പ്രതീക്ഷയ്ക്ക് വകയുണ്ട്; യുഎസ്, ഇറാന് പ്രതിനിധികള്‍ വീണ്ടും ചര്‍ച്ചയ്ക്ക്; ഈയാഴ്ച വീണ്ടും പാകിസ്താനില്‍ എത്തും; വെടിനിര്‍ത്തല്‍ ഒരാഴ്ചകൂടി; വളര്‍ച്ചാ നിരക്ക് കുറച്ച് ഐഎംഎഫ്

ഇസ്ലാമാബാദ്/വാഷിംഗ്ടണ്‍/ദുബായ്: യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി യുഎസ്, ഇറാന് പ്രതിനിധികള്‍ ഈ ആഴ്ച വീണ്ടും ഇസ്ലാമാബാദിലെത്തുമെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
യുഎസ് ഉപരോധം ടെഹ്റാനില്‍ നിന്ന് പ്രകോപനപരമായ പ്രതികരണങ്ങള്‍ ഉണ്ടാക്കിയെങ്കിലും, നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്ന സൂചനകള്‍ എണ്ണ വിപണിക്കു ഗുണകരമായി. ഇതോടെ ബെഞ്ച്മാര്‍ക്ക് വില ചൊവ്വാഴ്ച 100 ഡോളറിന് താഴെയെത്തി.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും നിര്‍ണായക ചര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താനില്‍ നടന്നത്. ചര്‍ച്ചകള്‍ പാളിയതോടെ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലില്‍ ആശങ്ക തുടരുകയാണ്. ഇനി ഒരാഴ്ചകൂടി വെടിനിര്‍ത്തല്‍ സമയമുണ്ട്. ഇരുരാജ്യങ്ങളും വീണ്ടും പ്രതിനിധികളെ അയയ്ക്കുമെന്നും ചര്‍ച്ചകളുമായി ബന്ധമുള്ള ഉറവിടം വ്യക്തമാക്കിയെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ‘സ്ഥിരമായ തീയതിയൊന്നും നിശ്ചയിച്ചിട്ടില്ല, പ്രതിനിധികള്‍ വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങള്‍ ഇതിനായി മാറ്റിവെച്ചിരിക്കുകയാണ്’- ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
തിങ്കളാഴ്ച ഇറാന് ബന്ധപ്പെട്ടിരുന്നുവെന്നും ഒരു കരാര്‍ ഉണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കുന്ന ഒരു കരാറിനും താന്‍ അനുമതി നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും യുദ്ധം ആരംഭിച്ചതുമുതല്‍, ഇറാന് തങ്ങളുടേതല്ലാത്ത മിക്കവാറും എല്ലാ കപ്പലുകള്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്കു ഹോര്‍മുസ് കടലിടുക്കിനെ മാറ്റി. ഇറാനിയന്‍ നിയന്ത്രണത്തിലും ഫീസിനും വിധേയമായി മാത്രമേ കടന്നുപോകാന്‍ അനുവദിക്കൂ എന്ന് അവര്‍ പറഞ്ഞു. ആഗോള എണ്ണ, വാതക വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് മുമ്പ് ഈവഴിയാണ് ഒഴുകിയത്. ഇത് ആഗോളതലത്തില്‍ പ്രത്യാഘാതത്തിന് ഇടയാക്കി.
ഒരു തിരിച്ചടി എന്ന നിലയില്‍, ഇറാന് തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതം തടയാന്‍ തിങ്കളാഴ്ച ആരംഭിച്ചതായി യുഎസ് സൈന്യം അറിയിച്ചു. കടലിടുക്കിലൂടെ പോകുന്ന നാവിക കപ്പലുകളെ ആക്രമിക്കുമെന്നും ഗള്‍ഫ് അയല്‍രാജ്യങ്ങളുടെ തുറമുഖങ്ങള്‍ക്കെതിരെ തിരിച്ചടിക്കുമെന്നും ടെഹ്റാന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യുഎസ് ഉപരോധം തുടങ്ങി ഒരു ദിവസമായിട്ടും നടപ്പാക്കാന്‍ ഇതുവരെ തയാറായിട്ടില്ല.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് കുറച്ചു. യുദ്ധം മൂലമുണ്ടാകുന്ന വിലക്കയറ്റവും വിതരണ തടസങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇത്. സംഘര്‍ഷം വഷളാകുകയും എണ്ണവില 2027 വരെ ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുകയും ചെയ്താല്‍ ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിന്റെ വക്കിലെത്തുമെന്നും അവര്‍ പറഞ്ഞു.
ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി ആഗോള എണ്ണ വിതരണത്തിന്റെയും ഡിമാന്‍ഡ് വളര്‍ച്ചയുടെയും പ്രവചനങ്ങള്‍ കുത്തനെ കുറച്ചു. രണ്ടും ഇപ്പോള്‍ 2025-ലെ നിലവാരത്തില്‍ നിന്ന് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഏജന്‍സി അറിയിച്ചു.
ഉപരോധത്തില്‍ പങ്കുചേര്‍ന്ന് സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ താല്പര്യമില്ലെന്ന് ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള അമേരിക്കയുടെ നാറ്റോ സഖ്യകക്ഷികള്‍ പറഞ്ഞു. എങ്കിലും കരാറില്‍ എത്തിക്കഴിഞ്ഞാല്‍ സഹായിക്കുന്നതിനായി ഒരു പ്രതിരോധ മള്‍ട്ടി ലാറ്ററല്‍ മിഷന് രൂപീകരിച്ച് കടലിടുക്ക് സംരക്ഷിക്കാന്‍ സഹായിക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
#USIranConflict, #PeaceTalks, #IslamabadNegotiations, #DonaldTrump, #OilPrices, #GlobalEconomy, #HormuzStrait, #InternationalNews, #USBlockade, #Ceasefire, #NuclearDeal, #MiddleEastCrisis, #MalayalamNews, #WorldPolitics






