മുപ്പതോളം വിനോദസഞ്ചാരികളുമായി പോയ ബോട്ട് പാലത്തിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, 10 പേർക്ക് ദാരുണാന്ത്യം, അപകടത്തിനു പിന്നിൽ അമിത ഭാരവും അനാസ്ഥയും, യാത്ര ലൈഫ് ജാക്കറ്റില്ലാതെ, അപകടം നടന്നയുടൻ ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ യമുനാ നദിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പത്തുപേർ മുങ്ങിമരിച്ചി. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള കേശി ഘട്ടിലാണ് ദുരന്തം സംഭവിച്ചത്. വൃന്ദാവൻ സന്ദർശിക്കാനെത്തിയ രണ്ട് ബസുകളിലായുള്ള യാത്രാസംഘത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു.
ഏകദേശം 30-ഓളം തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പുഴയ്ക്ക് കുറുകെയുള്ള ഒരു പോണ്ടൂൺ പാലത്തിൽ ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പാലത്തിൽ ഇടിച്ചതിന് പിന്നാലെ ബോട്ട് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട 16–17 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അപകടത്തെത്തുടർന്ന് സൈന്യം, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി, ദേശീയ ദുരന്ത പ്രതികരണ സേനഎന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അതേസമയം അപകടത്തിന് പിന്നിൽ ബോട്ട് ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. വെറും 15 പേരെ മാത്രം കയറ്റാൻ ശേഷിയുള്ള ബോട്ടിൽ അതിന്റെ ഇരട്ടിയിലധികം ആളുകളെ കയറ്റിയതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. അപകടം നടന്നയുടൻ ബോട്ട് ഓടിച്ചിരുന്ന ആൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അപകടം നടക്കുന്ന സമയത്ത് മണിക്കൂറിൽ 31 കിലോമീറ്റർ വേഗതയിൽ കാറ്റുവീശുന്നുണ്ടായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുഴയുടെ മധ്യത്തിലെത്തിയപ്പോൾ കാലാവസ്ഥ പെട്ടെന്ന് മോശമായെന്നും ശക്തമായ കാറ്റിൽ ബോട്ട് ആടാൻ തുടങ്ങിയെന്നും രക്ഷപ്പെട്ട മനോഹർ ലാൽ പറഞ്ഞു. പാലത്തിൽ ഇടിക്കാതിരിക്കാൻ വേഗത കുറയ്ക്കാൻ ബോട്ട് ഓപ്പറേറ്ററോട് തങ്ങൾ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ലെന്ന് മറ്റൊരു ദൃക്സാക്ഷിയായ തനിഷ് ജെയിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
മാത്രമല്ല അപകട സമയത്ത് ബോട്ട് ഓപ്പറേറ്ററോ, യാത്രക്കാരോ ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നില്ല എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. പായലുകൾ നിറഞ്ഞ നദിയിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ബോട്ട് സർവീസ് നടത്താൻ അനുവദിച്ചത് അധികൃതരുടെ വീഴ്ചയാണെന്ന ആരോപണവും ഉയരുന്നുണ്ട്. സമീപത്തുണ്ടായിരുന്ന പ്രാദേശിക മുങ്ങൽ വിദഗ്ധരാണ് അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്.






