എംഎൽഎമാരുടെ പിന്തുണയില്ല, വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് പിന്മാറുന്നു? കെസിക്ക് 47 എംഎൽഎമാരുടെ പിന്തുണ

തിരുവനന്തപുരം: വൻ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള അനൗദ്യോഗിക ചർച്ചകളിൽ നിന്ന് പിൻമാറുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംഎൽഎമാരുടെ പിന്തുണയിൽ ഭൂരിപക്ഷം തികയ്ക്കാൻ ലഭിക്കാത്ത സാഹചര്യത്തിലാണ് വി.ഡി.സതീശന്റെ പിന്മാറ്റമെന്നാണ് സൂചന. വിഡിയെ കൂടാതെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് നിലവിൽ ഉയർന്നു കേൾക്കുന്നത്.
നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കെസി വേണുഗോപാൽ വിഭാഗം തങ്ങൾക്ക് 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് പറയുന്നത്. 16 എംഎൽഎമാരുടെ പിന്തുണ രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. 9 എംഎൽഎമാരാണ് നിലവിൽ വിഡി സതീശനെ പിന്തുണക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ യുഡിഎഫ് സർക്കാരുണ്ടാകുമെന്ന പ്രതീക്ഷ ഉയർന്നതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമായത്. കോൺഗ്രസ് നിയമസഭാകക്ഷിക്കുള്ളിൽ പല നേതാക്കളെയും ചുറ്റിപ്പറ്റി അഭിപ്രായ വ്യത്യാസങ്ങൾ ഉയരുകയും വലിയൊരു വിഭാഗം എംഎൽഎമാർ, പരിചയസമ്പന്നനായ നേതാവിനെ മുഖ്യമന്ത്രിയായി വേണമെന്ന നിലപാട് എടുത്തതായും സൂചനയുണ്ട്.
അതേസമയം മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന നിലപാടിലാണ് ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും. മാത്രമല്ല യുഡിഎഫിലെ ഘടകകക്ഷികൾക്കും ഈ അഭിപ്രായത്തോട് യോജിപ്പാണ് ഉള്ളത്. സംഘടനാ പരിചയം, ഭരണപരിചയം, വിവിധ വിഭാഗങ്ങളുമായുള്ള അടുപ്പം എന്നിവ ചെന്നിത്തലയ്ക്ക് അനുകൂല ഘടകമാണ്.
പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമാകാതിരിക്കാൻ വിഡി സതീശൻ സൗമ്യമായ സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. പാർട്ടിയുടെ ഐക്യം മുഖ്യമന്ത്രി സ്ഥാനത്തേക്കാൾ വലുതാണെന്ന നിലപാടാണ് വി.ഡി സതീശൻ കൈക്കൊണ്ടിരിക്കുന്നത്. ഇക്കാര്യം അടുത്ത സഹപ്രവർത്തകരോട് പങ്കുവെക്കുന്നുമുണ്ട്.
ഇതിനിടെ കേരളത്തിലെ സംഭവവികാസങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭാകക്ഷി യോഗത്തിനുശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും ദേശീയ നേതാക്കൾ സൂചിപ്പിച്ചു. കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കും കൂട്ടുകക്ഷി നീക്കങ്ങൾക്കും വഴിവെക്കുന്ന സംഭവവികാസമായാണ് വി.ഡി. സതീശന്റെ പിന്മാറ്റ സൂചന വിലയിരുത്തപ്പെടുന്നത്.
അതേസമയം മുഖ്യമന്ത്രിയാരെന്നതിൽ നേതൃത്വം ഇതുവരയെും നിലപാട് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെയോടും രാഹുൽ ഗാന്ധി തൻ്റെ അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് വാർത്തകൾ. കെസി വേണുഗോപാലിൻ്റെ പ്രവർത്തന മേഖല ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മാറ്റണോ എന്നതിൽ രാഹുൽ ഗാന്ധിയുടെ നിലപാട് നിർണായകമാണ്. അതേസമയം എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മുതിർന്ന നേതാക്കളേയും ഘടകകക്ഷികളെയും അഭിപ്രായം വർ കേൾക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് തങ്ങളെ അയച്ചതെന്നും നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും അജയ് മാക്കൻ പ്രതികരിച്ചു.






