‘ഇതും പബ്ലിസിറ്റി സ്റ്റണ്ട് ആണോ രാജീവ് ചന്ദ്രശേഖര്‍? പി.ആര്. ആണോ പ്രതിപക്ഷ നേതാവേ?’ ഒരു പത്രവും ഈ വാര്‍ത്ത കൊടുത്തില്ല; ഇകഴ്ത്താന്‍ മത്സരിച്ച വിദഗ്ധരും അറിഞ്ഞിട്ടില്ല; നേര് നിലനില്ക്കും, നേരു മാത്രമേ നിലനില്‍ക്കൂ; സര്‍ക്കാര്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്നു: എം.ബി. രാജേഷ്

തൃശൂര്‍: തങ്ങള്‍ വിശ്വസിക്കുന്നത് പി ആറില്‍ അല്ല, പ്രവൃത്തിയിലാണെന്നും, ആ പ്രവൃത്തിക്ക് കിട്ടുന്ന അംഗീകാരത്തില്‍ അസഹിഷ്ണുത കാണിച്ചതുകൊണ്ടോ പരിഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ ചൂണ്ടിക്കാട്ടി മന്ത്രി എംബി രാജേഷ്. കേരളത്തിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ ദേശീയമാതൃകയായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സുപ്രധാന രേഖയായ എക്കണോമിക് സര്‍വേ വാഴ്ത്തുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇനി രാജീവ് ചന്ദ്രശേഖര്‍ എന്തുപറയുമെന്നറിയാന്‍ അതിയായ കൌതുകമുണ്ട്. ഇതും പബ്ലിസിറ്റി സ്റ്റണ്ട് ആണോ മിസ്റ്റര്‍ രാജീവ് ചന്ദ്രശേഖര്‍? ഇതും പിആര്‍ ആണോ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവേ? ഇന്നത്തെ ഒരു ദിനപത്രത്തിലും കേരളത്തിന് അഭിമാനം നല്കുന്ന ഈ വാര്‍ത്ത ഇടംപിടിച്ചതേയില്ല. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ ഇകഴ്ത്താനും പരിഹസിക്കാനും മത്സരിച്ച വിദഗ്ധരും അവരെ പിന്തുണച്ച മാധ്യമങ്ങളും ടെലിവിഷന്‍ അവതാരകരും ഇത് അറിഞ്ഞ മട്ടേ നടിക്കുന്നില്ല.
സാമൂഹ്യമായ മുന്‍കൈയോടെ കേരളം അതിദാരിദ്രരെ ശാസ്ത്രീയമായും സമഗ്രമായും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ കുടുംബത്തെയും അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പ്രത്യേക മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി. അടിസ്ഥാന രേഖകളും, ഭക്ഷണവും, ആരോഗ്യ സുരക്ഷയും തുടങ്ങി എല്ലാ രീതിയിലും ഈ കുടുംബങ്ങളെ സര്‍ക്കാര്‍ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. പദ്ധതിക്ക് നേതൃത്വം നല്കിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും പങ്ക് റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.അതായത് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളൊന്നും വെറും അവകാശവാദങ്ങളായിരുന്നില്ല എന്ന് കേന്ദ്രസര്‍ക്കാരിന്റെ ആധികാരിക രേഖ തന്നെ ഇപ്പോള്‍ സമ്മതിക്കുകയാണ്. ഞങ്ങള്‍ക്ക് ഇതിലൊട്ടും അത്ഭുതമില്ല.
കാരണം അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി സാര്‍വദേശീയ തലത്തില്‍ നേരത്തെ തന്നെ അംഗീകരിക്കപ്പെട്ടതാണ്. വിഖ്യാതമായ ദി ഇക്കണോമിസ്റ്റ് വാരിക കവര്‍ സ്റ്റോറിയിലൂടെയാണ് അതിദാരിദ്ര്യ മുക്ത പദ്ധതിയുടെ മികവിനെ അഭിനന്ദിച്ചത്. കേരളം ഇന്ത്യയുടെ വികസന ചാമ്പ്യനാണെന്നും, ലോകത്ത് സ്കാന്‍ഡനേവ്യന്‍ രാജ്യങ്ങള്‍ എങ്ങിനെയാണോ അതുപോലെയാണ് ഇന്ത്യയില്‍ കേരളമെന്നും ദി ഇക്കോണമിസ്റ്റ് കേരളത്തെ പ്രകീര്‍ത്തിച്ചത് കേരളവിരുദ്ധര്‍ക്കൊന്നും സഹിച്ചില്ല. അത് പിആര്‍ ആണെന്ന് പറയാനുള്ള വിവരദോഷവു തൊലിക്കട്ടിയും ഇവിടെ പലര്‍ക്കുമുണ്ടായി.
240 വര്‍ഷത്തെ പാരമ്പര്യമുള്ള ലണ്ടന്‍ ടൈംസ് അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് കൊടുത്ത തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘Indian state Kerala banishes extreme poverty to the pages of history’ കേരളം അതിദാരിദ്ര്യത്തെ ചരിത്രത്തിന്റെ പേജുകളിലേക്ക് നാടുകടത്തിയെന്ന്. അതിനെയും പരിഹസിക്കാന്‍ ഇക്കൂട്ടര്‍ മുന്നിലുണ്ടായിരുന്നു. ലോകബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്ന മലയാളി കൂടിയായ വിനോദ് തോമസ് ബ്രൂക്കിംഗ്സിലെഴുതിയ ലേഖനം പറഞ്ഞത്, കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പദ്ധതി ഇന്ത്യയ്ക്കോ മൂന്നാം ലോക രാജ്യങ്ങള്‍ക്കോ മാത്രമല്ല വികസിത-സമ്പന്ന രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന പദ്ധതിയാണ് എന്നാണ്.
സിംഗപ്പൂര്‍ ടൈംസ് ഉള്‍പ്പെടെ വേറെയും ഒട്ടേറെ വിഖ്യാതമായ ആഗോള മാധ്യമങ്ങളും ദേശീയമാധ്യമങ്ങളും പ്രാധാന്യത്തോടെയാണ് കേരളത്തിന്റെ നേട്ടത്തെ പ്രചരിപ്പിച്ചത്. അതിനെല്ലാം നേരെ കണ്ണടച്ച് ഇരുട്ടാക്കുകയും പരിഹസിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ സ്വയം പരിഹാസ്യരായിരിക്കുന്നു. ഞങ്ങള്‍ വസ്തുതകളേ പറയാറുള്ളൂ. അത് ഇന്നല്ലെങ്കില്‍ നാളെ അംഗീകരിക്കപ്പെടും, എതിര്‍ക്കുന്നവര്‍ക്കും അംഗീകരിക്കേണ്ടി വരും. നേര് നിലനില്ക്കും, നേര് മാത്രമേ ആത്യന്തികമായി നിലനില്‍ക്കൂ.- മന്ത്രി എംബി രാജേഷ് വ്യക്തമാക്കുന്നു.






