മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്ത് വിജിലന്‍സ്; കേസില്‍ കുറ്റപത്രം ഉടന്‍

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യംചെയ്തു. എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് നടപടി.
2016-ൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേർത്ത് വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തത്. ആകെ അഞ്ച് പ്രതികളാണ് കേസിൽ ഉള്ളത്. അന്വേഷണം വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അന്ന് വിജിലൻസ് എസ്പി ആയിരുന്ന എസ്.ശശിധരനെ സ്ഥലം മാറ്റിയിരുന്നു എങ്കിലും, പരാതിക്കാരുടെ ആവശ്യപ്രകാരം, ശശിധരൻ തന്നെ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എം.എൻ.സോമൻ, സ്റ്റേറ്റ് കോഓർഡിനേറ്റർ കെ.കെ.മഹേശൻ കെഎസ്ബിസിഡിസി മുൻ എംഡി ദിലീപ്കുമാർ തുടങ്ങിയവരാണ് പ്രതികൾ. മൈക്രോ ഫിനാൻസ് സ്കീമിനായി 2003 മുതൽ 2014 വരെ സർക്കാർ എട്ടുതവണയായി അനുവദിച്ച 15.85 കോടി രൂപ ദുർവിനിയോഗം ചെയ്തെന്നാണു കേസ്.






