Breaking NewsCrimeIndiaLead NewsNEWS

സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് കൈവിരലുകൾ അറ്റു, മുറിഞ്ഞുപോയ വിരലുകൾ വേസ്റ്റ് ബിന്നിലിട്ട് സ്കൂൾ അധികൃതർ… കുട്ടിയെ ആശുപത്രിയിലെത്തിച്ചത് രക്ഷിതാക്കൾ വന്നശേഷം, സമയം കഴിഞ്ഞതിനാൽ വിരലുകൾ തുന്നിച്ചേർക്കാനാവില്ലെന്ന് ആശുപത്രി അധികൃതർ!! രക്ഷിതാക്കളുടെ പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്

ബെംഗളൂരു: സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് വിരലുകളറ്റു. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ അറ്റ വിരലുകൾ അധ്യാപകർ തൂത്തുവാരി മാലിന്യക്കുട്ടയിലുപേക്ഷിച്ചു. തുമകൂരു ജില്ലയിലെ ഗുലുരു ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം.

വിദ്യാർഥിനി ഉച്ചഭക്ഷണത്തിനായി വരിനിൽക്കുമ്പോഴാണ് ഇരുമ്പുവാതിലിൽ കുടുങ്ങി വിരലുകളറ്റത്. ഇതോടെ കുട്ടി വേദനകൊണ്ട് ഉച്ചത്തിൽ കരഞ്ഞെങ്കിലും അധ്യാപകർ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല.പകരം രക്ഷിതാക്കളെ വിളിച്ച് വിവരം അറിയിച്ചു. രക്തസ്രാവം അധികമായതോടെ മുറിവ് തുണികൊണ്ട് കെട്ടി. തുടർന്ന് അറ്റ രണ്ടുവിരലുകൾ തൂത്തുവാരി മാലിന്യക്കുട്ടയിലുപേക്ഷിക്കുകയായിരുന്നു. ഫെബ്രുവരി 11-ന് നടന്ന സംഭവം രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് പുറത്തറിയുന്നത്.

Signature-ad

കുട്ടിയുടെ കൈമുറിഞ്ഞതായി സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കളെത്തിയാണ് കുട്ടിയെ തുമകൂരു ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ചികിത്സയുടെ നിർണായകസമയം കഴിഞ്ഞതിനാൽ വിരലുകൾ തുന്നിച്ചേർക്കാൻ പറ്റില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അതുപോലെ വിരലുകൾ സൂക്ഷിച്ച് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ വിരലുകൾ തുന്നിച്ചേർക്കാൻ കഴിയുമായിരുന്നുവെന്നും ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു. ഇതോടെ രക്ഷിതാക്കൾ തുമകൂരു റൂറൽ പോലീസിൽ പരാതിനൽകി.

അടിയന്തര ശുശ്രൂഷ നൽകേണ്ട സമയത്ത് അശ്രദ്ധയും വിവേകശൂന്യതയും കാണിച്ചതിനും വിദ്യാർഥിനിക്ക് വൈദ്യസഹായം ലഭ്യമാക്കാത്തതിലും സ്കൂൾ പ്രഥമാധ്യാപകൻ നാഗേഷ്, അധ്യാപകരായ രേണുകമ്മ, വെങ്കിടേഷ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്തപ്പ എന്നിവരുടെ പേരിൽ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: