25 വർഷങ്ങൾക്ക് മുമ്പ് അനുഭവിച്ചത് ഇന്നും കുട്ടികൾ ഇതെല്ലാം അനുഭവിക്കുന്നുണ്ടല്ലോ, നിരാശ തോന്നുന്നു…സർജറിയിലൊക്കെ അസിസ്റ്റ് ചെയ്യുമ്പോൾ നമ്മളെപ്പറ്റി ദ്വയാർഥ പ്രയോഗങ്ങൾ നടത്തും, ഡബിൾ മീനിങ്ങുള്ള തമാശകൾ പറയും, ഇതൊക്കെ മനസിലാകുമെങ്കിലും പ്രതികരിക്കാൻ പറ്റില്ല… അവർ നമ്മളെ പരീക്ഷയ്ക്ക് പൊട്ടിച്ചു കളയും …. ഡോ. സൗമ്യ സരിൻ

പാലക്കാട്: ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിലും വിദ്യാർഥികൾ നേരിടേണ്ടി വരുന്ന അപമാനങ്ങൾക്കുമിടെ സമാന രീതിയിൽ താൻ പഠിക്കുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഡോ. സൗമ്യ സരിൻ. പുരോഗമിച്ചു എന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് ഇത് സംഭവിച്ചതെന്നും ഇത് കേട്ടപ്പോൾ ഞെട്ടലല്ല ഉണ്ടായതെന്നും സൗമ്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
ഈ സംഭവം കേട്ടപ്പോൾ തനിക്ക് ഞെട്ടലിനേക്കാൾ നാണക്കേടാണ് തോന്നിയത്. കേരളം ഒരു സ്വർഗം ഒന്നുമായിട്ടില്ല. മനസിൽ മതവും ജാതിയും കൊണ്ട് നടക്കുന്നവർ ഇന്നും നമുക്ക് ചുറ്റുമുണ്ട്. പഠിക്കുന്ന കുട്ടിയോട് പോലും അത് കാണിക്കുന്നവരുണ്ട് എന്നുള്ളത് നാണക്കേട് ഉണ്ടാക്കുന്നു. കറുത്തയാൾ, മെലിഞ്ഞയാൾ, തടിച്ചയാൾ എന്നൊക്കെ പറഞ്ഞ് കുട്ടികളെ ബോഡി ഷെയ്മിങ് ചെയ്യാൻ ഇവർക്ക് നാണക്കേട് തോന്നുന്നില്ലേ എന്നും സൗമ്യ വീഡിയോയിൽ ചോദിക്കുന്നു.
‘‘ 25 വർഷം മുൻപ് എംബിബിഎസ് പഠിക്കുന്ന സമയത്ത് പല ഡിപ്പാർട്ട്മെൻറുകളിൽ നിന്നും ബോഡി ഷെയ്മിങ് കമൻറുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയും. ഇവരെ നമുക്ക് പിണക്കാൻ പറ്റില്ല. അവർ നമ്മളെ പരീക്ഷയ്ക്ക് പൊട്ടിച്ചു കളയും. പലപ്പോഴും സർജറിയിലൊക്കെ അസിസ്റ്റ് ചെയ്യുമ്പോൾ നമ്മളെപ്പറ്റി ദ്വയാർഥ പ്രയോഗങ്ങൾ നടത്തും. ഡബിൾ മീനിങ്ങുള്ള തമാശകൾ പറയും. ഇതൊക്കെ മനസിലാകുമെങ്കിലും പ്രതികരിക്കാൻ പറ്റില്ല. 25 വർഷങ്ങൾക്ക് മുമ്പാണ് ഇതെല്ലാം അനുഭവിച്ചത്.
താൻ അവരെക്കുറിച്ച് പേരെടുത്ത് പറയാത്തത് അവർക്ക് കുടുംബവും കുട്ടിയും ഒക്കെ ഉള്ളത് കൊണ്ടാണ്. അന്ന് പരാതിപ്പെട്ടപ്പോൾ പ്രതികാര നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്നും കുട്ടികൾ ഇതെല്ലാം അനുഭവിക്കുന്നുണ്ടല്ലോ എന്നത് നിരാശപ്പെടുത്തുന്നു. ഇവിടുത്തെ പരീക്ഷ സംവിധാനങ്ങൾ ആണ് പ്രധാനമായും ഇതിനുള്ള കാരണം. വ്യക്തികളിൽ കേന്ദ്രീകൃതമാണ് അതെല്ലാം. ഇൻറേണൽ മാർക്ക് തരില്ല എന്ന് പറഞ്ഞ്, പരീക്ഷക്ക് പുറത്ത് നിന്ന് വരുന്ന ഡോക്ടറോട് പറഞ്ഞ് തോൽപ്പിക്കും എന്ന് പറഞ്ഞ്, തീസിസ് സൈൻ ചെയ്യില്ല എന്ന് പറഞ്ഞ്, പലരും പല കുട്ടികളെയും കാലാകാലങ്ങളായി പീഡിപ്പിച്ചു വരുന്നുണ്ട്. ഇനി മിണ്ടാതിരിക്കരുത്. ഇവരെ തുറന്നു കാട്ടുക തന്നെ വേണം’’ – സൗമ്യ സരിൻ പറഞ്ഞുവെക്കുന്നു.






