‘കാര്‍ വാങ്ങിക്കോളൂ, ഒപ്പം ഒരു തുണ്ട് ഭൂമികൂടി വാങ്ങുക; ഭൂമി കുടുംബത്തിന്റെ സ്വത്തായി മാറുന്നു’; എന്‍ജിനീയറായി തുടങ്ങി ബില്‍ഡറും ഏവിയേഷന്‍ രംഗത്തുംവരെ; 2005ല്‍ തുടങ്ങിയ ജൈത്രയാത്ര; 12 റോള്‍സ് റോയ്‌സ് സ്വന്തമാക്കിയ കാര്‍ ഭ്രാന്ത്; വെടിയുതിര്‍ത്തു മരിച്ച സി.ജെ. റോയ് ബിസിനസുകാരുടെ പാഠപുസ്തകം

ബംഗളുരു: ‘ഒരു കാര്‍ വാങ്ങുക, പക്ഷേ ഒരു ചെറിയ കഷ്ണം ഭൂമി കൂടി വാങ്ങുക. ഭൂമി കുടുംബത്തിന്റെ സമ്പത്തായി മാറുന്നു’- ശതകോടികള്‍ ആസ്തിയുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ വളര്‍ച്ചയിലേക്ക് നയിച്ചത് നിക്ഷേപത്തിലെ ഈ കരുതലായിരുന്നു.
ബെംഗളൂരുവിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഇന്‍കം ടാക്‌സ് (ഐടി) റെയ്ഡ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ സി.ജെ. റോയ്, നിര്‍മ്മാണ മേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, വിനോദം, വിദ്യാഭ്യാസം, റീട്ടെയില്‍ മേഖലകളില്‍ വെന്നിക്കൊടി പാറിച്ച ബില്‍ഡറായിരുന്നു. കൊച്ചി സ്വദേശിയായ അദ്ദേഹം വളര്‍ന്നത് ബെംഗളൂരുവിലാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരി. നേരത്തെ എച്ച്.പിയില്‍ പ്ലാനിംഗ് മാനേജരായി ജോലി ചെയ്തിരുന്നു. പിന്നീട് സൂറിച്ചിലെ എസ്.ബി.എസ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടി. നിര്‍മ്മാണ-റിയല്‍ എസ്റ്റേറ്റ് മേഖലകളിലേക്ക് കടക്കുന്നതിന് മുമ്പ് ഫോര്‍ച്യൂണ്‍ 100 കമ്പനികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കോര്‍പ്പറേഷനുകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2005-ല്‍ ആറ് പങ്കാളികളുമായി ചേര്‍ന്ന് 100 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിലാണ് അദ്ദേഹം കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപിച്ചത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച കമ്പനി പിന്നീട് കര്‍ണാടകയിലും കേരളത്തിലും നിരവധി റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ ആരംഭിച്ചു. ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിരവധി നൂതന ആശയങ്ങള്‍ അവതരിപ്പിച്ചതിന്റെ ഖ്യാതി റോയിക്കും കോണ്‍ഫിഡന്റ് ഗ്രൂപ്പിനുമാണ്. പാര്‍പ്പിട പദ്ധതികളില്‍ നാല് വശങ്ങളിലും വെന്റിലേഷന്‍ ഉറപ്പാക്കുന്ന രീതിയും, ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പുകള്‍ക്കുള്ളില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മ്മിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
കടബാധ്യതകളില്ലാതെ ബിസിനസ് ചെയ്യുക എന്നതായിരുന്നു തന്റെ നയമെന്ന് വിവിധ അഭിമുഖങ്ങളില്‍ റോയ് വ്യക്തമാക്കിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് പുറമെ, പ്രശസ്തമായ ഒരു റിയാലിറ്റി ഷോയിലെ വിജയിക്ക് കോണ്‍ഫിഡന്റ് ഗ്രൂപ്പ് അപ്പാര്‍ട്ട്‌മെന്റ് സമ്മാനമായി നല്‍കിയതോടെയാണ് റോയ് പൊതുജനമധ്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം ‘കാസനോവ’ ഉള്‍പ്പെടെയുള്ള മലയാള സിനിമകളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. ഭാവന നായികയാകുന്ന ‘അനോമി’ (അിീാശല) ആണ് അദ്ദേഹത്തിന്റെ അവസാനമായി നിര്‍മ്മിച്ച ചിത്രം. 2017-ല്‍ സ്ലൊവാക് റിപ്പബ്ലിക്കിന്റെ ഹോണററി കോണ്‍സലായി റോയിയെ നിയമിച്ചിരുന്നു. ബെംഗളൂരുവില്‍ ആരംഭിച്ച കോണ്‍സുലേറ്റില്‍ കോണ്‍സുലര്‍ ഓഫീസറായി സേവനമനുഷ്ഠിക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.

