“അഭി തോ സിർഫ് ട്രെയിലർ ഹേ, പിക്ചർ അഭി ബാക്കി ഹേ”-അമേരിക്കയോട് ഷാരൂഖ് ഖാന്റെ കിടിലൻ ഡയലോഗടിച്ച് ഇറാൻ കോൺസുലേറ്റ്; ‘കരുതിയിരുന്നോ ‘ചുവന്ന തേനീച്ചകൾ’ തയ്യാറായി നില്ക്കുന്നു’

വാഷിങ്ടൺ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം ആരംഭിച്ചതിനെ തുടർന്ന്, ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പ്രശസ്ത സിനിമാ സംവാദം ഉദ്ധരിച്ച് അമേരിക്കയ്ക്ക് ഇറാന്റെ മറുപടി. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറലാണ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യത്യസ്തവും ശ്രദ്ധേയവുമായ പ്രതികരണം പങ്കുവെച്ചത്. “അഭി തോ സിർഫ് ട്രെയിലർ ഹേ, പിക്ചർ അഭി ബാക്കി ഹേ” (ഇതൊരു ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ) എന്ന ഷാരൂഖ് ഖാൻ ഡയലോഗിലൂടെയാണ് അമേരിക്കൻ സൈനിക നീക്കങ്ങളെ വെല്ലുവിളിച്ചത്.
പേർഷ്യൻ ഗൾഫിലെ ‘ചുവന്ന തേനീച്ചകൾ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇറാന്റെ അതിവേഗ മിസൈലുകൾ യുദ്ധത്തിനായി സജ്ജമാണെന്ന് കോൺസുലേറ്റ് അറിയിച്ചു. ഇറാന്റെ നാവികസേന തകർന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച അവകാശവാദങ്ങൾക്കിടയിലും, യഥാർത്ഥ കരുത്ത് ലോകം ഉടൻ കാണുമെന്ന് സൂചന നൽകുന്നതാണ് ഈ പ്രതികരണം.
ഹോർമുസ് കടലിടുക്കിലെ ഉപരോധം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങൾ. സിനിമാ സംവാദങ്ങൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള സാമൂഹ്യമാധ്യമ പ്രതികരണങ്ങൾ നടത്തുന്നത് നയതന്ത്ര രംഗത്ത് അപൂർവമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനൊപ്പം, ഉപരോധം നിലനിൽക്കുന്ന ഹോർമുസ് അമേരിക്ക അടച്ചുവെന്ന അവകാശവാദത്തെ പരിഹസിക്കുന്ന ഒരു ഇന്ത്യൻ വിനോദചിത്രവും കോൺസുലേറ്റ് ജനറൽ പങ്കുവെച്ചിട്ടുണ്ട്.






