ഇന്ത്യയെ പുഷ്പം പോലെ തോൽപിക്കാവുന്നതേയുള്ളു!! പിഴവുകൾ കുറച്ചാൽ കളിയുടെ അവസാന ചിരി നമ്മുടേത്!! തുടക്കത്തിൽ ആക്രമണം ഒഴിവാക്കുക, പവർപ്ലേകളിൽ അനാവശ്യ റിസ്കുകൾ വേണ്ട, തുടക്കത്തിൽ വിക്കറ്റുകൾ കൊഴിഞ്ഞാലും തിരിച്ചുവരാനുള്ള ഗഡ്സ് ടീമിനുണ്ട്, – അഫ്രിദി

ഇസ്ലാമാബാദ്: ടി20 ലോകകപ്പ് 2026-ൽ ഈ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന് മുന്നോടിയായി ടീമിന് മുൻ പാക് നായകൻ ഷാഹിദ് അഫ്രീദിയുടെ നിർണായക ഉപദേശം. സൽമാൻ അലി ആഗെ നയിക്കുന്ന പാക് ടീം ഇന്ത്യക്കെതിരെ സമാധാനവും കൃത്യതയും പാലിക്കണമെന്ന് അഫ്രിദി പറയുന്നു
ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലും കുറച്ച് പിഴവുകൾ ചെയ്യുന്ന ടീമിനായിരിക്കും ഹൈ- പ്രഷർ മത്സരത്തിൽ വിജയം സ്വന്തമാക്കാനാകുക. തുടക്കത്തിൽ അതിയായ ആക്രമണാത്മക സമീപനം ഒഴിവാക്കി അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അതുപോലെ നിലവിലെ പാക്കിസ്ഥാൻ ടീമിന് മികച്ച സ്ക്വാഡ് ഡെപ്ത് ഉണ്ടെന്നും, തുടക്കത്തിൽ വിക്കറ്റ് നഷ്ടപ്പെട്ടാലും തിരിച്ചുവരാനുള്ള കഴിവ് ടീമിനുണ്ടെന്നും അഫ്രിദി വിലയിരുത്തി. നമ്പർ എട്ട് വരെ വലിയ ഷോട്ടുകൾ കളിക്കാൻ കഴിവുള്ള താരങ്ങൾ ടീമിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ടോപ്പ് ഓർഡർ 15 മുതൽ 16 ഓവർ വരെ നിലനിൽക്കുകയാണെങ്കിൽ, അവസാന ഓവറുകളിൽ പവർ ഹിറ്റർമാർക്ക് ആക്രമണം ശക്തമാക്കി മത്സരയോഗ്യമായ സ്കോർ നേടാനാകുമെന്നാണ് അഫ്രിദിയുടെ അഭിപ്രായം. പവർപ്ലേയിൽ അനാവശ്യ റിസ്കുകൾ ഒഴിവാക്കി സ്കോർ ബോർഡ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഓപ്പണർമാർ നിർണായക പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇരു ടീമുകളും ശക്തമായ ലൈനപ്പുകളുമായാണ് മത്സരത്തിന് ഇറങ്ങുന്നത്. ഈ പോരാട്ടത്തിൽ കൃത്യത പാലിക്കുന്ന ടീമാണ് അവസാന ചിരി ചിരിക്കുകയെന്നും അഫ്രിദിയുടെ വിലയിരുത്തൽ.






