സംസ്ഥാനം പനിയുടെ പിടിയിൽ, പ്രതിദിനം ചികിത്സ തേടിയെത്തുന്നത് 6500 ഓളം പേർ!! ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2.66 ലക്ഷം പനി കേസുകൾ, പലർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ, ഉടൻ ചികിത്സിച്ചെല്ലെങ്കിൽ കാത്തിരിക്കുന്നത് ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ- ആരോഗ്യ വിദഗ്ദർ

തിരുവനന്തപുരം: സംസ്ഥാനം പനിയുടെ പിടിയിലേക്കെന്ന് സൂചന. പ്രതിദിനം 6500 ഓളം പേരാണ് ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തുന്നത്. ഈ വർഷം മാത്രം 2.66 ലക്ഷം പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പനി കഴിഞ്ഞാലും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ ഭൂരിഭാഗം പേർക്കുമെന്നാണ് റിപ്പോർട്ട്. റസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു കാരണക്കാർ. കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ ഇതു വഴിയൊരുക്കാമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. എന്നാൽ ഇതിനു പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്തിയിട്ടില്ല.
പനിയോ, ജലദോഷമോ വന്നാൽ തുടക്കത്തിൽ തന്നെ ആന്റി വൈറൽ ചികിത്സ തേടണമെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡിനു ശേഷം വൈറൽ രോഗങ്ങളെ തുടർന്നുള്ള ന്യുമോണിയ കൂടുതൽ അപകടകാരിയായി മാറിയതും സ്ഥിതി ആശങ്കാജനകമാകുന്നു. സ്വന്തം നിലയ്ക്കു മരുന്നുകൾ വാങ്ങിക്കഴിക്കുകയും രോഗാവസ്ഥ കടുക്കുമ്പോൾ മാത്രം ചികിത്സ തേടുകയും ചെയ്യുന്നത് സെക്കൻഡറി ഇൻഫെക്‌ഷനിലേക്കു നയിക്കും. ചുമ കടുത്താൽ എക്സ്റേ, പൾമനറി ഫങ്ഷൻ ടെസ്റ്റ് തുടങ്ങിയ രോഗ നിർണയ മാർഗങ്ങൾ തേടേണ്ടിവരും. മൂന്നാഴ്ച പിന്നിട്ടും ചുമ രൂക്ഷമായി തുടർന്നാൽ പൾമനോളജിസ്റ്റിനെ കാണിക്കുന്നതു നല്ലത്. സ്വന്തം നിലയ്ക്കു കഫ് സിറപ്പ് വാങ്ങിക്കഴിക്കുന്നത് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക.
(കടപ്പാട്: ഡോ.എ.ഫത്താഹുദീൻ, ഗവ.മെഡിക്കൽ കോളജ്, തിരുവനന്തപുരം, ഡോ. റെന്നിസ് ഡേവിസ് കിഴക്കേപീടിക, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തൃശൂർ)






