എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ കടുത്ത അതൃപ്തി, അനുനയന ചർച്ചയ്ക്കും സ്ഥാനാർഥി നിർണയ ചർച്ചകൾക്കും നിൽക്കാതെ കെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ. സുധാകരൻ. ഡൽഹിയിൽ ഇന്നു നടക്കുന്ന സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. തെരഞ്ഞെടുപ്പിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരൻ നേരത്തെതന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ എംപിമാർ മത്സരിക്കുന്നതിൽ സംസ്ഥാനത്ത നേതാക്കൾ ശക്തമായി എതിർത്തിരുന്നു.
കൂടാതെ ഹൈക്കമാൻഡും ഇതുവരെയും ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല. അതേസമയം സുധാകരനെ അനുനയിപ്പിക്കാൻ ഡൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ച നടന്നു വരികയായിരുന്നു. ഇതിനിടെയാണ് സുധാകരൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ളവർ ഡൽഹിയിൽ ഉണ്ട്. എംപിമാരുമായി നേതാക്കൾ ആശയവിനിമയം നടത്തുമെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. സണ്ണി ജോസഫ് മത്സര സന്നദ്ധത അറിയിച്ച എംപിമാരായ കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവരുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
സീറ്റിന്റെ കാര്യത്തിൽ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് അതൃപ്തി വ്യക്തമാക്കി തുടർചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോർട്ട്. അതേസമയം പ്രതിഷേധിച്ചാണോ മടങ്ങുന്നതെന്ന ചോദ്യത്തിന് കെ. സുധാകരൻ പ്രതികരിക്കാൻ തയ്യാറായില്ല. കെ. സുധാകരൻ അടക്കം മൂന്ന് എംപിമാർ കോൺഗ്രസ് നേതൃത്വത്തിന് മുമ്പിൽ മത്സരിക്കാനായി കടുത്ത സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകൾ.






