ലൈഫ് പദ്ധതി പ്രകാരം വീടു വെക്കാൻ സർക്കാർ സഹായം ലഭിച്ചിട്ടും ജാതിയുടെ പേരിൽ വീടു വെക്കാനാവാതെ വലഞ്ഞ് ആലപ്പുഴ പല്ലനയിലെ പട്ടിക ജാതി കുടുംബം. പട്ടിക ജാതിക്കാരെ ഇവിടെ വീടുവെക്കാനനുവദിക്കില്ലെന്ന സമീപവാസികളുടെ വാശിയാണ് ചിത്രയെയും കുടുംബത്തെയും വലയ്ക്കുന്നത്. പക്ഷാഘാതം വന്ന് തളർന്ന് കിടപ്പിലായ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ഷീറ്റുപയോഗിച്ച് നിർമ്മിച്ച ഷെഡിലാണ് ഇവർ നിലവിൽ കഴിയുന്നത്.
പട്ടിക ജാതി വകുപ്പിന്റെ പുനരധിവാസ പാക്കേജിലൂടെ കഴിഞ്ഞ വർഷം ഇവർക്ക് അഞ്ച് സെന്റ് സ്ഥലം വീടു നിർമ്മിക്കാൻ ലഭിച്ചു. എന്നാൽ ഭൂമി ലഭിച്ച് എട്ട് മാസം കഴിഞ്ഞിട്ടും തറക്കല്ല് പോലും ഇടാൻ ഇവർക്കായില്ല. വീടു പണിക്ക് മെറ്റലും സിമന്റ് കട്ടയും കൊണ്ട് വന്ന വണ്ടി സമീപത്തെ വീട്ടുകാർ തടഞ്ഞു. വണ്ടി കത്തിക്കുമെന്ന ഭീഷണിയെത്തുടർന്ന് വണ്ടിക്കാർ വഴിയരികിൽ സാധനമിറക്കി പോയി. വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും ചിത്രയ്ക്കും കുടുംബത്തിനും സംരക്ഷണം ലഭിച്ചില്ല.
പഞ്ചായത്ത് റോഡിലൂടെ ഗ്യാസ് സിലിണ്ടർ കൊണ്ടു പോവാൻ പോലും ഇവരെ അനുവദിക്കുന്നില്ല. കിടപ്പിലായ ഭർത്താവിന് ആംബുലൻസ് ആവശ്യം വന്നാൽ അത് പോലും സമീപ വാസികൾ കടത്തി വിടില്ലെന്ന് ചിത്ര ഭയക്കുന്നു. കയർ പിരിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് ചിത്ര കുടുംബം നയിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയാണ് ചിത്രയുടെ മകൻ. അഞ്ചാം ക്ലാസിലാണ് മകൾ പഠിക്കുന്നത്