നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിലുണ്ട് ഇന്ത്യയെ സഹായിച്ചേക്കാവുന്ന അപൂര്‍വ നിധി; ഇത് സ്വര്‍ണമല്ല! ശതകോടികള്‍ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങള്‍! റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ചൈനയുടെ കുത്തക തകര്‍ക്കുമോ ഇ-മാലിന്യ ഇന്ത്യ?
'ഒരു സാധാരണ കോബാള്‍ട്ട് ഖനിയിലെ ഒരു ടണ്‍ പാറയില്‍ 1 മുതല്‍ 2 കിലോ വരെ കോബാള്‍ട്ട് മാത്രം ലഭിക്കുമ്പോള്‍, ഒരു ടണ്‍ ഉപയോഗിച്ച ബാറ്ററി മെറ്റീരിയലില്‍ 50 മുതല്‍ 80 കിലോ വരെ കോബാള്‍ട്ട് അടങ്ങിയിരിക്കാം. ഇത് സാധാരണ ഖനിയേക്കാള്‍ 40 മടങ്ങ് സാന്ദ്രതയുള്ളതാണ്'

ന്യൂഡല്‍ഹി: ലോകത്തേറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ സാന്ദ്രതയുള്ള ഇന്ത്യ, ഇലക്ട്രോണിക് പാഴ് വസ്തുക്കളുടെ കേന്ദ്രമായി മാറുന്നെന്ന പരിദേവനം ഉയരാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. എന്നാല്‍, വീടുകളിലെ മൂലയ്ക്കു പൊടിപിടിച്ചിരിക്കുന്ന പഴയ കേടായ ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണുമൊന്നും അങ്ങനെ കളയേണ്ടവയല്ല. അവ വെറും ഇലക്ട്രോണിക് ജഡങ്ങളല്ല, പകരം ശതകോടികള്‍ വിലമതിക്കുന്ന, ഉയര്‍ന്ന സാന്ദ്രതയുള്ള ധാതു നിക്ഷേപങ്ങളാണ്!
ആറ്റോമിക് പരമാധികാരം
ഇന്ത്യ ആറ്റോമിക് പരമാധികാരത്തിലേക്ക് (Atomic Sovereignty) കുതിക്കുമ്പോള്‍, ഏതൊരു പരമ്പരാഗത ഖനിയേക്കാളും സമ്പന്നമായ കരുതല്‍ ശേഖരത്തിന് മുകളിലാണിരിക്കുന്നതെന്നാണ് ഇന്നു വ്യവസായ ലോകം തിരിച്ചറിയുന്നത്. ഒരു രാഷ്ട്രത്തിന് തന്ത്രപ്രധാനമായ വസ്തുക്കളെ ആറ്റം (അണു) തലത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതിനെയാണ് ‘ആറ്റോമിക് പരമാധികാരം’ എന്നു പറയുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ക്കും അത്യാധുനിക സാങ്കേതിക വിദ്യക്കും ആവശ്യമായ കാന്തങ്ങള്‍, അതിശുദ്ധമായ ലോഹങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണ ഘടകങ്ങള്‍. സ്ട്രാറ്റജിക് ഗ്രേഡ് മെറ്റീരിയല്‍സ് (Strategic-grade materials) എന്ന് ശാസ്ത്രലോകം വിളിക്കും. വിദേശ ശക്തികളെ ആശ്രയിക്കാതെ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്നത് മുതല്‍ അന്തിമ നിര്‍മ്മാണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും പ്രാവീണ്യം നേടുക എന്നതാണ് ആറ്റോമിക് പരമാധികാരം.
