‘പ്രസിഡന്റിന്റെ നിർദ്ദേശങ്ങൾക്ക് വേണ്ടത്ര വില നല്കുന്നില്ല; സൈന്യം പറയുന്നത് അനുസരിക്കുന്നു ‘: വിദേശകാര്യ മന്ത്രി അരാഗ്ചിയെ പുറത്താക്കാൻ ഇറാൻ ഭരണകൂട നീക്കം

ടെഹ്റാൻ: ഇറാനിൽ യുഎസുമായുള്ള നിർണായക ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്ന വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ പദവിയിൽ നിന്ന് നീക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാറും അറാഗ്ചിയുടെ പ്രവർത്തനശൈലിയോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും, അദ്ദേഹത്തെ വിദേശകാര്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതായും ‘ഇറാൻ ഇന്റർനാഷണൽ’ റിപ്പോർട്ട് ചെയ്യുന്നു.
യുഎസുമായുള്ള ചർച്ചകളിൽ ഇറാൻ പ്രസിഡന്റിന്റെ നിർദേശങ്ങളും നയപരമായ മാർഗരേഖകളും അവഗണിച്ചാണ് അറാഗ്ചി മുന്നോട്ടുപോകുന്നതെന്നതാണ് പ്രധാന ആരോപണം. പ്രത്യേകിച്ച്, സർക്കാരിന്റെ ഔദ്യോഗിക നിലപാടുകളേക്കാൾ ഇറാൻ സൈന്യത്തിന്റെ കഠിനമായ സമീപനങ്ങളോടാണ് അദ്ദേഹം കൂടുതൽ അനുകൂലത കാണിക്കുന്നതെന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്. ഇതോടെ ചർച്ചകളുടെ ദിശയും ഫലവും ബാധിക്കാമെന്ന ആശങ്ക ഭരണകൂടത്തിനകത്ത് ശക്തമായി ഉയർന്നിരിക്കുകയാണ്.






