ഡൽഹിയിൽ പോയത് മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങൾക്ക് വേണ്ടി രാഹുൽ ഗാന്ധിയുമായി മീറ്റിങ്ങിൽ പങ്കെടുക്കാൻ…കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ നിരീക്ഷകർ എത്തിയിട്ടുണ്ട്, അവർ എംഎൽഎമാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് നൽകും- ചെന്നിത്തല!! നിർണായക നിയമസഭാകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: താൻ ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ നിരീക്ഷകർ എത്തിയിട്ടുണ്ട്, അവർ എല്ലാ എംഎൽഎമാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുകയായിരുന്നു. കേരളത്തിലെ ചരിത്രപരമായ വിജയത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അഭിനന്ദനമറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘താൻ കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നില്ല ഡൽഹിയിൽ പോയത്. മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങൾക്ക് വേണ്ടിയാണ് ഡൽഹിയിൽ പോയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ അന്തിമ തീരുമാനം എടുക്കാൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഒരു യോഗത്തിനാണ് പോയത്. കേരളത്തിലെ കാര്യങ്ങളിൽ നിരീക്ഷകർ ഇവിടെ എത്തിയിട്ടുണ്ട്. അവർ എല്ലാ എംഎൽഎമാരുമായും നേതാക്കന്മാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് നൽകും. അതനുസരിച്ച് ഹൈക്കമാൻഡ് തീരുമാനമെടുക്കും. അതാണ് കോൺഗ്രസിലെ കീഴ്വഴക്കം. ആ രീതിയിൽ കാര്യങ്ങൾ നടക്കും. നിരീക്ഷകരുടെ യുക്തമനുസരിച്ച് കാര്യങ്ങൾ ചെയ്യും. കോൺഗ്രസ് പാർട്ടിയുടെ നിശ്ചിത പ്രോസസ് അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്’- രമേശ് പറഞ്ഞു.
അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷകർ തിരുവനന്തപുരത്ത് എത്തിയിരുന്നു. നിർണായക നിയമസഭാകക്ഷിയോഗം ഇന്ന് ചേരുമെന്നാണ് വിവരം. ഇതിനായി എഐസിസി നിരീക്ഷകരായ മുകുൾ വാസ്നികും അജയ് മാക്കാനുമാണ് തിരുവനന്തപുരത്ത് എത്തിയത്.