നിധിശേഖരം
ഓരോ പഴയ ലാപ്ടോപ്പും ഫോണും ‘അപൂര്‍വ ഭൗമ കാന്തങ്ങളുടെ’ (Rare earth magnets) ഒളിഞ്ഞിരിക്കുന്ന ഖനിയാണ്. യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും ഇലക്ട്രോണിക്സിലും ഇവ ഉപയോഗിക്കുന്നു. നിയോഡീമിയം (Neodymium), സമറിയം (Samarium) എന്നിവയുടെ സങ്കരങ്ങള്‍ ഉപയോഗിച്ചാണ് ഈ കാന്തങ്ങള്‍ നിര്‍മ്മിക്കുന്നത്. സാധാരണ ഇരുമ്പ് കാന്തങ്ങളെ അപേക്ഷിച്ച് ഇവ ചെറുതാണെങ്കിലും അതിശക്തമായ കാന്തിക മണ്ഡലം നല്കാന് കഴിയും.
‘ഒരു സാധാരണ കോബാള്‍ട്ട് ഖനിയിലെ ഒരു ടണ്‍ പാറയില്‍ 1 മുതല്‍ 2 കിലോ വരെ കോബാള്‍ട്ട് മാത്രം ലഭിക്കുമ്പോള്‍, ഒരു ടണ്‍ ഉപയോഗിച്ച ബാറ്ററി മെറ്റീരിയലില്‍ 50 മുതല്‍ 80 കിലോ വരെ കോബാള്‍ട്ട് അടങ്ങിയിരിക്കാം. ഇത് സാധാരണ ഖനിയേക്കാള്‍ 40 മടങ്ങ് സാന്ദ്രതയുള്ളതാണ്’- ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായുള്ള ലിഥിയം-അയണ്‍ ബാറ്ററി നിര്‍മ്മാതാക്കളായ ‘ലോഹം’ (Lohum) എന്ന സ്ഥാപനത്തില്െ റീസൈക്ലിംഗ് വിഭാഗം മേധാവി സയ്യിദ് ഗസന്‍ഫര്‍ അബ്ബാസ് സഫ്വി പറഞ്ഞു.
ഈ ആറ്റങ്ങളെ വീണ്ടെടുത്ത് ഒരു വിദേശ സര്‍ക്കാരിനും തടയാന്‍ കഴിയാത്ത വിതരണ ശൃംഖല കെട്ടിപ്പടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോകത്തിലെ അപൂര്‍വ ഭൗമ മൂലകങ്ങളുടെ 90 ശതമാനവും നിലവില്‍ ചൈനയാണ് ശുദ്ധീകരിക്കുന്നത് എന്നതിനാല്‍ ഇത് നിര്‍ണായകവുമാണ്.
ഒഡീഷയിലെയും കേരളത്തിലെയും തീരങ്ങളില്‍ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ മോണോസൈറ്റ് (Monazite) മണല്‍ നിക്ഷേപം ഇന്ത്യയ്ക്കുണ്ട്. എന്നിട്ടും നമ്മള് ചരിത്രപരമായി അസംസ്കൃത മണല്‍ കയറ്റുമതി ചെയ്യുകയും പകരം പത്തിരട്ടി വിലയ്ക്ക് നിര്‍മ്മിത കാന്തങ്ങള്‍ ഇറക്കുമതി ചെയ്യുകയുമാണ് ചെയ്തിരുന്നത്. മാലിന്യങ്ങളില്‍ നിന്ന് ഈ മൂലകങ്ങളെ വീണ്ടെടുക്കുന്നതാണ് ഈ കുത്തക തകര്‍ക്കാനുള്ള ഏറ്റവും വേഗതയേറിയ വഴി.
എന്താണ് 900 ഡിഗ്രിയിലെ ‘ആറ്റോമിക് റീസെറ്റ്’?
ഇന്ത്യന്‍ ലാബുകള്‍ 900 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉപയോഗിച്ച് കാന്തങ്ങളെ 99.9 ശതമാനം ശുദ്ധിയുള്ളതാക്കി മാറ്റുന്നു. ‘ബൈന്‍ഡറുകള്‍’ എന്നറിയപ്പെടുന്ന പഴയ പശയും അഴുക്കും നീക്കം ചെയ്ത് ശുദ്ധമായ ആറ്റങ്ങളെ വേര്‍തിരിക്കുന്നു.
നിയോഡീമിയം ലോകത്തിലെ ഏറ്റവും ശക്തമായ കാന്തങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, ഡിസ്പ്രോസിയം (Dysprosium) ഒരു താപ കവചമായി പ്രവര്‍ത്തിക്കുന്നു. 900 ഡിഗ്രി സെല്‍ഷ്യസില്‍ കാന്തത്തിനുള്ളില്‍ ആഴത്തിലുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നുവെന്ന് ഗസന്‍ഫര്‍ സഫ്വി വിശദീകരിക്കുന്നു. ഒരു പ്രത്യേക പദാര്‍ത്ഥത്താല്‍ ഒന്നിച്ചു പിടിക്കപ്പെട്ടിരിക്കുന്ന കോടിക്കണക്കിന് ചെറിയ സ്ഫടികങ്ങളായി കാന്തത്തെ സങ്കല്‍പ്പിക്കുക. ഈ താപനിലയില്‍ പദാര്‍ത്ഥം ദ്രാവകമായി മാറുകയും വിള്ളലുകളിലേക്ക് ഒഴുകി കാന്തത്തെ ഉള്ളില്‍നിന്ന് സുഖപ്പെടുത്തുകയും ചെയ്യുന്നു.
എങ്കിലും, കാന്തത്തിന് അതിന്റെ ശക്തി എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന ‘ക്യൂറി പോയിന്റ്’ (Curie Point) എന്ന താപനിലയെക്കുറിച്ച് ശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിയോഡീമിയത്തിന് ഇത് സാധാരണയായി 310 മുതല്‍ 400 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. എന്നാല്‍ 900 ഡിഗ്രി സെല്‍ഷ്യസ് ഇതിലും കൂടുതലാണെങ്കിലും, ശാസ്ത്രജ്ഞര്‍ ഗ്യാസ് പരിരക്ഷിത ചേമ്പറില്‍ അതിവേഗ ചൂടാക്കല്‍ രീതി ഉപയോഗിക്കുന്നതിനാല്‍ ആറ്റങ്ങളെ ബാധിക്കാതെതന്നെ കാന്തങ്ങളെ സംരക്ഷിക്കാന്‍ സാധിക്കുന്നു. കൃത്യതയില്ലെങ്കില് ഇത് കാന്തത്തെ പൊടിയായി മാറ്റുമെന്ന് ഗുരുഗ്രാം ആസ്ഥാനമായുള്ള എക്സിഗോ (Exigo)യിലെ ബിസിനസ് ഹെഡ് രാഹുല്‍ സിംഗ് മുന്നറിയിപ്പ് നല്കുന്നു.
തടസങ്ങള്‍ എന്തൊക്കെയാണ്?
ഇപ്പോഴും വലിയൊരു വിടവ് നിലനില്‍ക്കുന്നുണ്ട്. മുംബൈ ആസ്ഥാനമായുള്ള ക്ലീന്‍-ടെക് സ്റ്റാര്‍ട്ടപ്പായ ലിക്കോ (Lico)യുടെ സിഇഒ ഗൗരവ് ഡോള്വാനി പറയുന്നത്- ‘ഇന്ത്യ നിലവില്‍ മെക്കാനിക്കല്‍ വേര്‍തിരിക്കലും ബാറ്ററി പാക്കിംഗും മാത്രമാണ് ചെയ്യുന്നത്, വിതരണ ശൃംഖലയുടെ മധ്യഘട്ടങ്ങള്ക്കുള്ള സാങ്കേതികവിദ്യ ഇല്ല ‘ എന്നാണ്.
ഉപകരണങ്ങള്‍ തകര്‍ത്ത് പ്ലാസ്റ്റിക്കും ലോഹവും വേര്‍തിരിക്കുന്ന ലളിതമായ പ്രക്രിയയാണ് മെക്കാനിക്കല്‍ സെപ്പറേഷന്‍. ഇറക്കുമതി ചെയ്ത സെല്ലുകള്‍ ഒരു കെയ്സിനുള്ളില്‍ അടുക്കി വെക്കുന്നതാണ് ബാറ്ററി പാക്കിംഗ്. എന്നാല്‍ ‘ലോഹം’ ഈ വിടവ് നികത്തിയതായി അവകാശപ്പെടുന്നു. 2025 അവസാനത്തോടെ ഗ്രേറ്റര്‍ നോയിഡയില്‍ ഇന്ത്യയിലെ ആദ്യത്തെ സംവിധാനം ഉദ്ഘാടനം ചെയ്തു.
വെറുതെ ഉപകരണങ്ങള്‍ തകര്‍ക്കുന്നതിന് പകരം, ഹൈഡ്രോമെറ്റലര്ജിക്കല് ലീച്ചിംഗിലൂടെ ബാറ്ററി ഗ്രേഡ് ലിഥിയം, കോബാള്‍ട്ട്, നിക്കല്‍ ലവണങ്ങള്‍ എന്നിവ വേര്തിരിച്ചെടുക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. എങ്കിലും, വ്യവസായത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും ‘ബ്ലാക്ക് മാസ്’ (Black Mass) മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ലിഥിയം, കോബാള്‍ട്ട് തുടങ്ങിയവ അടങ്ങിയ കറുത്ത പൊടിയാണിത്. ഈ പൊടിയുടെ ശുദ്ധീകരിച്ച രൂപത്തിന് ഇന്ത്യയില്‍ നിലവില്‍ വിപണിയില്ല എന്നതാണ് ഏറ്റവും വലിയ തടസം. ഈ ശുദ്ധീകരിച്ച ലോഹങ്ങള്‍ ഉപയോഗിച്ച് പുതിയ ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള വന്‍കിട ഫാക്ടറികള്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ പല റീസൈക്ലര്മാരും ഇവ കയറ്റുമതി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.
റീസൈക്ലിംഗ് ഇന്ത്യയുടെ ആഗോള ശക്തിയെ എങ്ങനെ നിര്‍വചിക്കുന്നു?
ആത്യന്തികമായി, ആറ്റോമിക് പരമാധികാരം എന്നാല്‍ നിയന്ത്രണമാണ്. ഇന്ത്യ ഈ മുഴുവന്‍ ശൃംഖലയിലും പ്രാവീണ്യം നേടുമ്പോള്‍, വാങ്ങുന്നയാള്‍ എന്ന നിലയില്‍ നിന്ന് നിര്‍മ്മാതാവ് എന്ന നിലയിലേക്ക് രാജ്യം മാറും.
പഴയ ഹാര്‍ഡ് ഡ്രൈവ് കാന്തത്തെ പുതിയ ഒന്നാക്കി മാറ്റുന്നതിലൂടെ, നമ്മുടെ പാഴ് വസ്തുക്കള്‍ സൂക്ഷിച്ച ഡ്രോയറുകള്‍ ദേശീയ സുരക്ഷാ ആസ്തികളാണെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തെളിയിക്കുന്നു. ഇന്ത്യയില്‍ ശുദ്ധീകരിക്കപ്പെടുന്ന ആറ്റങ്ങള്‍ രാജ്യത്തിന്റെ ഭാവിക്ക് കരുത്തുപകരാന്‍ ഇവിടെ തന്നെ നിലനില്‍ക്കുന്ന ഒരു ആഭ്യന്തര നിര്‍മ്മാണ ശൃംഖല കെട്ടിപ്പടുക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.
#AtomicSovereignty, #IndiaTech, #ElectronicWaste, #RareEarthMagnets, #Sustainability, #RecyclingRevolution, #Lohum, #CleanTech, #MadeInIndia, #UrbanMining, #SmartPhones, #LithiumIon, #GreenIndia, #DigitalIndia, #ResourceRecovery, #IndianScience, #CircularEconomy, #KeralaNews, #NationalSecurity, #Innovation






