Breaking NewsKeralaLead NewsNEWS

സിൽവർലൈന് വി.ഡി സതീശൻ ടീമിന്റെ റെഡ്കാർഡ്; പദ്ധതി റദ്ദാക്കാൻ മന്ത്രി സഭാ തീരുമാനം; മഞ്ഞക്കുറ്റികൾ നീക്കും

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി റദ്ദാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സിൽവർലൈനുമായി ബന്ധപ്പെട്ട കേസുകൾ അതിന്റെ സ്വഭാവം പരിഗണിച്ച് പിൻവലിക്കാനുള്ള ശുപാർശ കോടതിയിൽ സമർപ്പിക്കാനും തീരുമാനമായി. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Signature-ad

സിൽവർലൈൻ പദ്ധതി ജനങ്ങൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. “പദ്ധതി നടപ്പിലാകാത്തതും ഉപേക്ഷിച്ച നിലയിലുമാണ്. എന്നാൽ വർഷങ്ങളായി ഈ ഭൂമി വാങ്ങാനോ വിൽക്കാനോ സാധാരണക്കാർക്ക് കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. സിൽവർ ലൈനിനെതിരെ ഞങ്ങൾ സമരം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം,” അദ്ദേഹം പറഞ്ഞു.

മഞ്ഞക്കുറ്റികൾ സ്ഥാപിച്ച പ്രദേശങ്ങളിലെ ആളുകൾക്ക് സ്ഥലം വിൽക്കാനും പണയപ്പെടുത്താനും കഴിയാത്ത അവസ്ഥ ഏറെക്കാലമായി തുടരുകയായിരുന്നുവെന്നും പദ്ധതിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ജനങ്ങളിൽ നിലനിന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ച നിലയിലായിരുന്നിട്ടും വിജ്ഞാപനങ്ങൾ റദ്ദാക്കിയിരുന്നില്ല. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന നിലപാടിലായിരുന്നു കഴിഞ്ഞ പിണറായി മന്ത്രിസഭ. ആ തീരുമാനമാണ് ഇപ്പോൾ വി.ഡി. സതീശൻ മന്ത്രിസഭ റദ്ദാക്കിയിരിക്കുന്നത്.

അതേസമയം, 2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2026 നവംബർ 30 വരെ ദീർഘിപ്പിക്കാൻ പി.എസ്.സിക്ക് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് വിജ്ഞാപനവും പ്രചാരണവും കാരണം പി.എസ്.സിക്ക് നിയമന ഉത്തരവുകൾ നൽകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മൂന്ന് മാസത്തെ ദീർഘിപ്പിക്കൽ തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നൂറുദിന കർമ്മപരിപാടിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പദ്ധതി പിൻവലിക്കാനുള്ള തീരുമാനത്തെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് സിൽവർലൈൻ സമരസമിതി അം​ഗങ്ങൾ സ്വാ​ഗതം ചെയ്തത്. പദ്ധതിയുമായിഭാ​ഗമായുള്ള കുറ്റി സ്ഥാപിക്കലിനെ എതിർത്തവരെ പിടിച്ചു വലിച്ചിഴച്ചു നീക്കിയ ചങ്ങനാശ്ശേരി മടപ്പള്ളിയിലെ സമരസമിതിയും പ്രദേശവാസികളും തങ്ങളുടെ നിറഞ്ഞ സന്തോഷം പ്രകടമാക്കി.

Back to top button
error: