കോട്ടയം: കോട്ടയം അതിരമ്പുഴയിൽ കണ്ടത് കുറുവ സംഘത്തെയാണോ എന്ന് സ്ഥിരീകരിക്കാനായില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ. കുറവാ സംഘമിറങ്ങിയെന്ന പേരിൽ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. അതേസമയം ഒരാഴ്ചയായിട്ടും മോഷ്ടാക്കളെ കണ്ടെത്താത്തതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
അതിരമ്പുഴ പഞ്ചായത്തിലെ ആറ് വീടുകളിൽ കഴിഞ്ഞ 27ന് രാത്രിയാണ് മോഷണശ്രമം നടന്നത്. മുഖം മറച്ച് മാരകായുധങ്ങളുമായി എത്തിയ മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങിയതോടെയാണ് കുറവാസംഘമെന്ന പ്രചാരണമുണ്ടായത്. റെയിൽവേ ട്രാക്കിന് സമീപത്തുള്ള വീടുകളിൽ ആയിരുന്നു മോഷണശ്രമം. മോഷണത്തിനെത്തിയത് കുറുവാ സംഘമെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.