Breaking NewsCrimeIndiaKeralaLead NewsNEWSpoliticsReligion

ശബരിമല യുവതീ പ്രവേശനം : സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ രം​ഗത്തിറങ്ങുന്നു; ‘മതാചാരങ്ങളിൽ ഇടപെടാനുള്ള അധികാരം കോടതികൾക്കില്ല‘

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. മതാചാരങ്ങളിൽ ഇടപെടാനുള്ള അധികാരം കോടതികൾക്കില്ലെന്ന വാദമാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാൻ പോകുന്നത്. ഭരണഘടനയുടെ 25(1) അനുച്ഛേദം പ്രകാരം ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളിൽ വ്യക്തികൾക്ക് മാറ്റം വരുത്താനുള്ള അവകാശമില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.

ശബരിമല കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ കേന്ദ്രം ഇതുവരെ എഴുത്തുപരമായ വാദം സമർപ്പിച്ചിട്ടില്ല. എന്നാൽ 2019-ൽ തന്നെ ബെഞ്ച് ഉയർത്തിയ ചോദ്യങ്ങൾക്ക് അനുസരിച്ച് തയ്യാറാക്കിയ വാദങ്ങൾ അടിസ്ഥാനമാക്കി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദം അവതരിപ്പിക്കുമെന്നാണ് സൂചന.

Signature-ad

കേന്ദ്രത്തിന്റെ പ്രധാന വാദങ്ങളിൽ ഒന്നായി, മതാചാരങ്ങളുടെ ശരിതെറ്റുകൾ നിർണ്ണയിക്കുന്നത് കോടതികളുടെ പരിധിയിൽപ്പെടില്ലെന്നതാണ്. ഒരു ആചാരം മതത്തിന്റെ അവിഭാജ്യഘടകമാണോയെന്ന് പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും, പകരം ആ ആചാരം വിശ്വാസികൾ ആത്മാർത്ഥമായി പിന്തുടരുന്നുണ്ടോയെന്ന് മാത്രം പരിശോധിക്കാമെന്നുമാണ് നിലപാട്. ഷിരൂർ മഠം കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കും.

മൗലികാവകാശങ്ങൾ തമ്മിൽ സന്തുലിതത്വം പാലിക്കേണ്ടത് കോടതികളുടെ ഉത്തരവാദിത്വമാണെന്നും, ഒരു അവകാശം മറ്റൊന്നിനുമേൽ മേൽക്കോയ്മ നേടാൻ അനുവദിക്കരുതെന്നും കേന്ദ്രം വാദിക്കും. ഭരണഘടനയിലെ 25, 26 അനുച്ഛേദങ്ങൾ പ്രകാരം മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങൾ, 14-ാം അനുച്ഛേദത്തിലെ ലിംഗസമത്വവുമായി താരതമ്യം ചെയ്ത് പരിശോധിക്കരുതെന്ന പ്രധാന വാദവും മുന്നോട്ടുവയ്ക്കും.

ഹിന്ദു ആരാധനാലയങ്ങളിൽ നിലവിലുള്ള പ്രത്യേക ആചാരങ്ങളെക്കുറിച്ചും കേന്ദ്രം കോടതിയെ അറിയിക്കാൻ സാധ്യതയുണ്ട്. ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല, ചക്കുളത്തുകാവ് ക്ഷേത്രത്തിലെ നാരി പൂജ, പുഷ്കറിലെ ബ്രഹ്മ ക്ഷേത്രത്തിലെ ആചാരങ്ങൾ എന്നിവ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചേക്കും.

മതാചാരങ്ങളിൽ മാറ്റം കൊണ്ടുവരേണ്ടത് സമൂഹവും നിയമനിർമാണസഭയും ചേർന്നാണെന്നും, അതിൽ കോടതികളുടെ ഇടപെടൽ പരിമിതമായിരിക്കണമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വിശദീകരിക്കുമെന്നാണ് വിവരം.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018 ലെ വിധി ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയുടെ പുതിയ ഒമ്പതംഗ ഭരണഘടന ബെഞ്ച് ഏപ്രിൽ ഏഴുമുതൽ പരി​ഗണിയ്ക്കാനിരിക്കുകയാണ്.
അതോടനുബന്ധിച്ചാണ് വിധിയ്ക്കെതിരെയുള്ള കേന്ദ്രസർക്കാറിന്റെ പുതിയനീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: