ഇങ്ങോട്ട് ഒന്നും പണയണ്ടാ…യുദ്ധം മൂലമുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം തരില്ല, ഇറാന്റെ കൈവശമുള്ള യൂറേനിയം അമേരിക്കയ്ക്ക് കൈമാറണം, രാജ്യത്ത് ഒരു ആണവ കേന്ദ്രം മാത്രമേ പാടുള്ളു, വിദേശത്ത് മരവിപ്പിച്ചിട്ടുള്ള സാമ്പത്തിക ആസ്തികളിൽ നിന്നും 25% പോലും വിട്ടുനൽകില്ല- ഇറാനുമേൽ കടുത്ത നിബന്ധനകൾ മുന്നോട്ടുവച്ച് യുഎസ്, യുദ്ധത്തിൽ നേടാത്ത ആനുകുല്യങ്ങൾ ചർച്ചകളിലൂടെ നേടാൻ ശ്രമം- പരിഹസിച്ച് ഇറാൻ

വാഷിംഗ്ടൺ: ടെഹ്‌റാൻ തമ്മിലുള്ള സമാധാന ചർച്ചകൾ ഒരു ഭാഗത്തുകൂടി മുന്നോട്ടുപോകുന്നതിനിടെ അമേരിക്ക ഇറാനുമേൽ കടുത്ത നിബന്ധനകൾ മുന്നോട്ടുവച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻകാല സാമ്പത്തിക ഉപരോധങ്ങളും നയപരമായ തീരുമാനങ്ങളും മൂലമുണ്ടായ നഷ്ടങ്ങൾക്ക് യാതൊരു വിധത്തിലും നഷ്ടപരിഹാരം നൽകില്ലെന്നതാണ് അമേരിക്കയുടെ പ്രധാന നിലപാട്. കൂടാതെ, ചർച്ചകളുടെ ഭാഗമായി ഇറാൻ സ്വന്തമായി സൂക്ഷിച്ചിരിക്കുന്ന 400 കിലോഗ്രാം സമ്പുഷ്ട യൂറേനിയം അമേരിക്കയ്ക്ക് കൈമാറണമെന്ന ആവശ്യവും ഉയർത്തിയിട്ടുണ്ടെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ ഇറാന്റെ ആണവ പദ്ധതികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഒരു ആണവ കേന്ദ്രം മാത്രമേ പ്രവർത്തിക്കാവൂവെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഇതിനെല്ലാം പുറമെ, വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ സാമ്പത്തിക ആസ്തികളിൽ നിന്നും 25 ശതമാനം പോലും വിട്ടുനൽകാൻ അമേരിക്ക തയ്യാറല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ മേഖലകളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതും ചർച്ചകളുടെ പുരോഗതിയുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും, ഇറാൻ എല്ലാ നിബന്ധനകളും അംഗീകരിച്ചാലും അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക ഭീഷണി തുടരാൻ സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സമാധാനമായി ചർച്ച അവസാനിപ്പിക്കാൻ അമേരിക്ക യാതൊരു സുതാര്യമായ ഇളവുകളും മുന്നോട്ടുവച്ചിട്ടില്ലെന്ന വിമർശനവുമായി ഇറാൻ രംഗത്തെത്തി. യുദ്ധത്തിലൂടെ നേടാനാകാത്ത അനുകൂല്യങ്ങൾ ഓസിനു ചർച്ചകളിലൂടെ നേടാൻ അമേരിക്ക ശ്രമിക്കുകയാണെന്നും, ഇത് ചർച്ചകളെ തളർത്തുമെന്നും മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ചർച്ചകൾ ആരംഭിക്കാനായി ഇറാൻ അഞ്ച് വിശ്വാസ നിർമാണ നിബന്ധനകളും മുന്നോട്ടുവച്ചിട്ടുണ്ട്. ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണം, ഇറാനെതിരായ ഉപരോധങ്ങൾ പൂർണമായും നീക്കണം, വിദേശത്ത് മരവിപ്പിച്ചിട്ടുള്ള ഇറാന്റെ നിധികൾ മോചിപ്പിക്കണം, യുദ്ധത്തിൽ ഉണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം, ആഗോള എണ്ണ ഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ഇതിനിടെ, അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ സായുധ സേനാ വക്താവ് മുന്നറിയിപ്പ് നൽകി. അമേരിക്ക നയതന്ത്രം എന്ന പേരിൽ സൈനിക ലക്ഷ്യങ്ങൾ പിന്തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ആരോപിച്ചു. ആഗോള ഊർജ്ജ വിപണിയിലെ സ്ഥിരത ഉറപ്പാക്കാനാണെന്ന പേരിൽ അമേരിക്കയും ഇസ്രായേലും യഥാർത്ഥത്തിൽ അസ്ഥിരതയും സംഘർഷവും സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ലോകത്ത് പ്രതിസന്ധി സൃഷ്ടിച്ച് പിന്നീട് സമാധാനം സ്ഥാപിക്കുന്നതെന്ന പേരിൽ അതിനെ കൂടുതൽ വഷളാക്കുന്ന സമീപനമാണിതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ മുന്നോട്ടുവച്ച 14 കാര്യങ്ങളടങ്ങിയ സമാധാന നിർദേശം തള്ളിയതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ, ഇറാന്റെ നിർദേശം അംഗീകരിക്കാത്ത പക്ഷം അമേരിക്കൻ ജനങ്ങൾക്ക് വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖലിബാഫ് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെ ലക്ഷ്യമിട്ട് നടത്തിയ സൈനികാക്രമണങ്ങൾക്കുശേഷമാണ് പ്രദേശത്ത് സംഘർഷം രൂക്ഷമായത്. തുടർന്ന് ഇറാൻ തിരിച്ചടിയായി നടത്തിയ ആക്രമണങ്ങൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പൽ ഗതാഗതത്തെ ബാധിക്കുകയും ചെയ്തു.
ഏപ്രിൽ 8ന് പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിലെത്തിയെങ്കിലും തുടർന്ന് നടന്ന ചർച്ചകൾ അന്തിമ സമാധാനത്തിലേക്ക് എത്തിച്ചേരാനായിട്ടില്ല. വെടിനിർത്തൽ നീട്ടിയെങ്കിലും ഇരു രാജ്യങ്ങളും കടുംപിടുത്തം തുടരുന്നതിനാൽ സ്ഥിരമായ പരിഹാരം ഇനിയും കണ്ടെത്താനായിട്ടില്ലെന്നതാണ് നിലവിലെ അവസ്ഥ.






