NEWS

സ്വർണക്കടയിൽ കയറി മോതിരം മോഷ്ടിച്ചു, കള്ളൻ ക്യാമറയിൽ കുടുങ്ങി

സെയിൽസ്മാൻ 20 മോതിരങ്ങള്‍ അടങ്ങിയ ട്രേ ഇയാളുടെ മുന്നില്‍ വച്ചു. അരപ്പവന്‍ തൂക്കംവരുന്ന ഒരെണ്ണം തെരഞ്ഞടുത്ത ഇയാൾ തന്ത്രപരമായി വ്യാജമോതിരം ട്രേയിൽ വച്ചിട്ട് ഒറിജിനല്‍ കൈക്കലാക്കി. മോതിരം പായ്ക്ക് ചെയ്യാൻ ആവശ്യപ്പെട്ട ശേഷം എ.ടി.എമ്മിൽ പോയി പണം എടുത്തുകൊണ്ടുവരാമെന്നു പറഞ്ഞ് മോഷ്ടാവ് മുങ്ങി

കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് റോഡിലുള്ള മഹാറാണി ജുവലറിയില്‍ ഇന്നലെ സ്വർണം വാങ്ങാനെത്തിയ യുവാവ് മോതിരവുമായി കടന്നുകളഞ്ഞു. ജീവനക്കാരനെ കബളിപ്പിച്ച്‌ ഒറിജിനല്‍ മോതിരം കൈക്കലാക്കിയ ശേഷം അതേ ആകൃതിയിലുള്ള വ്യാജ മോതിരം വച്ചിട്ടാണ് മോഷ്ടാവ് മുങ്ങിയത്. സി.സി.ടി.വി കാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Signature-ad

പച്ചക്കളര്‍ ടീഷര്‍ട്ടും കാക്കി പാന്റും ധരിച്ചെത്തിയ യുവാവ് ജീവനക്കാരന്‍ അനിലിനോട് മോതിരം ആവശ്യപ്പെട്ടു. അനില്‍ 20 മോതിരങ്ങള്‍ അടങ്ങിയ ട്രേ ഇയാളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഇവ പരിശോധിച്ച മോഷ്ടാവ് അരപ്പവന്‍ തൂക്കംവരുന്ന ഒരെണ്ണം തെരഞ്ഞടുത്തു. വില കണക്കുകൂട്ടുന്നതിനായി ജീവനക്കാരന്‍ കാല്‍ക്കുലേറ്ററെടുക്കാന്‍ തിരിഞ്ഞ സമയം ഒറിജിനല്‍ മോതിരം കൈക്കലാക്കി പകരം വ്യാജൻ ട്രേയിൽ വച്ചു. പണമെടുക്കുന്നതിനായി എ.ടി.എം എവിടെയുണ്ടെന്ന് ഇയാള്‍ ചോദിച്ചു. സമീപത്തുണ്ടെന്ന് പറഞ്ഞതോടെ പണം എടുത്തുകൊണ്ടുവരാമെന്നും മോതിരം പായ്ക്ക് ചെയ്യാനും ആവശ്യപ്പെട്ട ശേഷം മോഷ്ടാവ് മുങ്ങുകയായിരുന്നു.

ഇതിന് പിന്നാലെ സംശയം തോന്നിയ അനില്‍ ആഭരണം പരിശോധിച്ചപ്പോള്‍ ഹാള്‍മാര്‍ക്ക് മുദ്ര ഇല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടകാര്യം ഇദ്ദേഹത്തിന് മനസിലായത്.
സി.സി.ടി.വി ദൃശ്യങ്ങളില്‍ സമീപത്തെ ഭാമ, അഞ്ജലി എന്നീ ജുവലറികളിലും ഇയാള്‍ കയറാന്‍ ശ്രമിച്ചതായി കണ്ടെത്തി. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: