വേരിക്കോസ് വെയിന്‍ (സിരാഗ്രന്ഥി) എന്നാല്‍ സിരകള്‍ക്കുണ്ടാകുന്ന വീക്കം എന്നാണ് അര്‍ഥം.തൊലിക്കു തൊട്ടുതാഴെയായി നീലനിറത്തില്‍ ചെറിയ സിരകള്‍ക്കും പേശികളില്‍ ‘കാഫ്’ പേശി (ചെറുവണ്ണ തുട) യുടെ അകത്തായിട്ടും വലിയ സിരകള്‍ക്കുമാണ് ഈ അസുഖം ഉണ്ടാകുന്നത്.ചെറിയ സിരകള്‍ക്കുണ്ടാകുന്ന വീക്കം താരതമ്യേന അപകടരഹിതമാണ്. സ്ത്രീകളിലാണ് ഇത് സര്‍വസാധാരണമായി കാണാറ്. എന്നാല്‍ പുരുഷന്മാരിലും ഇത് അപൂര്‍വമല്ല.
ലക്ഷണങ്ങള്‍: കൂടുതല്‍ സമയം നില്‍ക്കുമ്പോള്‍ കാലിന് നേരിയ വേദനയോ കഴയ്ക്കുന്നതുപോലെയോ തോന്നുന്നതാണ് പ്രാഥമിക ലക്ഷണം. കാല്‍ പൊക്കി വെച്ച് കിടക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോള്‍ വേദന കുറയുന്നതായി കാണാം. രോഗം വര്‍ധിക്കുംതോറും വേദനയുടെ കാഠിന്യം കൂടിവരും. വേദനതോന്നുന്ന ഭാഗങ്ങള്‍ക്ക് തടിപ്പും പതുപതുപ്പും അനുഭവപ്പെടും. കാല്‍വണ്ണയുടെ ഭാഗങ്ങളില്‍ ചൊറിച്ചില്‍, നീര്, വേദന, നിറവ്യത്യാസം ഇവ ഉണ്ടാകും.
സിരകള്‍ക്ക് കട്ടി കുറയുന്നതനുസരിച്ച്വീക്കത്തിന് റെയും നീരിന്റെയും വേദനയുടെയും കാഠിന്യം കൂടുതലാവും. രാത്രികാലങ്ങളില്‍ മസില്‍കയറ്റം (ക്രാംപ്‌സ്) ഉണ്ടാവാം. തുടക്കത്തിലേ ആവശ്യമായ ചികിത്സകള്‍ ചെയ്തില്ലെങ്കില്‍ രോഗം വഷളാകാം. ക്രമേണ സിരകളുടെസങ്കോച വികാസക്ഷമത നഷ്ടപ്പെട്ട് രക്തചംക്രമണത്തിന്റെ യഥാര്‍ഥ ഗതി നഷ്ടമായി ദുഷിച്ച രക്തം കെട്ടിക്കിടക്കുന്നതോടെ ആ ഭാഗത്ത് കറുപ്പ് നിറം പ്രത്യക്ഷപ്പെടും. വീക്കം കൂടിവരുമ്പോള്‍ ഒരു നാള്‍ സിര പൊട്ടി രക്തം വാര്‍ന്നൊലിക്കും. പൊട്ടിയ ഭാഗം കാലാന്തരത്തില്‍ വ്രണമായി രൂപപ്പെടും. ഈ അവസ്ഥയില്‍ ഇത്തരം വ്രണങ്ങള്‍ ഉണങ്ങുന്നതിനുള്ള സാധ്യത വളരെ കുറയാം.
രോഗകാരണം: കാലിലെ സിരകളില്‍ സാധാരണ വാല്‍വുകള്‍ നിശ്ചിത അകലത്തിലുണ്ട്. ഹൃദയാശ്രിതമായുള്ള രക്തഗതിയെ ഉണ്ടാക്കുന്നതിനു സഹായമായി നില്‍ക്കുന്നത് ഇത്തരം വാല്‍വുകള്‍ ആണ്. ഗ്രാവിറ്റിക്കെതിരായ രക്തചംക്രമണത്തെ സഹായിക്കുന്ന ഈ വാല്‍വുകളാണ് യഥാര്‍ഥത്തില്‍ താഴേക്കുള്ള രക്തത്തിന്റെ ഒഴുക്കിനെ തടഞ്ഞുനിര്‍ത്തുന്നത്. ഈ വാല്‍വിനു ബലക്ഷയം വരുമ്പോഴോ ചോര്‍ച്ച ഉണ്ടാകുമ്പോഴോ വെയിനിലൂടെ ഹൃദയത്തെ ലക്ഷ്യമാക്കിയുള്ള മുകളിലേക്കുള്ള രക്തഗതി തടയപ്പെടുകയും കാലിന്റെ അവസാന ഭാഗങ്ങളിലെ വെയിനുകളില്‍ത്തന്നെ നില്‍ക്കുകയും ചെയ്യും.
ഇതുമൂലം കേടായ വാല്‍വിനു താഴെയുള്ള കുഴലുകള്‍ ഭിത്തിയില്‍ സമ്മര്‍ദം അധികരിച്ച് ആ ഭാഗത്ത് വെയിന്‍ തടിച്ച് വലിഞ്ഞ് വലുതാകും. അങ്ങനെയാണ് വെയിനില്‍ വേരിക്കോസ് രൂപപ്പെടുക. ശുദ്ധരക്തത്തിന്റെ സാന്നിധ്യം കുറയുകയും അതുകൊണ്ടുതന്നെ തൊലിപ്പുറമെ കറുപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യും. കൂടുതല്‍ സമയം നില്‍ക്കേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍, സെയില്‍സ് ജോലിക്കാര്‍, വീട്ടമ്മമാര്‍ തുടങ്ങിയവരിലാണ് ഈ അസുഖം ഉണ്ടാവുന്നത്. സ്ത്രീകളില്‍ ഗര്‍ഭിണിയാവുന്ന സമയത്തും വേരിക്കോസ് വെയിന്‍ രൂപപ്പെടുന്നു.
കാല്‍ പൊക്കിവെച്ച് -ഹൃദയത്തിന്റെ ലെവലിനു മുകളില്‍ വരത്തക്കവിധം-കിടക്കുകയോ ഇരിക്കുകയോ ചെയ്യുക, ദീര്‍ഘസമയം നില്‍ക്കാതിരിക്കുക, അമിതഭാരം ഒഴിവാക്കുക, ഒന്നോ രണ്ടോ കിലോ മീറ്റര്‍ നിത്യവും നടക്കുക മുതലായവ താത്കാലിക രോഗശമനത്തിനുള്ള മാര്‍ഗങ്ങളാണ്. തുടക്കത്തിലേ തന്നെ ചികിത്സ ചെയ്താല്‍ അടിസ്ഥാനപരമായി ഈ രോഗത്തിന്റെ വ്യാപനം തടയുവാന്‍ കഴിയും.