’രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്’: പി.സി. ജോർജിനും ഷോൺ ജോർജിനും മറുപടിയുമായ് ദീപിക

പാലാ: ബിജെപി നേതാക്കളായ പി.സി. ജോർജിനും മകൻ ഷോൺ ജോർജിനും പരോക്ഷ മറുപടിയുമായി കത്തോലിക്കാ സഭാ മുഖപത്രം ദീപിക. എഫ്സിആർഎയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും വഴങ്ങില്ലെന്നും ഇനിയും പറയേണ്ടിവരുമെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം തുടങ്ങിയ ഭരണകൂടത്തിന്റെ ഭീഷണികൾ ചരിത്രത്തിൽ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്നും ദീപിക പറയുന്നു.
വോട്ടെടുപ്പിന് പിന്നാലെ സഭയ്ക്കെതിരെ പി.സി. ജോർജും മകൻ ഷോൺ ജോർജും രൂക്ഷമായി വിമർശനമുന്നയിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് ചില സ്ഥലങ്ങളിൽ യുഡിഎഫിന് വോട്ട് ചെയ്യാൻ നിർദ്ദേശിച്ചുവെന്നായിരുന്നു പി.സി. ജോർജിന്റെ പ്രധാന ആരോപണം. മെത്രാന്മാർക്ക് പുറമെ സഭയുടെ മുഖപത്രമായ ദീപികയ്ക്കെതിരെയും പി.സി. ജോർജും മകൻ ഷോൺ ജോർജും വിമർശനം ഉന്നയിച്ചിരുന്നു. വിവാദമായ എഫ്.സി.ആർ.എ ബില്ലുമായി ബന്ധപ്പെട്ടും ജോർജ് പ്രകോപനപരമായ പരാമർശം നടത്തിയിരുന്നു. ബില്ലിൽ പ്രതിഷേധമുള്ളവർക്ക് വീട്ടിൽ പോയി ഇരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഈ വിഷയത്തിലാണ് ഇപ്പോൾ കത്തോലിക്ക സഭാ മുഖപത്രം പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
മാർപാപ്പയ്ക്കെതിരേ വിമർശനമുന്നയിച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ചുകൊണ്ടുള്ള മുഖപ്രസംഗത്തിലാണ് പി.സി. ജോർജിനും മകനുമുൾപ്പെടെയുള്ളവർക്ക് പരോക്ഷ വിമർശനമുള്ളത്. “ആഗോള തീവ്രവാദത്തിന്റെയും ഏകാധിപത്യങ്ങളുടെയും ക്രൂരതകൾ യാഥാർഥ്യമാണ്. പക്ഷേ, അതിനെതിരേയുള്ള ചെറുത്തുനിൽപ്പ് എന്തക്രമത്തിനുമുള്ള ബ്ലാങ്ക് ചെക്കല്ല. ഭീഷണി, യുദ്ധക്കൊതിയനായ ട്രംപിന്റേതായാലും വർഗീയതയുടെ ഏജൻറുമാരായ കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ കവലച്ചട്ടമ്പികളായാലും മറക്കരുത്” എന്നും മുഖപ്രസംഗത്തിൽ പറയുന്നു. അമേരിക്കയുടെ യുദ്ധത്തെ മാത്രമല്ല, എല്ലാ യുദ്ധങ്ങളെയും മാർപാപ്പ അപലപിക്കുന്നുണ്ടെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്.
തനിക്ക് അധികാരവും സമ്പത്തും സൈന്യവുമുണ്ട്, ശബ്ദിക്കരുത് എന്നാണ് അർഥം. ഏകാധിപതികൾ കമ്യൂണിസ്റ്റായാലും ഫാസിസ്റ്റായാലും നാസിയായാലും വർഗീയവാദികളായാലും കേരളത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹികളായാലും ഇതേ ചോദ്യമാണ് ആവർത്തിക്കുന്നത്. ആൾക്കൂട്ട വിചാരണ, അടിച്ചമർത്തൽ, അതിനാവശ്യമായ നിയമങ്ങൾ…. തുടങ്ങിയവയൊക്കെ ആവർത്തിക്കുന്പോൾ അത് ബാധിക്കുന്നവർ മിണ്ടാതിരുന്നോളണം. പാർലമെന്റിൽപോലും ചർച്ച ചെയ്യില്ല. അതിനു പകരം അതു ഞങ്ങളങ്ങു നടപ്പാക്കും, നിങ്ങളാരാ ചോദിക്കാൻ, നിങ്ങൾ എത്ര പേരുണ്ട്, ചെറിയ ശതമാനമല്ലേയുള്ളൂ… ഭരണകൂടത്തിന്റെ മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം… ഇങ്ങനെയിങ്ങനെ. ഈ ഭീഷണി ചരിത്രത്തിൽ ആദ്യത്തേതോ അവസാനത്തേതോ അല്ല’, മുഖപ്രസംഗത്തിൽ പറയുന്നു.
‘ലെയോ പാപ്പ ക്രൈസ്തവർക്കുവേണ്ടി മാത്രമല്ല തലയുയർത്തിയത്; എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻവേണ്ടിയാണ്. മനുഷ്യവംശത്തിന്റെ നിലനിൽപ്പിനുവേണ്ടിയാണ്. അതിനു കേരളത്തിലും പ്രസക്തിയുണ്ട്. എല്ലാവർക്കും വേണ്ടിയാണെന്നു പറഞ്ഞു പാസാക്കുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയ ഉദാഹരണങ്ങൾ നിലനിൽക്കേ, എഫ്സിആർഎയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും ഇതുതന്നെ നിലപാട്. ഇനിയും പറയേണ്ടിവരും. രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്’, ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.






