Breaking NewsKeralaLead NewsNEWS

റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, തിരുവഞ്ചൂർ ഇടഞ്ഞ് തന്നെ!! വിഡിഎസ് ക്യാബിനെറ്റിൽ കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത

തിരുവനന്തപുരം: VDS മന്ത്രി സഭയിലേക്ക് മന്ത്രിമാരെയും വകുപ്പുകളെയും തീരുമാനിക്കാൻ യുഡിഎഫിൽ ചർച്ചകൾ സജീവമായി തുടരുന്നു. ഇന്ന് വൈകിട്ടോടെ പട്ടിക ഗവർണർക്ക് കൈമാറി നാളെ സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കാനാണ് തീരുമാനം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ധനവകുപ്പും ലഭിച്ചേക്കും. അതുപോലെ ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), കെ. മുരളീധരൻ (ആരോഗ്യം), സണ്ണിജോസഫ് (റവന്യൂ), എ.പി.അനിൽകുമാർ (ടൂറിസം), എം.ലിജു (എക്സൈസ്) എന്നിങ്ങനെയാണ് ഇപ്പോഴുണ്ടായേക്കുന്ന ധാരണ. ചാണ്ടി ഉമ്മന് കായിക യുവജനക്ഷേമം ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കുണ്ടറയിൽനിന്ന് വിജയിച്ച പി.സി. വിഷ്ണുനാഥിന് വൈദ്യുതി വകുപ്പ് ലഭിക്കുമെന്നും സൂചനയുണ്ട്.

അതേസമയം മുസ്‌ലിംലീഗിൽനിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ, ഐ.ടി. വകുപ്പുകളും കൈകാര്യം ചെയ്‌തേക്കും. ബിന്ദു കൃഷ്ണയെ സാമൂഹിക ക്ഷേമ-വനിതാ ശിശു വികസന മന്ത്രിയായും ഗതാഗത വകുപ്പ് സി.പി. ജോണിനും ലഭിച്ചേക്കും. ഷിബു ബേബി ജോൺ തൊഴിൽ വകുപ്പ് മന്ത്രിയായേക്കും.

Signature-ad

അന്തിമ ലിസ്റ്റ് തയാറാക്കുന്നതിനു മുൻപ് ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. റവന്യൂ വേണമെന്നാണ് കേരള കോൺഗ്രസ് (ജോസഫ്) ആവശ്യപ്പെടുന്നത്. എന്നാൽ കൃഷി നൽകാമെന്നാണ് കോൺഗ്രസിന്റെ മറുപടി. ഇതോടെ 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിനു മുഖ്യമന്ത്രിയടക്കം 12 പേരെ ലഭിക്കും. നാളെ 10നാണ് വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.

നിലവിലുള്ള കണക്കുകൂട്ടൽ പ്രകാരം മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുന്നവരിൽ ഒരാൾ സ്പീക്കറാകും, മറ്റൊരാൾ ഡപ്യൂട്ടി സ്പീക്കറോ, ചീഫ് വിപ്പോ ആകും. അങ്ങനെ വരുമ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോജി എം. ജോൺ, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ പേര് സ്പീക്കർ സ്ഥാനത്തേക്കും പറഞ്ഞുകേൾക്കുന്നുണ്ട്. സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങുന്നില്ലെന്നാണ് വിവരം.തിരുവ‍ഞ്ചൂരിന് മന്ത്രി സ്ഥാനം വേണമെന്നാണ് ആവശ്യം. അങ്ങനെ വരുമ്പോൾ സ്പീക്കർ സ്ഥാനത്തേക്ക് വി.ടി. ബൽറാമിനെ പരി​ഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കോൺഗ്രസിൽ മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പായവർ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, എം.ലിജു, ബിന്ദു കൃഷ്ണ. പരിഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്- റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, ടി.സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ, എൻ. ശക്തൻ, വി.ടി. ബൽറാം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: