Breaking NewsKeralaLead NewsNEWSNewsthen SpecialSocial MediaTRENDING

‘സച്ചിദാനന്ദന്‍ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി; അഥവാ, ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച’: കാലാവധി കഴിഞ്ഞയാള്‍ തുടരുന്നു, എനിക്ക് നോട്ടീസ് പോലും ഇതുവരെ ലഭിച്ചിട്ടില്ല: രൂക്ഷ വിമര്‍ശനവുമായി പ്രേംകുമാര്‍

തിരുവനന്തപുരം: ആശ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ തനിക്കൊരു നോട്ടീസ് പോലും നല്‍കാതെ ഒഴിവാക്കിയെന്നും ആശാ സമരത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടും കാലാവധി കഴിഞ്ഞ സച്ചിദാനന്ദന്‍ ആ സ്ഥാനത്തു തുടരുന്നത് ഇരട്ടനീതിയെന്ന് വിമര്‍ശിച്ച് ചലച്ചിത്രകാരന്‍ പ്രേംകുമാര്‍.

മനുഷ്യസ്‌നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തിന്റെ മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ ‘ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവില്‍ നിരാഹാര സമരം ചെയ്യുന്ന ‘ആശാവര്‍ക്കര്‍മാരായ സഹോദരിമാരെയും’ നാം ഓര്‍ക്കേണ്ടതല്ലേയെന്ന’ തീര്‍ത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് – ആശാസമരം പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ് – എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞത്.

Signature-ad

സച്ചിദാനന്ദന്‍ മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ലെന്നും പ്രേം കുമാര്‍ ഫേസ്ബുക്കില്‍ എഴുതി.

പോസ്റ്റിന്റെ പൂര്‍ണരൂപം

 

സച്ചിദാനന്ദന്‍ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി.
അഥവാ, ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച

ചില കാര്യങ്ങള്‍ അങ്ങനെയാണ്. എത്ര ആലോചിച്ചാലും അതിനു പിന്നിലെ യുക്തി നമുക്ക് മനസ്സിലാകില്ല. ഐഎഫ്എഫ്‌കെയുടെ മുപ്പതാം എഡിഷന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയായിരുന്നു ഒരുഭാഗത്ത്. സംസ്ഥാന സിനിമ അവാര്‍ഡിന്റെ നിര്‍ണയം ജൂറി മാരുടെ ചൂട് പിടിച്ച ചര്‍ച്ചകളുമായി മറ്റൊരുഭാഗത്ത്. അക്കാദമിയുടെ നിരവധിയായ മറ്റു പരിപാടികളും പ്രവര്‍ത്തനങ്ങളും വേറൊരുഭാഗത്ത്. ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ എന്നനിലയില്‍ ഇതിനെല്ലാം മേല്‍നോട്ടം വഹിച്ചും നേതൃത്വം നല്‍കിയും എന്റെ ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച കര്‍മനിരതമായ നാളുകള്‍. സിനിമാ നയരൂപീകരണ സമിതി അംഗം എന്ന നിലയില്‍ നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നു.
അപ്പോള്‍

ഇത്തവണത്തെ സിനിമാഅവാര്‍ഡ് പ്രഖ്യാപനത്തിന്റെ കൃത്യം തലേ ദിവസം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഞാന്‍ പുറത്താകുന്നു. ഒരാളോടും ഒരു നന്ദി പോലും പറയാന്‍ അവസരം നല്‍കാതെ പുറത്താക്കുന്നു. ഇത്ര ധൃതി പിടിച്ചു തിടുക്കപ്പെട്ട് എന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ചലച്ചിത്രമേഖലയും സാംസ്‌കാരികപ്രവര്‍ത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം എന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു.

ഒരവസരത്തില്‍ സാംസ്‌കാരിക മന്ത്രി പോലും അക്കാദമി ചെയര്‍മാനെന്ന നിലയില്‍ ‘പ്രേംകുമാറിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്ന്’ പരസ്യമായി പ്രകീര്‍ത്തിക്കുകയുണ്ടായി. ആ എന്റെ പ്രവര്‍ത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീര്‍ത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസ്സാരമായാണ് അലിഞ്ഞില്ലാതായത്. ഔദ്യോഗികസ്ഥാനത്ത് തികഞ്ഞ ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും സത്യസന്ധതയോടുമുള്ള എന്റെ കര്‍മനിരത ഒരു കുറ്റമാണോ? എന്ന് പിന്നീട് ഞാന്‍ സന്ദേഹിയായി.

മാസങ്ങള്‍ക്കുമുമ്പ്- മനുഷ്യസ്‌നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തിന്റെ മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ ‘ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവില്‍ നിരാഹാര സമരം ചെയ്യുന്ന ‘ആശാവര്‍ക്കര്‍മാരായ സഹോദരിമാരെയും’ നാം ഓര്‍ക്കേണ്ടതല്ലേയെന്ന’ തീര്‍ത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് – ആശാസമരം പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ് – എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞു.

ചെയര്‍മാന്‍ സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ എനിക്കു ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ, ക്ഷണമോ എനിക്ക് ലഭിച്ചതുമില്ല.

ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം. കേരള സാഹിത്യഅക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല.

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധിയൊക്കെ എന്നേ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതും തുടരാനനുവദിക്കുന്നതും, സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ ആയിരുന്ന എനിക്ക് ഇല്ലാത്ത എന്തോ അപാരമായ – അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷിനുണ്ടെന്നതോന്നലുളവാക്കുന്നു. അത് എന്നെ ശരിക്കും അത്ഭുതപെടുത്തുന്നു. ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നത്.

വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദന്‍ മാഷിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്? എന്ന ചോദ്യം ബാക്കിയാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന മുദ്രാവാക്യം സവിശേഷവിഭാഗത്തിനു മാത്രമായി സംവരണം ചെയ്തുപോയോ എന്ന് ന്യായമായും സംശയിക്കാം. കുറച്ചുപേര്‍ക്ക് ഒരു നീതി മറ്റു ചിലര്‍ക്ക് വേറൊരു നീതി എന്ന നിര്‍വചനം ഏതു നീതിദേവതയുടേതാവും ? വിശ്വപ്രസിദ്ധനായ ഏണസ്റ്റ് ഹെമിങ് വെയുടെ ‘കിഴവനും കടലും’ എന്ന നോവലിലെ ‘കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല’ എന്ന ആ പ്രസിദ്ധമായ വാക്യം ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ഒട്ടും യാദൃശ്ചികമല്ല. സാമാന്യനീതിയെന്നത് ഏതൊരാള്‍ക്കും അവകാശപ്പെട്ടതാണല്ലോ.

പ്രേംകുമാര്‍
മുന്‍ ചെയര്‍മാന്‍
കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: