‘അവള്‍ എന്റെ കര്‍ക്കശക്കാരിയായ വിമര്‍ശക’; ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായ ഭാര്യയെക്കുറിച്ച് വിജയ് പറഞ്ഞത്; വലിയ സുഹൃദ്ബന്ധങ്ങള്‍; ചില്ലറക്കാരിയല്ല സംഗീത; വിജയ് കടുത്ത പ്രതിസന്ധിയിലെന്നും വാര്‍ത്താ ഏജന്‍സി

ചെന്നൈ: വിവാഹേതരബന്ധം ആരോപിച്ച് ഭാര്യ ചെങ്കല്‍പട്ടിലെ ജില്ലാ കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് തമിഴ് സൂപ്പര്‍താരവും തമിഴക വെട്രി കഴകം (ടിവികെ) തലവനുമായ വിജയ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെയാണ് ഏതാനും വര്‍ഷം മുന്‍പ് ഭാര്യ സംഗീതയെക്കുറിച്ച് വിജയ് പറഞ്ഞ വാക്കുകള്‍ വിവാഹമോചന അപേക്ഷയ്ക്കു പിന്നാലെ വീണ്ടും ചര്‍ച്ചയാകുന്നത്.
2022ല്‍ സണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാര്യ സംഗീതയെക്കുറിച്ച് വിജയ് സംസാരിച്ചത്. ‘എന്റെ കര്‍ക്കശക്കാരിയായ വിമര്‍ശക’ എന്നാണ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറുമായുള്ള സംസാരത്തില്‍ വിജയ് ഭാര്യയെ വിശേഷിപ്പിച്ചത്. തന്റെ പ്രഫഷണല്‍ തിരഞ്ഞെടുപ്പുകള്‍ ഭാര്യ സംഗീത സൂക്ഷമായി പിന്തുടരാറുണ്ടെന്നും വിജയ് അന്ന് പറഞ്ഞിരുന്നു. വിജയ് ഒരുപാട് ആളുകളുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോകാറില്ലെന്നും എന്നാല്‍ സംഗീതയുടെ അഭിപ്രായത്തെ മാനിക്കാറുണ്ടെന്നും കാരണം അവള്‍ അവനെ കണിശമായി നിരീക്ഷിക്കുന്നുവെന്നും വിജയുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറും ന്യൂസ് ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
2021 മുതല്‍ വിജയിക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും ഈ ബന്ധംഅവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും വിജയ് അത് തുടര്‍ന്നു എന്നുമാണ് വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിക്കുന്നത്. ഇത് വിശ്വാസവഞ്ചനയ്ക്ക് തുല്യമാണെന്നും അവര്‍ ആരോപിക്കുന്നു. വിവാഹജീവിതം തിരിച്ചെടുക്കാനാകാത്ത വിധം തകരുകയും കടലാസില്‍ മാത്രം നിലനില്‍ക്കുകയും ചെയ്യുന്നു എന്നാണ് സംഗീത വിശേഷിപ്പിച്ചത്. കാല്‍നൂറ്റാണ്ട് പിന്നിട്ട വിജയ്-സംഗീത ദാമ്പത്യത്തില്‍ 25 ഉം 20 ഉം വയസ് പ്രായമായ രണ്ട് മക്കളുമുണ്ട് ദിവ്യ സാഷയും ജേസണ്‍ സഞ്ജയ്യും. 1998ല്‍ യു.കെയില്‍വച്ചാണ് സംഗീത സ്വര്‍ണലിംഗം വിജയുടെ ജീവിതസഖിയായത്. യു.കെയില്‍ ജനിച്ചുവളര്‍ന്ന സംഗീതയുടെ മാതാപിതാക്കള്‍ ശ്രീലങ്കന്‍ തമിഴ് വംശജരാണ്. യു.കെയില്‍ വ്യവസായിയായ പിതാവിന്റെ ശതകോടികള്‍ വരുന്ന സ്വത്തുക്കളുടെ ഏക അവകാശിയായ സംഗീത വിജയ്യുടെ കടുത്ത ആരാധിക ആയിരുന്നു.
1996-ല്‍ ‘പൂവേ ഉനക്കാക’യുടെ വിജയത്തിന് ശേഷം വളര്‍ന്നുവരുന്ന താരമായിരുന്ന കാലത്താണ് ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന സംഗീത വിജയിയെ കാണാനായി മാത്രം ഇന്ത്യയിലെത്തിയത്. ചെന്നൈ ഫിലിംസിറ്റിയില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംഗീതയുടെ സംസാരവും പെരുമാറ്റവും ഇഷ്ടമായ വിജയം ഒരുദിവസം അവളെ വീട്ടിലേക്ക് ക്ഷണിച്ചു. സംഗീതയുടെ ചെന്നൈയിലെ വീട് വിജയ്യുടെ വീടിനടുത്തായിരുന്നു. പിന്നീട് സംഗീതയെ വിജയിയുടെ മാതാപിതാക്കള്‍ക്കും ഇഷ്ടമായതോടെ വിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍ സംഗീതയുടെ പിതാവ് സ്വര്‍ണ്ണലിംഗവുമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് 1998 ജൂലൈ 10 ന് യുകെയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്ത ദമ്പതികള്‍ പിന്നീട് 1999 ഓഗസ്റ്റ് 25 ന് ചെന്നൈയില്‍ വച്ച് ഹിന്ദുമത വിശ്വാസിയായ സംഗീതയുടെ രീതിയില്‍ വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു.
കഴിഞ്ഞ 25 വര്‍ഷവും തന്റെയും മക്കളുടെയും സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നല്‍കിയ കുടുംബിനിയാണ് സംഗീത വിജയ്‌ക്കൊപ്പം നിന്നത്. വിജയ് തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി ഉയര്‍ന്നപ്പോഴും സംഗീത ബിസിനസ് ഭാവി പോലും വിട്ട് കുടുംബിനിയായി സൗമ്യമായ പെരുമാറ്റമുള്ള താരപത്‌നിയായി ഒതുങ്ങിഞ്ഞു. ഒടുവില്‍ തമിഴക വെട്രി കഴകത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വിജയ് ചുവടുവെച്ചതോടെയാണ് ഇരുവരുടെയും കുടുംബജീവിതത്തെക്കുറിച്ച് അതുവരെയില്ലാത്ത ഗോസിപ്പുകള്‍ ശക്തമായത്. എന്നാല്‍ അവയെല്ലാം സ്ഥിരീകരിക്കപ്പെടാത്ത കിംവദന്തികളായി തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് സംഗീതയുടെ വിവാഹമോചന അപേക്ഷയുടെ വാര്‍ത്ത പുറത്തുവന്നത്. വിജയ്‌സംഗീത ദമ്പതികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏതായാലും 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറെടുക്കുന്ന വിജയ്ക്ക് വ്യക്തിപരമായ സംഭവവികാസങ്ങള്‍ നിര്‍ണായകമായേക്കുമെന്ന് തീര്‍ച്ച.
വിജയിയുടെ ഭാര്യ എന്നതിലപ്പുറം സംഗീത തമിഴ്നാട്ടില്‍ വളരെ വലിയ സ്വാധീനമുള്ള വ്യക്തി തന്നെയാണ്. സൂഹൃത്ത് വലയങ്ങള്‍ കൊണ്ടും സമ്പന്നത കൊണ്ടും സംഗീതയും ശക്തയാണ്. ജനിച്ചത് തന്നെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തില്‍. വിജയിയുടെ ഭാര്യ ആകുന്നതിന് മുന്‍പ് തന്നെ കോടികളുടെ സ്വത്തിന് ഉടമയായിരുന്നു സംഗീത. ലണ്ടന്‍ വ്യവസായിയായ ശ്രീലങ്കന്‍ തമിഴ് വംശജന്‍ സ്വര്‍ണ്ണലിംഗത്തിന്റെ മകളാണ് സംഗീത. നിലവില്‍ സംഗീതക്ക് 400 കോടിയിലേറെ സ്വത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ അജിത്തിന്റെ ഭാര്യയും നടിയുമായി ശാലിനി, രവി മോഹനന്റെ ഭാര്യ ആര്‍ത്ഥി രവി തുടങ്ങിയ വലിയൊരു സൂഹൃത്ത് വലയവുമുണ്ട് സംഗീതക്ക്.
#വിജയ്, #സംഗീതവിജയ്, #വിവാഹമോചനം, #തമിഴകവെട്രികഴകം, #സിനിമാവാർത്തകൾ, #തമിഴ്സിനിമ, #വിജയ്സംഗീത, #ബ്രേക്കിംഗ്ന്യൂസ്, #വിജയ്രാഷ്ട്രീയം, #കേരളവാർത്തകൾ
#ThalapathyVijayDivorce, #SangeethaSornalingam, #VijaySangeethaSeparation, #TamilCinemaNews, #TVKVijay, #VijayPoliticalCrisis, #VijaySangeethaLoveStory, #TamilNewsUpdates, #CelebrityDivorceNews, #VijayJasonSanjay






