം എണ്ണിയെണ്ണി മറുപടി പറഞ്ഞു ഇന്ന് പ്രോസിക്യൂഷൻ.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

ദിലീപ് 2021 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഉപയോഗിച്ച മൊബൈല്‍ കോടതിക്ക് കൈമാറിയിട്ടില്ല. രണ്ടായിരത്തിലധികം കോളുകള്‍ ചെയ്ത ഈ മൊബൈല്‍ ഏതെന്ന് അറിയില്ലെന്ന ദിലീപിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഹർജിയിൽ അനന്തമായി വാദം നീളുന്നുവെന്ന വിമർശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസിൽ അന്തിമമായി തീർപ്പുണ്ടാക്കേണ്ടതുണ്ടെന്നും ഇന്നലെ കോടതി നിരീക്ഷിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ ഷാജിയാണ് പ്രോസിക്യൂഷക്കാനായി വാദിക്കുന്നത്

കോടതിയിൽ നടന്ന വാദം:

പ്രോസിക്യൂഷൻ: തീർത്തും അസാധാരണമായ കേസാണിത്. പ്രതികൾക്കു മേൽ ഇപ്പോൾ ചുമത്തിയ കുറ്റം മാത്രമല്ല ഇവരുടെ മുൻകാല പശ്ചാത്തലവും കോടതി പരിഗണിക്കണം. സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാനാണ് ഈ പ്രതികൾ  ക്വട്ടേഷൻ കൊടുത്തത്.

നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തിൽ ഞങ്ങൾക്ക് യാതൊരു ഭയവുമില്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ കോടതിയിൽ നിരത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് പരാജയപ്പെടുന്നുവെന്ന പ്രതിഭാഗത്തിന്‍റെ ആരോപണം നിലനിൽക്കില്ല. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ഈ കേസിൽ സാക്ഷിയായ ബാലചന്ദ്രകുമാറിനെ മുൻ പരിചയമില്ല.

പുതിയ  കേസ് അന്വേഷണത്തിന് നി‍ർദേശം നൽകിയത് എ.ഡി.ജി.പിയാണ്.
ബൈജു പൗലോസിന് ഈ കേസ് അന്വേഷണത്തിൽ യാതൊരു റോളുമില്ല. പുതിയ കേസിലെ അന്വേഷണ സംഘത്തിലും ബൈജു പൗലോസില്ല. പ്രതികൾ നടത്തിയ ​ഗൂഢാലോചനയ്ക്ക് സാക്ഷിയുണ്ട്. ആ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ബാലചന്ദ്രകുമാർ നൽകിയ മൊഴിയിൽ യാതൊരു വൈരുദ്ധ്യവുമില്ല. ഈ മൊഴികൾ കോടതി വിശ്വാസത്തിൽ എടുത്താൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാണ്.

ഗൂഡാലോചനയ്ക്ക് സാക്ഷിയുളള കേസാണിത്. അതുകൊണ്ടുതന്നെ ഏറെ വ്യത്യസ്ഥകളുളള കേസാണ്. ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയാണ്. അതുകൊണ്ടുതന്നെ കൊലപാതക ഗൂഡാലോചനയും തുടർനടപടികളും ഉണ്ടായി എന്ന് വിശ്വസിക്കാം.
ബാലചന്ദ്രകുമാർ ചാനലിൽ നൽകിയ അഭിമുഖത്തെ തുടർന്നാണ് ബൈജു പൗലോസിന്റെ പരാതി വരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് ഉദ്യോഗസ്ഥരെയും വകവരുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നു വ്യക്തമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നത്. സ്ഥിരതയുള്ള മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓ‍ഡിയോയുടെയും മറ്റും പിൻബലമുള്ള തെളിവുകൾ. നിയമപരമായി വിശ്വാസ്യതയുള്ള സാക്ഷിയാണ് ബാലചന്ദ്രകുമാർ. ഗൂഢാലോചന തികച്ചും രഹസ്യാത്മകമായാണ് നടന്നത്. ബാലചന്ദ്രകുമാറുമായി മറ്റെന്തെങ്കിലും തരത്തിലുള്ള കേസ് പ്രതിക്ക് ഇല്ല.

ഡിവൈ.എസ്.പി ബൈജു പൗലോസിന് ബാലചന്ദ്രകുമാറുമായി മുന്‍പരിചയമില്ല. തുടരന്വേഷണത്തിന് അപേക്ഷ നല്‍കുക മാത്രമാണ് ബൈജു പൗലോസ് ചെയ്തത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ അസ്വഭാവികമായി ഒന്നുമില്ല. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന വാദം നിലനില്‍ക്കില്ല. അന്വേഷണ ഉദ്യോഗസ്ഥർക്കു പണി കൊടുക്കണമെന്ന് ദിലീപ് ഉൾപ്പടെ ആറുപേർ ഉള്ള സംഘം തീരുമാനം എടുത്തു. നല്ല പണികൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകും. ഇത് ഉറച്ച തീരുമാനമാണ് എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഗൂഢാലോചനയിൽ ബാലചന്ദ്രകുമാർ സാക്ഷിയാണ്. ബാലചന്ദ്രകുമാർ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച ടാബിൽനിന്ന് ലാപ് ടോപ്പിലേക്ക്‌ കോപ്പി ചെയ്തു സൂക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്നു പറഞ്ഞതും ജീവനു ഭീഷണി ഉള്ളതും ഭാര്യയോട് അന്നു പറഞ്ഞിട്ടുണ്ട്. ഇത് കോടതിക്കു പരിശോധിക്കാമെന്ന്‌ പ്രോസിക്യൂഷൻ പറഞ്ഞു. ഗൂഢാലോചന പുറത്തുപറഞ്ഞാല്‍ അവർ കൊന്നു കളഞ്ഞേക്കുമെന്നു ബാലചന്ദ്രകുമാറിന്റെ ഭാര്യ ആശങ്കപ്പെട്ടിരുന്നു.

സോജനും സുദർശനും നല്ല ശിക്ഷയായിരിക്കും കൊടുക്കുക എന്നു പറയുന്നത് സാക്ഷി കേട്ടു.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നു മാണ് പ്രോസിക്യൂഷൻ നിലപാട്. ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

Back to top button
error: