വൈറലായി ഗായത്രി അശോകൻ നയിക്കുന്ന ‘ഗസൽ പെൺകുട്ടികൾ ‘
പ്രശസ്ത സംഗീതജ്ഞ ഗായത്രി അശോകൻ നയിക്കുന്ന ‘ഗസൽ പെൺകുട്ടികൾ ‘ ബാന്റ് വൈറലാകുന്നു. ഇന്ത്യയിലെ ആദ്യ പെൺ ഗസൽ ബാന്റ് ആണിത്.
ഗസലുകൾക്ക് പ്രത്യേക സ്ത്രീ സ്പർശം നൽകുന്ന വിധത്തിലാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കവിതയും സംഗീതവും ഇഴചേർന്നുള്ള ഗാനങ്ങൾ ഏവരുടെയും ഹൃദയം കവരും.
മേഘ റവൂട്ട്, കൗഷികി ജോഗൾക്കർ, നത്സ്യ സരസ്വതി,മുക്ത റേസ്റ്റ് എന്നിവരാണ് ഗായത്രി അശോകനൊപ്പം ബാന്റിൽ ഉള്ളത്.
ഏറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഗായത്രി അശോകൻ മലയാളത്തിലെ പ്രതിഭാധനയായ ഗായികയാണ്. ഹിന്ദുസ്ഥാനി സംഗീത മേഖലയിലും ഗായത്രി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
സിതാർ ഗുരു പുർബയാൻ ചാറ്റർജിയുടെ ശിഷ്യയാണ് മേഘ. നിരവധി വേദികളിൽ തിളക്കമാർന്ന പ്രകടനം മേഘ നടത്തിയിട്ടുണ്ട്.
ഹിന്ദുസ്ഥാനി സംഗീതത്തിൽ മികച്ച പ്രതിഭയുള്ള കൗശികി പാശ്ചാത്യ ക്ലാസിക്കൽ പിയാനോയിലും മികച്ച പ്രകടനം നടത്തുന്നു.
റഷ്യൻ വയലിനിസ്റ്റാണ് നത്സ്യ.പുർബയാൻ ചാറ്റർജിയുടെ കീഴിൽ കർണാട്ടിക് സംഗീത പഠനം തുടരുന്നു.
ഹാർമോണിയം വിദഗ്ധയായ മുക്ത മികച്ച ഗായികയുമാണ്. തബല വാദനത്തിലും മുക്ത തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
കോവിഡ് മാഹാമാരിക്കാലത്തും ‘ഗസൽ പെൺകുട്ടികൾ’ക്ക് തിരക്കിന് കുറവില്ല. ഓൺലൈൻ ആയും നിരവധി പരിപാടികൾ ആണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രതിഭാധനരായ ഒരുകൂട്ടം പെൺകുട്ടികൾ സംഗീത ലോകത്ത് പുതുചരിത്രം കുറിക്കുകയാണ്.