മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കൽ ബോർഡ്. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലായതിന് പുറമെ മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. കൈകാലുകൾ ചലനം വീണ്ടെടുത്തത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയിൽ എത്തേണ്ടതുണ്ട്. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു തുടങ്ങി. വെള്ളം വേണോ, ദാഹിക്കുന്നുണ്ടോ എന്ന് ഡോക്ടർ ചോദിക്കുമ്പോൾ വാവ സുരേഷ് തലയാട്ടി പ്രതികരിക്കുന്നുണ്ട്. മൂക്കിൽ ട്യൂബ് ഉണ്ട്. അതുവഴി തരാമെന്ന് ഡോക്ടർ പറഞ്ഞു. വെന്റിലേറ്ററിൽ ആയതുകൊണ്ടാണ് സംസാരിക്കാൻ കഴിയാത്തതെന്നും ഡോക്ടർ വാവ സുരേഷിനോട് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ 6 വിദഗ്ധ ഡോക്ടർമാരാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.