ആഡംബര കാറുകളോടുള്ള കമ്പം
ആഡംബര-സ്‌പോര്‍ട്‌സ് കാറുകളോടുള്ള താല്പര്യത്തിന് റോയ് പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫാന്റം-8 ഉള്‍പ്പെടെ 12 റോള്‍സ് റോയ്‌സ് കാറുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ബുഗാട്ടി വെയ്റോണ്‍, കൊയിനിഗ്‌സെഗ് അഗേര, ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി എന്നിവയും മക്ലാരന്‍, ഫെരാരി തുടങ്ങിയ ബ്രാന്‍ഡുകളുടെ വിവിധ മോഡലുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു.
താനൊരു കാര്‍ പ്രേമിയാണെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന റോയിയുടെ ഈ താത്പര്യം 25-ാം വയസ്സിലാണ് ആരംഭിച്ചത്. ഇന്ത്യയിലും ദുബായിലുമുള്ള തന്റെ ഗാരേജുകളിലെ വാഹനശേഖരം അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു.
വാഹനങ്ങളോടുള്ള അദ്ദേഹത്തിന്റെ വൈകാരിക ബന്ധം വെളിപ്പെടുത്തുന്നത് ആയിരുന്നു തന്റെ ആദ്യ വാഹനമായ മാരുതി 800മായി ബന്ധപ്പെട്ട സംഭവം. 1994-ലാണ് അദ്ദേഹം ആ കാര്‍ വാങ്ങിയത്. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം മാരുതി എസ്റ്റീം വാങ്ങുന്നതിനായി അത് വിറ്റു. പതിറ്റാണ്ടുകള്‍ക്ക് ശേഷം, അതിന്റെ വൈകാരിക മൂല്യം കണക്കിലെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ തിരച്ചില്‍ നടത്തി 10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ആ കാര്‍ തിരികെ വാങ്ങിയത്.
ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, മാരുതി 800 തന്റെ ആദ്യത്തെ പ്രധാന വ്യക്തിഗത നേട്ടമായിരുന്നുവെന്നും അക്കാലത്ത് ഇന്ത്യന്‍ റോഡുകളിലെ മികച്ച കാറുകളില്‍ ഒന്നായിരുന്നു ഇതെന്നും റോയ് അനുസ്മരിച്ചു. വാഹനം കണ്ടെത്താന്‍ സഹായിച്ചതിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഈ തിരിച്ചു വാങ്ങലിനെ ഒരു സാമ്പത്തിക തീരുമാനത്തേക്കാള്‍ ഉപരി വൈകാരികമായ ഒരു നാഴികക്കല്ലായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
താന്‍ കാറിനായി ചിലവാക്കിയ അത്രയും തുകയ്ക്ക് 90-കളില്‍ ഭൂമി വാങ്ങിയിരുന്നെങ്കില്‍ അതിന് ഇന്ന് കോടികള്‍ വിലയുണ്ടാകുമായിരുന്നു എന്ന് റോയ് പിന്നീട് ചിന്തിച്ചു. ‘1994-ല്‍ ഞാന്‍ 1.10 ലക്ഷം രൂപയ്ക്കാണ് ആ കാര്‍ വാങ്ങിയത്. അന്ന് ആ തുകയ്ക്ക് സര്‍ജാപൂരില്‍ രണ്ടേക്കര്‍ ഭൂമി ലഭിക്കുമായിരുന്നു. ഇന്ന് സര്‍ജാപൂരിലെ രണ്ടേക്കര്‍ ഭൂമിക്ക് 20 കോടി രൂപയിലധികം വിലമതിക്കും,’ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ‘ഒരു കാര്‍ വാങ്ങുക, പക്ഷേ ഒരു ചെറിയ കഷ്ണം ഭൂമി കൂടി വാങ്ങുക. ഭൂമി കുടുംബത്തിന്റെ സമ്പത്തായി മാറുന്നു,’ എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ച ‘ഡോട്ട്.കോം’ പ്രതിസന്ധിയുടെ കാലത്തും കടരഹിത ബിസിനസിലൂടെ മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പിനു സാധിച്ചിരുന്നു. ബെംഗളൂരുവില്‍ 3,000 കോടിയുടെ സയണ്‍ ഹില്‍സ് ഗോള്‍ഫ് കൗണ്ടി പദ്ധതി ഒരു രൂപ പോലും കടമില്ലാതെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പൂര്‍ത്തിയാക്കിയത്. പറഞ്ഞുറപ്പിച്ച സമയത്തിനകം കൈമാറാത്ത ഒരു റസിഡന്‍ഷ്യല്‍ പദ്ധതിപോലും കോണ്‍ഫിഡന്റ് ഗ്രൂപ്പിനില്ലെന്നും അതാണ് ഗ്രൂപ്പിനെ മറ്റ് കമ്പനികളില്‍നിന്നു വേറിട്ടുനിര്‍ത്തുന്നതെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.
റിയല്‍ എസ്റ്റേറ്റ് രംഗത്ത് തുടങ്ങിയ കോണ്‍ഫിഡന്റ് ഗ്രൂപ്പിന് നിലവില്‍ വിദ്യാഭ്യാസം, ഗോള്‍ഫിങ്, ബില്‍ഡിങ് മെറ്റീരിയലുകളുടെ റീട്ടെയ്ല്‍ ആന്‍ഡ് ഇന്റര്‍നാഷനല്‍ ട്രേഡിങ്, വിനോദം, ഹോസ്പിറ്റാലിറ്റി മേഖലകളിലും സാന്നിധ്യമുണ്ട്. കോണ്‍ഫിഡന്റ് റസിഡന്‍ഷ്യല്‍ പദ്ധതിക്ക് കീഴില്‍ വരുന്നത് ലൈഫ്‌സ്‌റ്റൈല്‍ പ്ലസ്, കോണ്‍ഫി ലക്‌സ്, സ്‌മൈല്‍ ഹോംസ് എന്നിവയാണ്. കോണ്‍ഫിഡന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരിലാണ് വിനോദരംഗത്തെ സാന്നിധ്യം. ഹോസ്പിറ്റിലാറ്റി ബിസിനസുകള്‍ കോണ്‍ഫിഡന്റ് ഹോസ്പിറ്റാലിറ്റി വിഭാഗത്തിന് കീഴിലും. നിലവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന് 200ലേറെ പദ്ധതികളും 23,000 ലേറെ ഉപഭോക്താക്കളുമുണ്ട്. റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റെറ) പ്രാബല്യത്തില്‍വന്നശേഷം മാത്രം 70ലേറെ പദ്ധതികളാണ് ഗ്രൂപ്പ് പൂര്‍ത്തീകരിച്ചത്.

ആതുരസേവന രംഗത്ത് എന്നും മുന്‍പന്തിയില്‍ ഡോ. റോയിയെ കേരളം കണ്ടു. കേരളം ഏതാനും വര്‍ഷംമുന്‍പ് നേരിട്ട മഹാപ്രളയാനന്തരം പൂര്‍ണമായും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെലവില്‍ അദ്ദേഹം 100 വീടുകള്‍ പ്രളയബാധിതര്‍ക്ക് നിര്‍മിച്ച് കൈമാറിയിരുന്നു. 100ലേറെ ഹൃദയശസ്ത്രക്രിയകള്‍ക്കും അദ്ദേഹം സഹായം നല്‍കി. കാന്‍സര്‍ രോഗികള്‍ക്ക് ഉള്‍പ്പെടെയും സഹായം നല്‍കുന്നു. നിര്‍ധന കുടുംബങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും അദ്ദേഹം ലഭ്യമാക്കിയിരുന്നു.
കഴിഞ്ഞ ജൂണില്‍ 201 കുട്ടികള്‍ക്ക് ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്ന ചടങ്ങില്‍ ഡോ.റോയ് പറഞ്ഞതിങ്ങനെ – ”ഇത് കോര്‍പറേറ്റ് സഹായ പദ്ധതിയല്ല. സ്വന്തം കുടുംബത്തിന്റെ ഫണ്ടില്‍ നിന്നെടുത്ത തുകയാണ് ഈ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കുന്നത്. ഓരോ കുട്ടിക്കും സഹായം ചെയ്യുമ്പോള്‍ അതു നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്കായുള്ള നിക്ഷേപമാണ്. പഠിക്കാന്‍ മിടുക്കുള്ള ഒരു കുട്ടി പോലും അവസരമോ പണമോ ഇല്ലാത്തതിന്റെ പേരില്‍ പിന്നാക്കം പോകാന്‍ പാടില്ല. അതുകൊണ്ടാണ് കുടുംബത്തിന്റെ ഫണ്ടില്‍ നിന്നുള്ള പണം തന്നെ സ്‌കോളര്‍ഷിപ്പായി നല്‍കണമെന്നു ചിന്തിച്ചത്’- റോയ് പറഞ്ഞു.






