വൈകിട്ട് ഭക്ഷണത്തിനൊപ്പം കോഴിക്കറി ഉണ്ടാക്കി നൽകിയില്ല, ഭാര്യയുമായി ഉഗ്രൻ വഴക്ക്, ബന്ധുക്കളും അയൽക്കാരും വന്ന് പ്രശ്നം അവസാനിപ്പിക്കാൻ നോക്കിയിട്ടും വഴങ്ങിയില്ല, ഭാര്യ ഭർത്താവിന്റെ കഴുത്തിന് വെട്ടി, 28 കാരൻ രക്തം വാർന്ന് കൊല്ലപ്പെട്ടു

ഹൈദരാബാദ്: അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കാത്തതിൽ ഭാര്യയുമായി വഴക്ക്. പ്രശ്നം പരിഹരിക്കാൻ ബന്ധുക്കളും അയൽക്കാരും നോക്കിയിട്ടും നടന്നില്ല. സഹികെട്ട് ഭർത്താവിനെ അരിവാൾകൊണ്ട് വെട്ടി ഭാര്യ, ഒടുവിൽ രക്തം വാർന്നൊഴുകി 28കാരന് മരണം. കഴിഞ്ഞ ദിവസം തെലങ്കാനയിലെ കാമറെഡ്ഡി ടൗണിൽ ഗോസാങ്കി കോളനി സ്വദേശിയായ കോദൻദം ശിവാജി ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ഒൻപതുമണിക്കാണ് അക്രമത്തിനിടയാക്കിയ സംഭവത്തിനു തുടക്കം. അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കത്തിൽ പ്രകോപിതനായ ശിവാജി ഭാര്യ ലക്ഷ്മിയുമായി വഴക്കിടുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ തൊട്ടടുത്തുള്ള ബന്ധുക്കൾ വീട്ടിലെത്തി ദമ്പതികളെ അനുനയിപ്പിച്ചു. എന്നാൽ രണ്ടുപേരും വീട്ടിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ തർക്കം വീണ്ടും തുടങ്ങി. തൻ്റെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം ഉണ്ടാക്കുന്നില്ലെന്ന് പറഞ്ഞ് ലക്ഷ്മിയെ കുറ്റപ്പെടുത്തിയ ശിവാജി, പഴയം മറ്റ് പല പ്രശ്നങ്ങളും വലിച്ചിട്ടു.
ദമ്പതികൾ തമ്മിലുള്ള തർക്കം കടുത്തതോടെ മറ്റൊരു ബന്ധുവുമെത്തി ഇരുവരെയും ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, കയ്യിൽ കിട്ടിയ അരിവാൾ എടുത്ത ലക്ഷ്മി ശിവാജിയുടെ കഴുത്തിന് വെട്ടി. വെട്ടേറ്റ് വീണതിനിടെ ശിവാജിയുടെ തല നിലത്തിടിച്ച് രക്തം വാർന്നൊഴുകുകയും യുവാവിന് തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തിൽ ശിവാജിയുടെ മൂത്ത സഹോദരൻ സുരിയുടെ പരാതിയിൽ ബിഎൻഎസ് സെക്ഷൻ 103 (1) വകുപ്പ് ചുമത്തി കേസെടുത്ത കാമറെഡ്ഡി പോലീസ്, തിങ്കളാഴ്ച ലക്ഷ്മിയെ അറസ്റ്റ് ചെയ്തു.






